ഇന്ന് ഭിന്നശേഷി ദിനം; സഹതാപം വേണ്ട, ചേർത്തുനിർത്തണം -അലൻ രാജ്
text_fieldsവേങ്ങര: ജൻമനാ സെറിബ്രൽ പാൾസി ബാധിതനാണ് ഒതുക്കുങ്ങൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ ഹ്യുമാനിറ്റീസ് ഒന്നാം വർഷ വിദ്യാർഥി അലൻ രാജ്. രോഗം കാരണം സമയത്തിന് സ്കൂളിലെത്താനോ മറ്റു കുട്ടികളോടൊപ്പം ഓടിക്കളിക്കാനോ കഴിയാത്ത അലൻ രാജിന് ക്ലാസ് മുറിയിൽനിന്ന് പുറത്തുകടക്കാൻ പോലും പരസഹായം വേണം. സ്കൂളിലേക്ക് ഒന്നുകിൽ പിതാവ് ബൈക്കിലെത്തിക്കണം. അല്ലെങ്കിൽ ഓട്ടോ ഡ്രൈവറുടെ സഹായം വേണം.
എന്നാൽ, പ്രതിസന്ധികളിൽ മനം മടുത്തൊതുങ്ങിയവനല്ല, സ്കൂളിലെ ഹീറോയാണ് അലൻ. ഹൈസ്കൂളിൽ പഠിക്കുമ്പോൾ തന്നെ ‘കോക്കാച്ചി’ എന്ന പേരിൽ വിദ്യാർഥികളുടെ ടെലിഫിലിം സംവിധാനം ചെയ്ത് ശ്രദ്ധ നേടി. അക്ഷരം കൂട്ടിവായിച്ചുതുടങ്ങിയ കാലം മുതൽ വായനയുടെ ലോകത്താണ്. പിതാവ് രാജീവ് പുസ്തകങ്ങൾ എത്തിച്ചുകൊടുത്തപ്പോൾ മാതാവ് നിഷ വായനക്ക് കൂട്ടിരുന്നു. ബെന്യാമിനാണ് അലന്റെ ഇഷ്ട സാഹിത്യകാരൻ. സ്കൂളിലെ സാംസ്കാരിക പ്രവർത്തനങ്ങളുടെയൊക്കെ കേന്ദ്രം അലൻ തന്നെയെന്നാണ് സുഹൃത്തുക്കളുടെ സാക്ഷ്യം.
ഭിന്നശേഷിക്കാരോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടിൽ മാറ്റം വരേണ്ടതണ്ടെന്നാണ് അലന്റെ നിലപാട്. ‘‘സഹതാപത്തിന്റെ നോട്ടത്തിനു പകരം ചേർത്തുനിർത്താനുള്ള മനസ്സാണ് കാണിക്കേണ്ടത്. പരിഗണിക്കണം, മറ്റുള്ളവരെപ്പോലെ അവസരങ്ങൾ ഞങ്ങൾക്കും നൽകണം. അതിലൂടെ ഞങ്ങൾക്ക് ഉയരങ്ങൾ കീഴടക്കാനാകും’’ -അലൻ ആത്മവിശ്വാസത്തോടെ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.