കുളത്തിൽ വെള്ളമുണ്ട്, പമ്പിങ് സൗകര്യമില്ല; കൃഷിയിറക്കാനാവാതെ കർഷകർ
text_fieldsവേങ്ങര: വലിയോറ പൂക്കളം പൊറ്റമ്മലിൽ 1997ൽ നിർമിച്ച വലിയ കുളത്തിൽ ആവശ്യത്തിലേറെ വെള്ളമുണ്ട്. പക്ഷെ, കർഷകർക്ക് വയലിൽ കൃഷിയിറക്കാൻ തുള്ളി വെള്ളം ലഭിക്കാൻ വഴിയില്ല. പമ്പിങ് സൗകര്യമില്ലാത്തതാണ് കർഷകരെ കുഴക്കുന്നത്.
വലിയോറ അരീക്കത്തോട്ടിലെ വെള്ളത്തെ ആശ്രയിച്ചാണ് നേരത്തെ ഞാറ്റടി ഒരുക്കിയിരുന്നത്. എന്നാൽ, മഴ കുറഞ്ഞതിനാൽ തോട് വറ്റി. ഇതോടെ വലിയോറപ്പാടത്തെ കർഷകർ പ്രതിസന്ധിയിലായി. അതേസമയം, പ്രദേശത്തെ നെൽകൃഷിക്കായി പൂക്കളം പൊറ്റമ്മലിൽ നിർമിച്ച കുളവും പമ്പ് ഹൗസും നോക്കുകുത്തിയായി കിടക്കുകയാണ്. കൃഷിയാവശ്യത്തിന് ഗ്രാമപഞ്ചായത്ത് നവീകരിച്ച കുളത്തിൽ യഥേഷ്ടം വെള്ളമുണ്ട്. നേരത്തെ വയലിൽ കാർഷിക ജലസേചനത്തിന് അഞ്ച് എച്ച്.പിയുടെ മോട്ടോറും പമ്പ് ഹൗസും സ്ഥാപിച്ച് ജലസേചന സൗകര്യമൊരുക്കിയിരുന്നു. 2012 വരെ കർഷകർ ഈ സൗകര്യമുപയോഗിച്ചാണ് കൃഷിയിറക്കിയിരുന്നത്. വർഷങ്ങളോളം വൈദ്യുതി ബില്ല് അടക്കാത്തതിനെ തുടർന്ന് കുടിശ്ശികയാവുകയും കെ.എസ്.ഇ.ബി വൈദ്യുതി വിച്ഛേദിക്കുകയും മീറ്റർ എടുത്തു കൊണ്ടുപോവുകയുമായിരുന്നു. കർഷകരിൽ ചിലർ സ്വന്തം മോട്ടോർ സ്ഥാപിച്ചും തൊട്ടടുത്ത അരീക്കത്തോട്ടിലെ ജലത്തെ ആശ്രയിച്ചുമാണ് കൃഷിയിറക്കിയിരുന്നത്.
ഇക്കുറി മഴ കുറഞ്ഞതും ഞാറ്റടി ഒരുക്കുന്നതിന് മുമ്പേ തോട് വറ്റിയതുമാണ് ദുരിതമായത്. ഒരാഴ്ചക്കകം മഴ ലഭിച്ചില്ലങ്കിൽ പലർക്കും മുണ്ടകൻ കൃഷിയിറക്കാൻ കഴിയാത്ത സ്ഥിതിയുണ്ടാവും.
ഞാറ്റടി ഒരുക്കിയവർ വലിയ വിലയ്ക്ക് പെട്രോൾ വാങ്ങിയാണ് മോട്ടോർ പ്രവർത്തിപ്പിക്കുന്നത്. ഈ നില അധികം തുടരാൻ കഴിയില്ലെന്ന് കർഷകർ പറയുന്നു. ഗ്രാമപഞ്ചായത്ത് അധികൃതരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും ഇടപെട്ട് വൈദ്യുതി പുനഃസ്ഥാപിച്ച് നിലവിലെ മോട്ടോർ പ്രവർത്തിപ്പിക്കാൻ സൗകര്യമൊരുക്കണമെന്നതാണ് കർഷകരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.