വോൾട്ടേജ് ക്ഷാമം രൂക്ഷം; ജില്ലയിൽ കുടിവെള്ള വിതരണത്തെ ബാധിക്കുന്നു
text_fieldsമലപ്പുറം: വൈദ്യുതി വോൾട്ടേജ് ക്ഷാമം ജില്ലയിൽ ജല വകുപ്പിന്‍റെ കുടിവെള്ള വിതരണത്തെ ബാധിക്കുന്നു. മാർച്ച് മുതലാണ് പ്രശ്നം രൂക്ഷമായത്. ഏപ്രിൽ എത്തിയതോടെ പ്രശ്നം വഷളായിരിക്കുകയാണ്. എടപ്പാൾ ഡിവിഷനിലും മലപ്പുറം ഡിവിഷനിലും വോൾട്ടേജ് കുറഞ്ഞതോടെ മിക്ക സമയങ്ങളിലും പമ്പിങ് വൈകുകയാണ്. വേനൽ കനത്തതോടെ ജില്ലയിൽ വൈദ്യുതി ഉപയോഗം കുത്തനെ ഉയർന്നതാണ് ജല വകുപ്പിന് വിനയായത്. ഡിസംബർ, ജനുവരി മാസങ്ങളിൽ രാത്രി 10 മണിയോടെ മികച്ച വോൾട്ടേജിൽ പമ്പിങ് നടന്നിരുന്നു. എന്നാൽ ഇപ്പോൾ അർധരാത്രി 1.30 ഓടെയാണ് പമ്പിങ്ങിനുള്ള വോൾട്ടേജ് ലഭിക്കുന്നതെന്ന് ജല വകുപ്പ് അറിയിച്ചു.
ജനങ്ങൾ വൈദ്യുതി ഉപയോഗം കുറച്ചാൽ മാത്രമേ ഇക്കാര്യത്തിൽ ഒരു പരിധി വരെ പരിഹാരം കാണാൻ കഴിയൂവെന്നാണ് ജല വകുപ്പ് പറയുന്നത്. വോൾട്ടേജ് ക്ഷാമം കാരണം കൃത്യമായ പമ്പിങ് നടക്കുന്നില്ല. ജലസ്രോതസ്സുകളിൽ വെള്ളം കുറഞ്ഞതും ജല വകുപ്പിന് ആശങ്കയാണ്. ജില്ലയില്‍ എടപ്പാള്‍, മലപ്പുറം എന്നീ രണ്ട് ഡിവിഷനുകളില്‍ ചാലിയാര്‍, കടലുണ്ടി, തൂത, ഭാരതപ്പുഴ എന്നിവിടങ്ങളില്‍ നിന്നാണ് ജല അതോറിറ്റി പ്രധാനമായും കുടിവെള്ളം വിതരണത്തിന് എത്തിക്കുന്നത്.
ഇതിൽ കടലുണ്ടിപ്പുഴയിലാണ് കുറവുള്ളതിൽ മുന്നിൽ. കടലുണ്ടിയിലെ മണ്ണാർക്കുണ്ട്, നാമ്പ്രാണി, മൂർക്കനാട് എന്നിവിടങ്ങളിൽ ജല ലഭ്യത കുറവ് കാരണം വിതരണ സമയം കുറച്ചിട്ടുണ്ട്. ചാലിയാറിലും എടപ്പാൾ ഡിവിഷനിലെ പമ്പിങ് സ്റ്റേഷനുകളിലും നിലവിൽ വിതരണത്തിനുള്ള വെള്ളമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.