കൊളപ്പുറത്ത് സ്ഥലം കണ്ടെത്തി: വേങ്ങര ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ യാഥാർഥ്യമാവുന്നു
text_fieldsവേങ്ങര: മണ്ഡലത്തിന് അനുവദിച്ച ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ സ്ഥാപിക്കാൻ കൊളപ്പുറത്ത് സ്ഥലം കണ്ടെത്തി. വർഷങ്ങൾക്കു മുമ്പ് സ്റ്റേഷൻ അനുവദിച്ചിരുന്നെങ്കിലും സ്ഥലം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
എ.ആർ നഗറിൽ കുന്നുംപുറം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ വളപ്പിൽ സ്റ്റേഷൻ സ്ഥാപിക്കാൻ ശ്രമം നടന്നെങ്കിലും വികസന പാതയിലുള്ള ആശുപത്രി കെട്ടിടവളപ്പ് മറ്റു ആവശ്യങ്ങൾക്ക് വിട്ടുനൽകാൻ ആരോഗ്യ വകുപ്പ് തയാറായിരുന്നില്ല.
കൊളപ്പുറം തിരൂരങ്ങാടി റോഡിൽ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള സ്ഥലത്താണ് സ്റ്റേഷൻ കെട്ടിടം സ്ഥാപിക്കാൻ സാങ്കേതിക അനുമതി ലഭിച്ചത്. കെട്ടിടവും മറ്റു അനുബന്ധ സൗകര്യങ്ങളും ഏർപ്പെടുത്താൻ 2,95,00,000 രൂപയുടെ ഭരണാനുമതി നൽകിയിരുന്നു.
എ.ആർ നഗർ, കണ്ണമംഗലം, വേങ്ങര, പെരുവള്ളൂർ, നെടിയിരിപ്പ് പഞ്ചായത്തുകളിൽ താമസിക്കുന്ന സാധാരണ ജനങ്ങൾ ചികിത്സ തേടിയെത്തുന്ന ആതുര ചികിത്സ സംവിധാനമായ കുന്നുംപുറം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഭൂമിയിൽ സ്റ്റേഷൻ നിർമിക്കാനാണ് ഗ്രാമപഞ്ചായത്ത് അധികൃതർ ശ്രമിച്ചിരുന്നത്.
അവകാശവാദവുമായി സി.പി.എം
വേങ്ങര: കുന്നുംപുറം കുടുംബാരോഗ്യ കേന്ദ്രം വളപ്പിൽനിന്ന് സി.പി.എം ഇടപെടൽ മൂലമാണ് ഫയർ ആൻഡ് റസ്ക്യൂ സ്റ്റേഷൻ കൊളപ്പുറത്തേക്ക് മാറ്റി സ്ഥാപിക്കാൻ തീരുമാനമായതെന്ന് സി.പി.എം നേതാക്കൾ അവകാശപ്പെട്ടു. കുന്നുംപുറം ആശുപത്രിയുടെ വളർച്ചയിലൂടെ ചില സ്വകാര്യ ആശുപത്രികൾ തകർച്ച നേരിടുമെന്ന് മനസ്സിലാക്കിയാണ് ചില തൽപരകക്ഷികൾക്ക് വേണ്ടി ഈ ആശുപത്രിയെ തകർക്കുന്നതിന് ആശുപത്രി വളപ്പിൽ തന്നെ ഫയർ സ്റ്റേഷൻ കൊണ്ടുവരാൻ പഞ്ചായത്ത് അടക്കം തീരുമാനിച്ചതെന്ന് യോഗം ആരോപിച്ചു. കുന്നുംപ്പുറം ഫാമിലി ഹെൽത്ത് സെന്റർ, സി.എച്ച്.സിയായി ഉയർത്തണമെന്നും, ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ കെട്ടിട നിർമാണ പ്രവൃത്തി കൊളപ്പുറത്ത് ആരംഭിക്കണമെന്നും എ.ആർ. നഗർ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ ഇ. വാസു അധ്യക്ഷത വഹിച്ചു.
ഡോ. കെ.ടി. അബദുസ്സമദ്, അഹമ്മദ് പാറമ്മൽ, കെ.പി. സമീർ, പി.കെ. അലവി, ടി. മുജീബ്, വി.ടി. മുഹമ്മദ് ഇഖ്ബാൽ, എം. നവാസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.