വേങ്ങരയിലെ ഗൃഹനാഥന്റെ മരണം കൊലപാതകമെന്ന് സംശയം
text_fieldsവേങ്ങര: വീടിന് സമീപത്തെ കുളത്തിൽ ഗൃഹനാഥനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം. പ്രദേശം കേന്ദ്രീകരിച്ച് പൊലീസ് നിരവധി പേരെ ചോദ്യം ചെയ്തു. വേങ്ങര താഴെഅങ്ങാടി ചളിയിടവഴി കൊട്ടേക്കാട്ട് കരിവേപ്പില് അബ്ദുറഹ്മാനെയാണ് (ഇപ്പു -75) കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
പുലര്‍ച്ച കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വീട്ടുവളപ്പില്‍തന്നെ 40 മീറ്റര്‍ അകലെ കുളത്തില്‍ രാവിലെ ഏഴരയോടെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിലും തലയിലും മുറിപ്പാടുകളും രക്തക്കറയും ഉണ്ടായിരുന്നത് ദുരൂഹത വർധിപ്പിച്ചിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൊലപാതകമാണെന്ന നിഗമനത്തിലെത്തുകയായിരുന്നു.
ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണും ചെരിപ്പുകളും കുളത്തിൽ കണ്ടെത്തിയിരുന്നു. വീട്ടിൽ ഉപയോഗിക്കുന്ന വസ്ത്രങ്ങളും ചെരിപ്പുമാണ് ധരിച്ചിരുന്നത്. വിശ്വസ്തനായ ഒരാൾ രാത്രി പുറത്തിറങ്ങാൻ പ്രേരിപ്പിച്ചിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ്. 25ലധികം പേരെ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്.
അടുത്ത ബന്ധുക്കൾ, ഡ്രൈവർമാർ, പണമിടപാടുകാർ, സ്ഥലം ബ്രോക്കർമാർ എന്നിവരടക്കമുള്ളവരെയാണ് ചോദ്യംചെയ്തത്. മൊബൈല്‍ ഫോണ്‍ വിദഗ്ധസംഘം പരിശോധന നടത്തി. തിങ്കളാഴ്ച വൈകീട്ട് ആറിനുശേഷം ഈ നമ്പറിലേക്ക് കോള്‍ വന്നതായി വിവരം ലഭിച്ചിട്ടില്ല. മലപ്പുറം അഡീഷനല്‍ എസ്.പി. പ്രദീപ് കുമാര്‍ സ്ഥലം സന്ദര്‍ശിച്ച് അന്വേഷണം വിലയിരുത്തി. വേങ്ങര എസ്.എച്ച്.ഒ എം. മുഹമ്മദ് ഹനീഫക്കാണ് അന്വേഷണ ചുമതല.
അന്വേഷണം ഊർജിതമാക്കണം -പി.കെ. കുഞ്ഞാലിക്കുട്ടി
വേങ്ങര: കരിവേപ്പിൽ അബ്ദുറഹിമാന്റെ ദുരൂഹമരണം സംബന്ധിച്ച് അന്വേഷണം ഊർജിതമാക്കണമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ ആവശ്യപ്പെട്ടു. പരേതന്റെ വീട് സന്ദർശിച്ച് കുടുംബാംഗങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബത്തിന് നീതി ലഭ്യമാക്കുകയും ആശങ്ക അകറ്റുകയും ചെയ്യണമെന്ന് അദ്ദേഹം ജില്ലയുടെ ചുമതല വഹിക്കുന്ന പാലക്കാട് എസ്.പിയോട് ഫോണിലൂടെ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.