എങ്ങുമെത്താതെ വെട്ടിക്കോട്ടുചാൽ ടൂറിസം പദ്ധതി
text_fieldsചാരുംമൂട്: നിരവധി തവണ മുടങ്ങി എങ്ങുമെത്താതെ വെട്ടിക്കോട്ടുചാല്‍ ടൂറിസം പദ്ധതി. നാലുവർഷത്തിനുള്ളിൽ നിരവധി തവണ മുടങ്ങിയശേഷം രണ്ടുമാസം മുമ്പ് തുടങ്ങിയെങ്കിലും വീണ്ടും മുടങ്ങിയ നിലയിലാണ്. ചാലിന്റെ സംരക്ഷണഭിത്തി പുനര്‍നിര്‍മിക്കുന്ന പണികളായിരുന്നു വീണ്ടും തുടങ്ങിയത്.
ടൂറിസം പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി പുതിയ രൂപരേഖയുടെ അടിസ്ഥാനത്തിലാണ് ചാലിന്റെ പുനർനിർമാണം തുടങ്ങിയത്. എന്നാൽ തുടങ്ങിയ വേഗത്തിൽ തന്നെ മുടങ്ങുകയും ചെയ്തു. മാസങ്ങൾക്ക് മുമ്പ് എല്‍.എസ്.ജി.ഡി. വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം സ്ഥലത്തെത്തി പണികള്‍ പരിശോധിച്ചു വിലയിരുത്തിയിരുന്നു. ചാലിന്റെ ചുറ്റുമുള്ള സംരക്ഷണഭിത്തിയുടെ അടിത്തറ ആഴത്തിലും വീതിയിലും കരിങ്കല്ലില്‍ പണിത് ബലപ്പെടുത്തി നിര്‍മിക്കാനാണ് തീരുമാനം.
വേണ്ടിവന്നാല്‍ കുട്ടനാടന്‍ മാതൃകയില്‍ ചാലിലെ ചളിയില്‍ തെങ്ങിന്‍കുറ്റികള്‍ കുഴിച്ചിട്ട് അടിത്തറ ബലപ്പെടുത്താനും ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സംഘം ഒരോഘട്ടത്തിലും പരിശോധന നടത്തി പണിയുടെ ഗുണമേന്മ വിലയിരുത്താനും തീരുമാനിച്ചിരുന്നു. എന്നാൽ മൂന്നു വര്‍ഷം മുമ്പ് കൊട്ടിഘോഷിച്ച് തുടങ്ങിയ വെട്ടിക്കോട്ടുചാല്‍ ടൂറിസം പദ്ധതി പാതിവഴിയിലെത്തി വെള്ളത്തിലാകുകയായിരുന്നു.
നിര്‍മാണത്തിനിടെ 2019 മേയ് 11ന് ചാലിന്റെ കരിങ്കല്‍ സംരക്ഷണഭിത്തി ഇടിഞ്ഞു വീണു. ഇതേത്തുടര്‍ന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു. സംരക്ഷണഭിത്തിയോടുചേര്ന്ന ഭാഗത്തുനിന്നും യന്ത്രം ഉപയോഗിച്ച് ചളി നീക്കിയപ്പോഴാണ് മതിൽ ഇടിഞ്ഞുവീണത്. അശാസ്ത്രീയമായ നിർമാണ പ്രവർത്തനങ്ങൾ കാരണം സംരക്ഷണഭിത്തി തകർന്നസംഭവം പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
ചുനക്കര ഗ്രാമപഞ്ചായത്തിൽ നിന്നുള്ള 40 ലക്ഷം രൂപയുടെ പ്രാരംഭ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടന്നുവന്നത്. ബാക്കി പ്രവര്‍ത്തനങ്ങള്‍ക്കായി ടൂറിസം വകുപ്പ് ഒരുകോടി രൂപ അനുവദിച്ചിരുന്നു.]മഴ പെയ്തതോടെ ചാലില്‍ വെള്ളം പൊങ്ങി കല്കെട്ടുകള് വെള്ളത്തിനടിയിലാകുകയും ചെയ്തു. ഇടിഞ്ഞുവീണ പാര്‍ശ്വഭിത്തികള്‍ പൊളിച്ചുനീക്കിയാണ് ഇപ്പോള്‍ പണി തുടങ്ങിയതെങ്കിലും അതും ഇപ്പോൾ മുടങ്ങി. 1.40 കോടി രൂപ മുടക്കിയാണ് ആദ്യഘട്ടം പൂർത്തിയാക്കുന്നത്.
ജില്ല പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും ചുനക്കര ഗ്രാമപഞ്ചായത്തും ചേർന്ന് 40 ലക്ഷം രൂപയും ടൂറിസം വകുപ്പ് ഒരുകോടി രൂപയും മുടക്കിയാണ് വെട്ടിക്കോട് ചാൽ നവീകരിക്കുന്നത്. ടൂറിസം വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ രണ്ടാംഘട്ടത്തിൽ മാത്രമെ ലഭിക്കുകയുള്ളു.
ഹാബിറ്റാറ്റാണ് പദ്ധതി തയാറാക്കിയത്. വിശ്രമകേന്ദ്രം, ജലസംഭരണിക്കുചുറ്റും നടപ്പാത,കുട്ടികളുടെ പാര്‍ക്ക്, ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ടോയ്ലറ്റ് ബ്ലോക്ക്, നടപ്പാതയിലൂടെ സൈക്കിളിങ് എന്നിവയാണ് പദ്ധതിയിലുള്ളത്.ഓണാട്ടുകരയിലെ പ്രധാന ജലസ്രോതസാണ് വെട്ടിക്കോട്ടുചാല്‍. കായംകുളം-പുനലൂര്‍ റോഡരികില്‍ ചുനക്കര, ഭരണിക്കാവ് പഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍ വെട്ടിക്കോട് ക്ഷേത്ര ജങ്ഷനിലാണ് ചാല് സ്ഥിതിചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.