കോടികൾ ചെലവഴിച്ച ആശുപത്രി കെട്ടിടം നോക്ക്കുത്തി; വർഷങ്ങളായി കിടത്തി ചികിത്സയുമില്ല
text_fieldsവേങ്ങര : കോടികൾ ചെലവഴിച്ചു വേങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തിനു വേണ്ടി നിർമിച്ച ബഹുനില കെട്ടിടം ഉപയോഗിക്കാനാവാതെ നോക്കുകുത്തിയായി മാറിയിട്ട് വർഷങ്ങൾ. കെട്ടിട നിർമാണത്തിന് വേണ്ടി 2015ൽ കോടികളുടെ ഫണ്ട് അനുവദിക്കുകയും ഒമ്പത് ഡോക്ടർമാരെ നിയമിക്കുകയും ചെയ്തു. കിടത്തി ചികിത്സ ഉണ്ടായിരുന്ന പഴയ കെട്ടിടം, പുതിയ കെട്ടിട നിർമാണത്തിനായി പൊളിക്കേണ്ടി വന്നതിനാൽ കിടത്തി ചികിത്സ മുടങ്ങി.
അതിനിടെ കോവിഡ് രോഗികൾക്കായി ആശുപത്രി തുറന്നു കൊടുത്തെങ്കിലും പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞ സാഹചര്യത്തിൽ കോവിഡ് ചികിത്സയും നിർത്തിവെച്ചു. വേങ്ങര, പറപ്പൂർ, ഊരകം, കണ്ണമംഗലം, എ. ആർ. നഗർ ഗ്രാമപഞ്ചായത്തുകളിലെ പാവങ്ങളുടെ ആശ്രയ കേന്ദ്രമായിരുന്ന വേങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തിന്‍റെ പുതിയ കെട്ടിടം, ആയിരക്കണക്കിനു വരുന്ന സാധാരണക്കാർക്ക് തുറന്നു കൊടുക്കണമെന്ന ആവശ്യം ശക്തമാണ്. രോഗചികിത്സക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് പൊതുജനം.
ഇപ്പോൾ ആശുപത്രിയിൽ ആധുനിക ലാബ് സൗകര്യം, ലക്ഷങ്ങൾ മുടക്കി ആധുനിക സൗകര്യങ്ങളോടെയുള്ള എക്സ്റേ യൂനിറ്റ് എന്നിവ തുടങ്ങിയിട്ടുണ്ട്. എന്നാൽ സ്റ്റാഫ് നഴ്‌സ്, ക്ലീനിങ് സ്റ്റാഫ് എന്നിവരുടെ അഭാവമാണ് ആവശ്യത്തിന് ഡോക്ടർമാരുള്ള ഈ ആശുപത്രിയിൽ കിടത്തി ചികിത്സ തുടങ്ങാതിരിക്കുന്നതിനു കാരണമായി ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്. വലിയ സൗകര്യങ്ങൾ ഒന്നും ഇല്ലാത്ത കാലത്ത് ശിശു രോഗ ചികിത്സക്കും, പ്രസവചികിത്സക്കും പേര് കേട്ട ആശുപത്രിയായിരുന്നു വേങ്ങര സാമൂഹികാരോഗ്യ കേന്ദ്രം.
വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ആയിരക്കണക്കിന് വരുന്ന സാധാരണ ജനങ്ങൾക്ക് ഏകാവലംബമായ ഈ കമ്യൂണിറ്റി ഹെൽത്ത് സെൻറർ നിലവിലുള്ള കെട്ടിട സൗകര്യങ്ങളും അനുബന്ധ ലാബ് എക്സ്-റേ സൗകര്യങ്ങളും ഉപയോഗപ്പെടുത്തി ജനങ്ങൾക്ക് പൂർണമായ തോതിൽ ഉപകാരപ്പെടുന്നതിന് സ്ത്രീരോഗ വിഭാഗം, എല്ലുരോഗ വിഭാഗം, ശിശു രോഗ വിഭാഗം തുടങ്ങിയവയിൽ മതിയായ ഡോക്ടർമാരെ നിയമിച്ച് ആശുപത്രിയിൽ ഐ.പി സൗകര്യങ്ങൾ യാഥാർഥ്യമാക്കി ജനങ്ങളുടെ ആവലാതികൾക്ക് പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.