ഓൺലൈൻ ക്ലാസുകളിൽ നുഴഞ്ഞുകയറി നഗ്നത പ്രദർശനം പതിവാകുന്നു
text_fieldsമലപ്പുറം: പഠനാവശ്യാർഥം ആരംഭിച്ച വാട്സ്ആപ് ഗ്രൂപ്പുകളിലും ഓൺലൈൻ ക്ലാസിന് സംഘടിപ്പിക്കുന്ന സൂം കോൺഫറൻസിലും നുഴഞ്ഞുകയറി അശ്ലീല ദൃശ്യങ്ങൾ കാണിക്കുന്നതായി പരാതികളുയരുന്നു. വാട്സ്ആപ് ഗ്രൂപ്പിലും സൂം ക്ലാസിലും ചേരാൻ അയക്കുന്ന ലിങ്ക് വഴി കയറിക്കൂടുന്ന സാമൂഹിക വിരുദ്ധരാണ് ചെറിയ കുട്ടികളുടെ മുന്നിൽപ്പോലും നഗ്നത പ്രദർശനം നടത്തുകയും വിഡിയോയും ചിത്രങ്ങളും അയക്കുകയും ചെയ്യുന്നത്. ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ അധികൃതർ ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകി.
ഇംഗ്ലീഷ് മീഡിയം സ്കൂൾ യു.പി വിഭാഗം വിദ്യാർഥികൾക്ക് ആഗസ്റ്റ് 17 മുതൽ 21 വരെ നടന്ന സൂം ക്ലാസിനിടെയാണ് ഒരാൾ ജോയിൻ ചെയ്ത് അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയച്ചത്. 21ന് ഇയാൾ സ്വയം നഗ്നത പ്രദർശനവും നടത്തി. ഇത് കുട്ടികളെ മാനസിക സംഘർഷങ്ങളിലേക്ക് നയിച്ചെന്നും പ്രശ്നത്തിന് പരിഹാരം കാണാതെ ക്ലാസുകൾ തുടർന്നുകൊണ്ടുപോവാൻ കഴിയാത്ത സാഹചര്യമാണെന്നും ഹെഡ്മിസ്ട്രസ് കുറ്റിപ്പുറം പൊലീസ് സ്റ്റേഷനിലും ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കും ചൈൽഡ് ലൈനിലും നൽകിയ പരാതിയിൽ പറയുന്നു. ഓൺലൈൻ ക്ലാസുകളെ മാത്രം ആശ്രയിച്ച് പഠനം നടത്തുന്ന ഇക്കാലത്ത് വിഷയം ഗൗരവമായി കാണണമെന്നും ഐ.ടി ആക്റ്റ് പ്രകാരം നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
വേങ്ങര പൊലീസ് സ്റ്റേഷൻ പരിധിയിൽ ഓൺലൈൻ സാഹിത്യോത്സവിന് വേണ്ടിയുണ്ടാക്കിയ വാട്സ്ആപ് ഗ്രൂപ്പിലേക്ക് ലിങ്ക് വഴി കയറിക്കൂടിയയാൾ അശ്ലീല ചിത്രങ്ങളും വിഡിയോകളും അയച്ചു. ഈ നമ്പറിൽ ഭാരവാഹികൾ വിളിച്ചപ്പോൾ കിട്ടിയില്ല. വാട്സ്ആപ് വഴി ബന്ധപ്പെട്ടയാൾക്കും ദൃശ്യങ്ങൾ അയച്ചുകൊടുത്തതായും പറയുന്നു. വാട്സ്ആപ് ഗ്രൂപ്പുകളും സൂം ക്ലാസുകളും ദുരുപയോഗം ചെയ്യുന്നത് ജില്ലയിൽ വർധിച്ചുവരുമ്പോഴും പൊലീസിൽ പരാതി നൽകാൻ അധികമാരും മുന്നോട്ടുവരാത്തത് ഇത്തരക്കാർക്ക് വളമായിട്ടുണ്ട്.
സൈബർ സെൽ അന്വേഷിക്കുന്നു –എസ്.പി
മലപ്പുറം: കുട്ടികൾ പങ്കെടുത്ത ഓൺലൈൻ ക്ലാസിൽ നഗ്നത പ്രദർശനം നടത്തുകയും ദൃശ്യങ്ങളും ചിത്രങ്ങളും അയക്കുകയും ചെയ്ത സംഭവം ഗൗരവമായാണ് കാണുന്നതെന്നും ഇതുസംബന്ധിച്ച് അന്വേഷിക്കാൻ സൈബർ സെല്ലിന് നിർദേശം നൽകിയിട്ടുണ്ടെന്നും ജില്ല പൊലീസ് മേധാവി (ഇൻചാർജ്) സുജിത് ദാസ് അറിയിച്ചു.
പ്രതികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരും. ഇക്കാര്യത്തിൽ സ്കൂൾ അധികൃതരും രക്ഷിതാക്കളും ജാഗ്രത പുലർത്തണം. വാട്സ്ആപ് ഗ്രൂപ്പിലും സൂം ക്ലാസിലും ഏതൊരാൾക്കും കയറാവുന്ന സാഹചര്യമുണ്ടാവരുതെന്നും പാസ്വേഡ് ഉപയോഗിച്ച് നിയന്ത്രിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
പ്രതികളെ പിടികൂടാത്തത് ഗുരുതര വീഴ്ച –സി.ഡബ്ല്യൂ.സി
മലപ്പുറം: കുട്ടികൾക്ക് മുന്നിൽ നഗ്നത പ്രദർശനം നടത്തിയവർക്കെതിരെ പൊലീസ് നടപടി വൈകുന്നത് ഗുരുതര വീഴ്ചയാണെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി. പരാതി ഉയർന്ന് അഞ്ച് ദിവസമായിട്ടും നിയമപാലകരിൽനിന്ന് വ്യക്തമായ മറുപടി ലഭിക്കുന്നില്ല. എസ്.പി ഓഫിസിലും കുറ്റിപ്പുറം പൊലീസ് സ്റ്റേഷനിലും വിളിച്ച് റിപ്പോർട്ട് തേടിയിരുന്നു. എത്രയും വേഗം പ്രതികളെ പിടികൂടണം.
സൈബർ സെല്ലിൽ കെട്ടിക്കിടക്കുന്ന അനേകം കേസുകളിലൊന്നായി ഇത് മാറാൻ അനുവദിക്കില്ല. രണ്ട് ദിവസത്തിനകം തുടർനടപടികൾ ഉണ്ടായില്ലെങ്കിൽ ഡി.ജി.പിയെയും സർക്കാറിനെയും സമീപിക്കുമെന്ന് സി.ഡബ്ല്യൂ.സി ചെയർമാൻ ഷാജേഷ് ഭാസ്കർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.