കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസ് ജീവനക്കാരൻ വിജിലൻസ് പിടിയിൽ
text_fieldsതാനൂർ: ഒഴൂർ വില്ലേജ് ഓഫിസിലെ വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് ഗിരീഷ് കുമാറിനെ 500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു. ഓമച്ചപ്പുഴ സ്വദേശി അലി തെൻറ ഉടമസ്ഥതയിലുള്ള ഭൂമിയുടെ ഇരട്ട സർവേ നമ്പർ ഒറ്റ നമ്പറാക്കുന്നതിന് വില്ലേജ് ഓഫിസറെ സമീപിച്ചു. സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വില്ലേജ് ഓഫിസർ ഗിരീഷ് കുമാറിനോട് ആവശ്യപ്പെട്ടു. തുടർന്ന് അലി ഗിരീഷ് കുമാറിനെ സമീപിച്ച് സ്ഥല പരിശോധനക്കായി എപ്പോൾ വരുമെന്ന് അന്വേഷിച്ചു. ഫീൽഡിൽ വരുന്നതിന് 500 രൂപ നൽകുകയാണെങ്കിൽ വരാമെന്നും അല്ലെങ്കിൽ ഫയൽ അവിടെ ഇരിക്കട്ടെ എന്ന് പറയുകയും ചെയ്തു.
അലി ഈ വിവരം വിജിലൻസ് മലപ്പുറം യൂനിറ്റ് ഡിവൈ.എസ്.പിയെ അറിയിച്ചു. വിജിലൻസ് വടക്കൻ മേഖല പൊലീസ് സൂപ്രണ്ട് സജീവെൻറ നേതൃത്വത്തിൽ ഡിവൈ.എസ്.പി ഫിറോസ് എം. ഷെഫീക് ആണ് കെണിയൊരുക്കിയത്. ബുധനാഴ്ച വൈകീട്ട് നാലരക്ക് വില്ലേജ് ഓഫിസിൽ െവച്ച് കൈക്കൂലി വാങ്ങുമ്പോൾ ഗിരീഷ് കുമാറിനെ വിജിലൻസ് പിടികൂടുകയായിരുന്നു. പരിശോധനയിൽ ഗിരീഷിെൻറ പക്കൽനിന്ന് കണക്കിൽപെടാത്ത 5740 രൂപയും പിടിച്ചെടുത്തു. അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതി മുമ്പാകെ ഹാജരാക്കും.
ഇൻസ്പെക്ടർമാരായ ഗംഗാധരൻ, ജ്യോതീന്ദ്രകുമാർ, പ്രദീപ് കുമാർ, സബ് ഇൻസ്പെക്ടർമാരായ മോഹൻ ദാസ്, ജോസൂട്ടി, അസി. സബ് ഇൻസ്പെക്ടർമാരായ മോഹനകൃഷ്ണൻ, ഹനീഫ, സലിം എന്നിവരും വിജിലൻസ് സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.