സുരക്ഷ മുൻകരുതലുകൾ പാലിക്കാതെ ചാലിയാറിൽ ജലയാത്ര
text_fieldsകീഴുപറമ്പ്: കീഴുപറമ്പ് ഗ്രാമപഞ്ചായത്തിലെ മുറിഞ്ഞമാട്ടും പരിസരപ്രദേശങ്ങളിലും ചാലിയാറിൽ സുരക്ഷ മുൻകരുതലുകൾ പാലിക്കാതെ ജലയാത്ര. ചെറുവഞ്ചികൾ മുതൽ വലിയ ബോട്ടുകളിൽ വരെയാണ് ഇവിടെ എത്തുന്നവരെ ചാലിയാർ പുഴയിലൂടെ ജലയാത്രക്ക് കൊണ്ടുപോകുന്നത്. പുഴയുടെ ഏറ്റവും താഴ്ചയുള്ള ഭാഗങ്ങളിലൂടെ ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള സുരക്ഷ ഉപകരണങ്ങൾപോലും ധരിക്കാതെയാണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരെ കുത്തിനിറച്ച് ബോട്ടുകളും വഞ്ചികളും ജലയാത്ര നടത്തുന്നത്.
വൈകുന്നേരങ്ങളിലാണ് പ്രധാനമായും വിവിധ ഇടങ്ങളിൽനിന്ന് മുറിഞ്ഞമാട്ടെ ചാലിയാറിന്റെ പ്രകൃതിഭംഗി ആസ്വദിക്കാൻ നിരവധി പേർ എത്തുന്നത്. വൈകീട്ട് നാലു മുതൽ ബോട്ട് സർവിസ് ആരംഭിക്കും. ഒരാൾക്ക് 50 മുതൽ 100 രൂപ വരെയാണ് ചാലിയാറിലൂടെ ജലയാത്ര നടത്താൻ ഈടാക്കുന്നത്. ഒരു മണിക്കൂർ നേരത്തേക്ക് ആണെങ്കിൽ 1000 രൂപയാണ് ചാർജ് ഈടാക്കുന്നത്. എന്നാൽ, ഒരുതരത്തിലുള്ള സുരക്ഷ മാനദണ്ഡങ്ങളും പാലിക്കപ്പെടുന്നില്ലെന്ന് പഞ്ചായത്ത് ഉൾപ്പെടെയുള്ള അധികൃതർ അറിഞ്ഞിട്ടും നടപടിയെടുക്കാൻ തയാറായിട്ടില്ല.
മാസങ്ങൾക്കുമുമ്പ് കുനിയിൽ പാലത്തിനു സമീപം വഞ്ചി മറിഞ്ഞിരുന്നു. അപകടത്തിൽ അഞ്ചുപേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടിരുന്നു. അഞ്ചു കുടിവെള്ള പദ്ധതികളിലേക്ക് ജലം എത്തിക്കുന്ന ഈ പ്രദേശത്ത് കുടിവെള്ളം മലിനപ്പെടുത്തുന്നതായും പരാതിയുണ്ട്.
അനുമതിയില്ലാതെയാണ് ഇവിടെ ബോട്ടുകൾ സർവിസ് നടത്തുന്നതെന്ന് കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സീനത്ത് 'മാധ്യമ'ത്തോട് പറഞ്ഞു. പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ഇതിന്‍റെ കോപ്പി തഹസിൽദാർക്ക് കൈമാറിയിട്ടുണ്ടെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.