ജില്ലയിൽ മൂന്ന് സബ് ആർ.ടി ഓഫിസുകളിൽ വിജിലൻസ് പരിശോധന
text_fieldsമലപ്പുറം: ആർ.ടി ഓഫിസുകളിൽ സംസ്ഥാനതലത്തിൽ നടന്ന വിജിലൻസ് പരിശോധനയുടെ ഭാഗമായി ജില്ലയിലെ മൂന്ന് സബ് ആർ.ടി ഓഫിസുകളിലും പരിശോധന നടന്നു. 'ഓപറേഷൻ ജസൂസ്' എന്ന പേരിൽ കൊണ്ടോട്ടി, തിരൂരങ്ങാടി, നിലമ്പൂർ എന്നിവിടങ്ങളിലായിരുന്നു പരിശോധന.
പൊതുജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങൾ നേരിട്ട് ലഭിക്കാതെ ഏജന്‍റുമാർ മുഖേന ലഭിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടന്നത്. കൊണ്ടോട്ടിയിലെ സബ് ആർ.ടി ഓഫിസിൽ ഏജന്‍റിൽനിന്ന് 1,06,205 രൂപ വിജിലൻസ് പിടികൂടി.
വിജിലൻസ് പരിശോധനക്കായി എത്തിയപ്പോൾ ഇയാൾ ഓഫിസിലായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് ഏജന്റിന്റെ വാഹനത്തിൽ നടത്തിയ പരിശോധനയിൽ 49 വിവിധ അപേക്ഷകളും കണ്ടെടുത്തു. ഡ്രൈവിങ് സ്കൂളുകളുടെ പിരിവുകളുടെ കണക്കുകൾ സംബന്ധിച്ച വിശദാംശങ്ങളും ലഭിച്ചു. പിടികൂടിയ പണം ശനിയാഴ്ച ട്രഷറിയിൽ അടക്കും.
നിലമ്പൂരിൽ ഫിറ്റ്നസ് ഇൻസ്പെക്ഷൻ സർട്ടിഫിക്കറ്റിനുവേണ്ടിയുള്ള അപേക്ഷകളിൽ ഒരുവർഷം വരെ എം.വി.ഐമാർ വെരിഫിക്കേഷൻ പൂർത്തിയാക്കാതെ പിടിച്ചുവെച്ചിരിക്കുകയാണ്. വാഹനങ്ങളുടെ നോൺ യൂസ് ഇന്‍റിമേഷൻ ലഭിക്കുന്നതിനായി 47 അപേക്ഷകളുണ്ട്.
ഡ്രൈവർ മൂവ്മെന്‍റ് രജിസ്റ്ററിൽ ഒപ്പിടാതെ ഉദ്യോഗസ്ഥന്‍റെ കൂടെ പുറത്തുപോയതായും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. തിരൂരങ്ങാടിയിൽനിന്ന് കാര്യമായി ഒന്നും കണ്ടെത്താനായിട്ടില്ല. ഡിവൈ.എസ്.പി ഫിറോസ് എം. ഷഫീഖ്, ഇൻസ്പെക്ടർമാരായ പി. ജ്യോതീന്ദ്രകുമാർ, വിനോദ്, എ.എ.ഐ ഹനീഫ, സീനിയർ സി.പിഒമാരായ വിജയകുമാർ, കെ. സന്തോഷ്, ശ്യാമ, സി.പി.ഒമാരായ സുബിൻ, സനൽ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.