മൃഗാശുപത്രികൾ കേന്ദ്രീകരിച്ച് തെരുവുനായ് വന്ധ്യംകരണം; അന്തിമ തീരുമാനം തദ്ദേശ സ്ഥാപന ഭരണസമിതികൾക്ക്
text_fieldsമലപ്പുറം: ജില്ലയിൽ മൃഗാശുപത്രികൾ കേന്ദ്രീകരിച്ച് നടപ്പാക്കാൻ നിശ്ചയിച്ച തെരുവുനായ് വന്ധ്യംകരണ പദ്ധതി (എ.ബി.സി) നടപ്പാക്കുന്നതിൽ അതത് പരിധിയിലെ തദ്ദേശ സ്ഥാപന ഭരണസമിതികൾക്ക് അന്തിമ തീരുമാനമെടുക്കാം.
ജില്ല പഞ്ചായത്ത് ഓഫിസിൽ അധ്യക്ഷ എം.കെ. റഫീഖയുടെ നേതൃത്വത്തിൽ ചേർന്ന സംയുക്ത യോഗത്തിലാണ് തീരുമാനം. നാല് ഗ്രാമപഞ്ചായത്തിലും ഒരു നഗരസഭ പരിധിയിലെ മൃഗാശുപത്രിയിലുമാണ് പ്രാഥമികമായി പദ്ധതി നടപ്പാക്കാൻ ജില്ല മൃഗസംരക്ഷണ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
ഇവിടങ്ങളിൽ പദ്ധതി നടപ്പാക്കാൻ കഴിയുമോ എന്ന് ആലോചിക്കാനാണ് യോഗം ചേർന്നത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കണമെങ്കിൽ അതത് തദ്ദേശ ഭരണസമിതികളുടെ അംഗീകാരം ലഭിക്കേണ്ടതുണ്ടെന്ന് യോഗത്തിൽ പങ്കെടുത്ത പ്രദേശത്തെ തദ്ദേശ സ്ഥാപന അധ്യക്ഷർ, സെക്രട്ടറിമാർ, മൃഗാശുപത്രി ഡോക്ടർമാർ എന്നിവർ അറിയിച്ചു.
ഭരണസമിതികളുടെ തീരുമാനംകൂടി അനുകൂലമായാൽ പദ്ധതിയുമായി മുന്നോട്ടു പോകാമെന്ന് തദ്ദേശ സ്ഥാപന അധികൃതർ അറിയിച്ചു.
ഭരണസമിതികളുടെ അനുകൂല തീരുമാനം ലഭിച്ചാൽ പദ്ധതി ആരംഭിക്കാൻ കഴിയുമെന്ന് ജില്ല മൃഗസംരക്ഷണ വകുപ്പ് അധികൃതർ വ്യക്തമാക്കി. നേരത്തേ നിയമസഭ മണ്ഡലാടിസ്ഥാനത്തിൽ ആരംഭിക്കാനായിരുന്നു പഞ്ചായത്ത് വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, എം.എൽ.എമാർ എന്നിവരുമായി നടത്തിയ കൂടിയാലോചനയിൽ തീരുമാനിച്ചിരുന്നത്.
എന്നാൽ, ഇത് പ്രായോഗികമല്ലെന്ന് കണ്ടതോടെയാണ് മൃഗാശുപത്രികൾ കേന്ദ്രീകരിച്ച് നടപ്പാക്കാൻ മൃഗസംരക്ഷണ വകുപ്പ് പദ്ധതി ആവിഷ്കരിച്ചത്.
പദ്ധതി നടപ്പാക്കുമ്പോൾ ഓരോ പ്രദേശത്തെ നായ്ക്കളുടെ എണ്ണത്തിന് അനുസരിച്ച് ഓപറേഷന് തിയറ്റര്‍, നായ്ക്കളെ സംരക്ഷിക്കുന്നതിന് ഷെല്‍ട്ടര്‍, മറ്റ് അനുബന്ധ സൗകര്യങ്ങള്‍ എന്നിവ വേണം.
കെട്ടിട സൗകര്യത്തോടൊപ്പം ഡോഗ് റൂളും സ്റ്റാന്റേഡ് ഓപറേറ്റിങ് പ്രൊസീജറും (എസ്.ഒ.പി) കൂടി പാലിക്കണം.
ഇതിന്റെ മാനദണ്ഡം വെറ്ററിനറി സര്ജന് നിശ്ചയിച്ച് മുഖ്യ നിര്‍വഹണ ഏജന്‍സിയായ തദ്ദേശ സ്ഥാപനത്തെ അറിയിക്കണം. നിര്‍മിക്കുന്ന കെട്ടിടത്തില്‍ ഓപറേഷന് തിയറ്റര്‍, പ്രീ ആന്‍ഡ് പോസ്റ്റ് ഓപറേഷന് കെയര്‍ യൂനിറ്റ്, സി.സി.ടി.വി, എ.സി, അടുക്കള അടക്കമുള്ള സൗകര്യം വേണം. 10 നായ്ക്കളുടെ ഓപറേഷന് 50 കൂടുകള്‍ എന്ന നിരക്കിലാണ് ഷെല്‍റ്റര്‍ ഒരുക്കേണ്ടത്.
യോഗത്തിൽ എ.ഡി.എം എൻ.എം. മെഹറലി, ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. പി.യു. അബ്ദുൽ അസീസ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.