ഇടനിലക്കാർ മുഖേന കൈക്കൂലി വാങ്ങിയ എസ്.ഐ വിജിലൻസ് പിടിയിൽ
text_fieldsമലപ്പുറം: വഞ്ചന കേസ് പ്രതിയിൽനിന്ന് അര ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എസ്.ഐയും ഇടനിലക്കാരനും വിജിലൻസ് പിടിയിൽ. മലപ്പുറം ജില്ല ക്രൈംബ്രാഞ്ച് എസ്.ഐ അരീക്കോട് ഊർങ്ങാട്ടിരി സ്വദേശി സുഹൈൽ (36), ഏജന്റ് മഞ്ചേരി സ്വദേശി മുഹമ്മദ് ബഷീർ എന്നിവരാണ് പിടിയിലായത്.
2017ൽ മലപ്പുറം പൊലീസ് രജിസ്റ്റർ ചെയ്ത വഞ്ചന കേസിലെ പ്രതിയായ പരാതിക്കാരന് 2019ൽ ഹൈകോടതി ജാമ്യം അനുവദിച്ചിരുന്നു. കോവിഡ് കാരണം ജാമ്യ വ്യവസ്ഥ ലഘൂകരിക്കാൻ പരാതിക്കാരൻ ഹൈകോടതിയിൽ അപേക്ഷ നൽകി. ഇതിനിടെ മറ്റൊരു കേസന്വേഷണത്തിന് ബംഗളൂരുവിൽ പോയ എസ്.ഐ സുഹൈൽ പരാതിക്കാരനെ അറസ്റ്റ് ചെയ്ത് മലപ്പുറം കോടതിയിൽ ഹാജരാക്കുകയും കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. എന്നാൽ, പരാതിക്കാരനെതിരെ വേറെയും വാറണ്ടുകൾ ഉണ്ടെന്നും കാണേണ്ടതുപോലെ കണ്ടാൽ സഹായിക്കാമെന്നും കൈക്കൂലിയായി ഐഫോൺ-14 നൽകണമെന്നും ആവശ്യപ്പെട്ടു.
ഇതുപ്രകാരം കഴിഞ്ഞ ജനുവരി രണ്ടിന് പരാതിക്കാരൻ കറുത്ത ഐഫോൺ-14 വാങ്ങി സുഹൈൽ നിർദേശിച്ച പ്രകാരം ഏജന്റ് മുഹമ്മദ് ബഷീറിനെ ഏൽപിച്ചു.
കറുത്ത ഫോൺ വേണ്ടെന്നും നീല നിറത്തിൽ 256 ജി.ബിയുള്ള ഐഫോൺ-14 വേണമെന്നും സുഹൈൽ നിർബന്ധം പിടിച്ചു. കൂടാതെ മൂന്നര ലക്ഷം രൂപ കൂടി വേണമെന്നും ആവശ്യപ്പെട്ടു. പണം നൽകാൻ സാവകാശം വേണമെന്നും നീല ഐഫോൺ വേഗം നൽകാമെന്നും പരാതിക്കാരൻ അറിയിച്ചു. കറുത്ത ഫോൺ ഏജന്റ് മുഖേന സുഹൈൽ ജനുവരി നാലിന് തിരിച്ചു നൽകി. പണം നൽകിയില്ലെങ്കിൽ കൂടുതൽ പ്രയാസമുണ്ടാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
പരാതിക്കാരൻ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിനെ ബന്ധപ്പെടുകയും അദ്ദേഹം വിജിലൻസ് വടക്കൻ മേഖല എസ്.പി പ്രജീഷ് തോട്ടത്തിലിനെ അന്വേഷണത്തിന് ചുമതലപ്പെടുത്തുകയും ചെയ്തു. ജനുവരി 24ന് നീല ഐഫോൺ സുഹൈലിന്റെ നിർദേശപ്രകാരം ഇരിങ്ങാലക്കുടയിലെ ഏജന്റ് ഹാഷിം വശം കൊടുത്തയച്ചു. കൈക്കൂലിയായി മൂന്നര ലക്ഷം രൂപയിലെ ആദ്യ ഗഡുവായ അര ലക്ഷം സുഹൈൽ പറഞ്ഞത് പ്രകാരം ഏജന്റ് മുഹമ്മദ് ബഷീറിന്റെ പക്കൽ ഏൽപിക്കുന്നതിനിടെ ബഷീറിനെയും തുടർന്ന് സുഹൈലിനെയും അറസ്റ്റ് ചെയ്തു.
വിജിലൻസ് സംഘത്തിൽ ഡിവൈ.എസ്.പിമാരായ ഷാജി വർഗീസ്, സുനിൽകുമാർ, പൊലീസ് ഇൻസ്പെക്ടർമാരായ ശിവപ്രസാദ്, എം.പി. രാജേഷ്, എസ്.ഐമാരായ ജയരാജൻ, സുനിൽ, പ്രദീപൻ, ഷാജി, ഉദ്യോഗസ്ഥരായ ഗിരീഷ്, സിന്ധു, അനിൽ, അബ്ദുൽകലാം, സോജി, ഷാജു, ഡ്രൈവർമാരായ ബിജു, ശിവദാസൻ, ഷൈഹിൻ, നിതിൻലാൽ എന്നിവരും ഉണ്ടായിരുന്നു. ചൊവ്വാഴ്ച മലപ്പുറം യൂനിറ്റ് വിജിലൻസ് ആന്റി കറപ്ഷൻ ബ്യൂറോ പൊലീസ് ഇൻസ്പെക്ടർ പി. ജോതീന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സുഹൈലിന്റെ വീട്ടിൽ പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.