നിയമ ലംഘനം; അഞ്ച് ബസ് ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കി
text_fieldsമലപ്പുറം: മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ നിയമലംഘനം നടത്തി എയർഹോൺ ഘടിപ്പിച്ച് ബസ് ഓടിച്ച അഞ്ച് ദീർഘദൂര ബസ് ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. മഴക്കാല യാത്രകൾ അപകടരഹിതമാക്കുന്നതിന്റെ ഭാഗമായി കൊണ്ടോട്ടി ബസ് സ്റ്റാൻഡിലായിരുന്നു പരിശോധന. പെട്ടെന്ന് ശ്രദ്ധയിൽപെടാത്ത രീതിയിലാണ് ബസിൽ എയർ ഹോൺ ഘടിപ്പിച്ചിരുന്നത്. എയർഹോൺ ഇല്ല എന്നായിരുന്നു ഡ്രൈവർമാരുടെ അവകാശവാദം.
ജോയന്റ് ആർ.ടി.ഒ എം. അൻവറിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചപ്പോൾ ബസ്സിന്റെ അടിഭാഗത്ത് നിന്ന് അലുമിനിയം ബ്ലോപൈപ്പ് രൂപത്തിൽ ഘടിപ്പിച്ച കാതടിപ്പിക്കുന്ന ശബ്ദത്തിലുള്ള എയർ ഹോൺ കണ്ടെത്തുകയായിരുന്നു.
തുടർന്ന് അഞ്ച് ദീർഘദൂര ബസ് ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുകയായിരുന്നു. കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പെടെയുള്ള ബസുകളും മറ്റ് വാഹനങ്ങളും പരിശോധനക്ക് വിധേയമാക്കി. വാഹനത്തിന്റെ രേഖകൾ, ടയർ, വൈപ്പർ, ഹെഡ് ലൈറ്റ്, റൂഫ്, ബ്രേക്ക് ലൈറ്റ്, ബസിന്റെ വിൻഡോ ഷട്ടർ, ഡോർ, ഇൻഡിക്കേറ്റർ മുതൽ ബസ്സിലെ സൗകര്യങ്ങൾ പരിശോധനക്ക് വിധേയമാക്കി. അപാകത കണ്ടെത്തിയ വാഹനങ്ങൾ അടുത്ത ദിവസം തകരാറുകൾ പരിഹരിച്ച് പരിശോധനക്ക് വിധേയമാക്കാൻ ഉദ്യോഗസ്ഥർ നിർദേശം നൽകി.
എം.വി.ഐ കെ.ബി. ബിജീഷ്, എ.എം.വി.ഐമാരായ കെ. ദിവിൻ, കെ.ആർ. റഫീഖ് എന്നിവരുടെ നേതൃത്വത്തിലാണ് കൊണ്ടോട്ടി, അരീക്കോട്, പള്ളിക്കൽ, എടവണ്ണപ്പാറ എന്നീ ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.