വേങ്ങര ടൗൺ;അനധികൃത ഓട്ടോ പാർക്കിങ്ങിനും വഴിയോര കച്ചവടത്തിനും പൂട്ട്
text_fieldsവേങ്ങര: വേങ്ങര ടൗണിലെ ഗതാഗതക്കുരുക്കിനിടയാക്കുന്ന അനധികൃത ഓട്ടോ പാർക്കിങ്ങിനും വഴിയോരക്കച്ചവടത്തിനും തടയിടാൻ നടപടിയുമായി വേങ്ങര ഗ്രാമപഞ്ചായത്ത്. ഇതിന്റെ ഭാഗമായി മലപ്പുറം-പരപ്പനങ്ങാടി സംസ്ഥാന പാതയിലടക്കം റോഡിന്റെ ഇരുപുറവുമുള്ള വഴിയോര കച്ചവടം പൂർണമായി നിയന്ത്രിക്കും. അനധികൃത ഓട്ടോ പാർക്കിങിനെതിരെ പൊലീസ് സഹകരണത്തോടെ നടപടികളെടുക്കും. നിലവിൽ ടൗണിലുള്ള വഴിയോര കച്ചവടക്കാർക്കും ഓട്ടോകൾക്കും ടൗണിൽ സ്വകാര്യ വ്യക്തി സൗകര്യപ്പെടുത്തി നൽകിയ സ്ഥലത്തേക്ക് ജനുവരി ഒന്നിന് മുമ്പ് മാറാൻ സമയം അനുവദിക്കും.
അനധികൃത ഷെഡുകളിൽ വ്യാപാരം നടത്തുന്നവർക്ക് അത് ക്രമവത്കരിക്കാൻ അവസരം നൽകി മുഴുവൻ അനധികൃത വ്യാപാരസ്ഥാപനങ്ങളും അടച്ചുപൂട്ടാൻ നടപടി സ്വീകരിക്കും. ഇത് സംബന്ധമായി പഞ്ചായത്ത് ഹാളിൽ ചേർന്ന പഞ്ചായത്ത് ഭരണ സമിതി, രാഷ്ട്രീയ പാർട്ടി, വ്യാപാരി സംഘടന പ്രതിനിധി സംയുക്ത യോഗത്തിൽ പ്രസിഡന്റ് കെ.പി. ഹസീന ഫസൽ അധ്യക്ഷത വഹിച്ചു.
ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സലിം അഞ്ചുകണ്ടൻ, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൻ ഹസീന ബാനു, വ്യാപാരി വ്യവസായി പ്രതിനിധികളായ പി. അസീസ് ഹാജി, എം.കെ. സൈനുദ്ദീൻ ഹാജി, എം.എ. അസീസ്, കെ.എം. ഗണേഷൻ, പാക്കട സൈദു, സി. കുട്ടിമോൻ, കെ.വി. ഉമ്മർകോയ, വടേരി കരീം, അസിസ്റ്റന്റ് സെക്രട്ടറി സ്മിത എന്നിവർ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൻ ആരിഫ മടപ്പള്ളി സ്വാഗതവും സീനിയർ ക്ലർക്ക് രാജലക്ഷ്മി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.