വേനലെത്തി അത്യുഷ്ണവും
text_fieldsമലപ്പുറം: മാർച്ച് മാസം എത്തുംമുമ്പേ ജില്ലയിൽ വേനല്‍ച്ചൂടിന്റെ കാഠിന്യം കൂടുന്നു. തുലാമഴയുടെ അളവ് കുറവായത് ഉഷ്ണം നേരത്തെയെത്താൻ കാരണമായി പറയുന്നു. ഇത്തവണ കാലവർഷവും കൃത്യമായി കിട്ടിയിട്ടില്ല. ഫെബ്രുവരി ആദ്യ ആഴ്ചതന്നെ ചൂട് ഉയരുന്നതിന്റെ ലക്ഷണം പ്രകടമായിരുന്നു. കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ ജില്ലയിലെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിലൊന്നിൽ തിങ്കളാഴ്ച 37.5 ഡിഗ്രി സെൽഷ്യസ് വരെ ചൂട് രേഖപ്പെടുത്തി.
ഉഷ്ണം അധികരിച്ചുവരുന്നതിനാൽ സൂര്യതപം, സൂര്യാഘാതം, മറ്റ് പകര്‍ച്ചവ്യാധികള്‍ എന്നിവക്കെതിരെ ജാഗ്രത വേണം. സൂര്യതപം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാൽ രാവിലെ 11 മുതല്‍ മൂന്നു വരെയുള്ള സമയം നേരിട്ട് വെയില് ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ചൂട് വർധിച്ചുവരുന്നതിനാൽ വരുംനാളുകളിൽ ജലക്ഷാമം, വരൾച്ച, വിളനാശം എന്നിവയുടെ ഭീഷണി നിലനിൽകുന്നു.
മഞ്ഞപ്പിത്തം ഉൾപ്പെടെ പകർച്ച രോഗങ്ങൾ പടരാനുള്ള സാധ്യതയുമുണ്ട്. തീപിടുത്ത ഭീഷണിയും നിലനിൽക്കുന്നു. പകൽ ചൂട് ക്രമാതീതമായി ഉയരുന്നതിനാൽ തൊഴിലാളികളുടെ ജോലി സമയത്തിൽ ക്രമീകരണം ഏർപ്പെടുത്തണമെന്ന ശക്തമായത്. അടുത്ത രണ്ടുമാസം പതിവിലും കൂടുതൽ ചൂടുയരാൻ സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ വിലയിരുത്തൽ.
ജില്ലയിൽ മുണ്ടിനീര്; ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്
മലപ്പുറം: ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നും മുണ്ടിവീക്കം റിപ്പോർട്ട് ചെയ്യപ്പെടുന്നതായും ഈ അസുഖത്തിനെതിരെ കരുതണമെന്നും ഡി.എം.ഒ ഡോ. ആർ. രേണുക അറിയിച്ചു. മുണ്ടിനീര്, മുണ്ടിവീക്കം എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഈ രോഗം മിക്സോ വൈറസ് പരൊറ്റിഡൈറ്റിസ് എന്ന വൈറസ് കാരണമാണ് ഉണ്ടാകുന്നത്. വായുവിലൂടെ പകരുന്ന ഈ രോഗം ഉമിനീര് ഗ്രന്ഥികളെ ആണ് ബാധിക്കുന്നത്. രോഗം ബാധിച്ചവരില്‍ അണുബാധ ഉണ്ടായശേഷം ഗ്രന്ഥികളില്‍ വീക്കം കണ്ടുതുടങ്ങുന്നതിന് തൊട്ടുമുമ്പും വീക്കം കണ്ടു തുടങ്ങിയ ശേഷം നാലു മുതല്‍ ആറു ദിവസം വരെയുമാണ് സാധാരണയായി പകരുന്നത്.
അഞ്ചു മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികളെയാണ് രോഗം കൂടുതല്‍ ബാധിക്കുന്നതെങ്കിലും മുതിര്‍ന്നവരിലും കാണപ്പെടാറുണ്ട്. രോഗം കുട്ടികളിലേക്കാള്‍ ഗുരുതരമാകുന്നത് മുതിര്‍ന്നവരിലാണ്. ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലാണ് പ്രധാനമായും വീക്കം ഉണ്ടാകുന്നത്. ഇത് മുഖത്തിന്റെ ഒരു വശത്തെയോ രണ്ടു വശങ്ങളെയുമോ ബാധിക്കും. ജനുവരി മുതല്‍ മേയ് വരെയുള്ള മാസങ്ങളിലാണ് മുണ്ടിനീര് കൂടുതല്‍ കാണപ്പെടുന്നത്. രോഗത്തെ അവഗണിക്കുകയോ സ്വയം ചികിത്സ ചെയ്യുകയോ ചെയ്യാതെ ഉടനെ ഡോക്ടറെ കണ്ട് വിദഗ്ധചികിത്സ തേടേണ്ടതാണെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
പ്രാരംഭ ലക്ഷണം പനിയും തലവേദനയും
ചെറിയ പനിയും തലവേദനയും ആണ് മുണ്ടി നീരിന്റെ പ്രാരംഭ ലക്ഷണങ്ങള്‍. വായ തുറക്കാനും ചവയ്ക്കാനും വെള്ളമിറക്കാനും പ്രയാസം നേരിടുന്നു. വിശപ്പില്ലായ്മയും ക്ഷീണവും മറ്റു ലക്ഷണങ്ങളാണ്. പനി, വേദന തുടങ്ങിയ ലക്ഷണങ്ങള്‍ക്ക് ചികിത്സിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വിശ്രമിക്കുകയും വേണം.
വായ തുറക്കാനും, ചവക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടും എന്നതിനാൽ കുട്ടികൾ ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചേക്കാം. അതിനാൽ ദ്രവരൂപത്തിലുള്ള ആഹാരം കൂടുതലായി നൽകുന്നതിനും, വായയുടെ ശുചിത്വം ഉറപ്പാക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വായുവിലൂടെ ചുമ, തുമ്മല്‍, മൂക്കില്‍ നിന്നുള്ള സ്രവങ്ങള്‍, രോഗമുള്ളവരുമായുള്ള സമ്പര്‍ക്കം എന്നിവയിലൂടെയാണ് രോഗം പകരുന്നത്.
സമ്പര്‍ക്കം ഒഴിവാക്കണം
അസുഖ ബാധിതര്‍ പൂര്‍ണമായും അസുഖം മാറുന്നത് വരെ വീട്ടില്‍ വിശ്രമിക്കുക. രോഗികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണം. രോഗികളായ കുട്ടികളെ സ്കൂളില്‍ വിടുന്നത് പൂര്‍ണമായും ഒഴിവാക്കണം. രോഗി ഉപയോഗിച്ച വസ്തുക്കള്‍ അണുവിമുക്തമാക്കണം. സാധാരണയായി ഒന്ന് മുതല്‍ രണ്ട് ആഴ്ചകള്‍ കൊണ്ട് രോഗം ഭേദമാകാറുണ്ട്. രോഗ നിയന്ത്രണത്തിന് പ്രതിരോധ കുത്തിവെപ്പ് ലഭ്യമാണ്. കുട്ടികള്‍ക്ക് ജനിച്ചശേഷം 16 മുതല്‍ 24 വരെയുള്ള മാസങ്ങളില്‍ എം.എം.ആര് പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നതിലൂടെ മുണ്ടിനീര്, അഞ്ചാം പനി, റുബെല്ല എന്നീ അസുഖങ്ങളില്‍ നിന്നും പ്രതിരോധം നല്‍കാം.
ചൂട്: വേണം, മുന്‍കരുതൽ-ഡി.എം.ഒ
ജില്ലയില്‍ അന്തരീക്ഷതാപനില ക്രമാതീതമായി വര്‍ദ്ധിക്കുന്നത് മൂലം ഉണ്ടാകാനിടയുള്ള ആരോഗ്യപ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് മുന്‍ കരുതലുകള്‍ സ്വീകരിക്കണമെന്ന് ഡി.എം.ഒ ഡോ. ആർ. രേണുക അറിയിച്ചു. മഞ്ഞപ്പിത്തം, ചിക്കന്‍പോക്സ്, ഡെങ്കിപ്പനി, ഹെപ്പറ്റൈറ്റിസ്-എ, വയറിളക്കരോഗങ്ങള്‍ തുടങ്ങിയവ പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കണം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനായി ഉപയോഗിക്കുക.
പഴങ്ങളും പച്ചക്കറികളും കൂടുതലായി ഉള്‍പ്പെടുത്തുക. വെള്ളം ശേഖരിച്ചു വെയ്ക്കുന്നവര്‍ കൊതുക് കടക്കാതെ പാത്രങ്ങള്‍ അടച്ചുസൂക്ഷിക്കണം. ചൂടുകാലത്ത് കുടുതലായി ഉണ്ടാകുന്ന വിയര്‍പ്പിനെ തുടര്‍ന്ന് ശരീരം ചൊറിഞ്ഞ് തിണര്‍ത്ത് ഹീറ്റ് റാഷ് (ചൂടുകുരു) ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.