കനാലിന്റെ അശാസ്ത്രീയ നവീകരണം: കർഷകർ മുഖ്യമന്ത്രിക്ക് പരാതിയയച്ചു
text_fieldsവേങ്ങര: പാതക്ക് നടുവിലൂടെ ചാലു കീറി കനാൽ നവീകരിക്കാനുള്ള നീക്കം കൃഷിയിടങ്ങളിലേക്ക് കൊയ്ത്തുമെതി യന്ത്രം പോലുള്ളവ കൊണ്ടുവരാൻ പ്രയാസമുണ്ടാക്കുമെന്ന് കർഷകർ. പരാതിയുമായി പാടശേഖര സമിതി മുഖ്യമന്ത്രിക്ക് കത്തയച്ചു.
വലിയോറ പാടശേഖരത്തിലെ തേർക്കയം പാടശേഖര സമിതിയാണ് കൃഷിയിടങ്ങളിലേക്ക് കാർഷിക യന്ത്രങ്ങളിറക്കാൻ പ്രയാസമുണ്ടാക്കുന്ന തരത്തിൽ കനാൽ നവീകരിക്കുന്നതിനെതിരെ രംഗത്ത് വന്നത്. തേർക്കയം പമ്പ് ഹൗസിൽനിന്ന് വലിയോറപ്പാടത്തേക്ക് ജലം പമ്പ് ചെയ്യുന്ന കിഴക്കേ കനാലിന്റെ 65 മീറ്ററോളം വരുന്ന ഭാഗത്തെ നവീകരണമാണ് കർഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്.1500 മീറ്ററാണ് മൊത്തം കനാൽ പാതയുടെ നീളം. ഇതിൽ 1200 മീറ്ററും നവീകരണം നടന്നു. ബാക്കിയുള്ള 300ൽ 65 മീറ്ററാണിപ്പോൾ നവീകരിക്കുന്നത്. ആറ് മീറ്റർ വീതിയുള്ള പാതക്കരികിലൂടെ കോൺക്രീറ്റ് ചാല് നിർമിച്ച് അതിലൂടെ ജലം പമ്പ് ചെയ്യുകയായിരുന്നു ഇത്രയും കാലം. പുതുതായി നവീകരിക്കുന്ന 65 മീറ്ററിൽ ഇത് സാധ്യമല്ലെന്നാണ് ജലസേചനവകുപ്പ് പറയുന്നത്. സൈഡിൽ നിന്ന് മുക്കാൽ മീറ്ററിലധികം വിട്ടതിന് ശേഷമേ കനാൽ കെട്ടാവൂ എന്നും പറയുന്നു. അങ്ങനെ വന്നാൽ നിലവിലുള്ള കനാൽ പാതക്ക് നടുവിലൂടെ മാത്രമേ ജലമൊഴുക്ക് സാധ്യമാവൂ. ഇതുവഴി കൊയ്ത്ത് മെതി യന്ത്രമടക്കം പാടത്തേക്ക് കൊണ്ടുപോവാൻ പറ്റാത്ത അവസ്ഥയുണ്ടാകുമെന്നും പാടശേഖര സമിതി ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.