അപായസൂചന അടയാളങ്ങൾ സ്ഥാപിച്ചു; പുത്തൂരിന് ആശ്വാസം...
text_fieldsകോട്ടക്കൽ: സ്ഥിരം അപകടമേഖലയായ പുത്തൂർ മേഖലയിൽ അപകടങ്ങൾ കുറക്കാൻ താൽക്കാലിക നടപടികൾ യാഥാർഥ്യമാകുന്നു. അപകടങ്ങൾ നിത്യസംഭവങ്ങളായതിന് പിന്നാലെ ജനരോഷത്തെ തുടർന്ന് ഒതുക്കുങ്ങൽ പഞ്ചായത്ത് ഭരണസമിതി വിവിധ വകുപ്പ് മേധാവികളുടെ യോഗം വിളിച്ചിരുന്നു. ഇതിന്റെ ഭാഗമായി വലിയപറമ്പിൽ വിവിധ ഭാഷകളിലുള്ള അപായസൂചന ബോർഡ് സ്ഥാപിച്ചു.
മലയാളത്തിന് പുറമെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളിൽ അടുത്ത ഒന്നര കിലോമീറ്റർ ദൂരം ഇറക്കമാണെന്നും ഭാരവാഹനങ്ങൾ താഴ്ന്ന ഗിയറിൽ സഞ്ചരിക്കണമെന്നുമുള്ള അറിയിപ്പാണ് രേഖപ്പെടുത്തിയത്. വിവിധയിടങ്ങളിൽ മറ്റു മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചു.പാതയിൽ റിഫ്ലക്റ്റ് ഹമ്പുകൾ, ബ്ലിങ് ലൈറ്റുകൾ എന്നിവയും യാഥാർഥ്യമാകും. പൊതുമരാമത്ത് വകുപ്പിന്റെ 2.68 ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതി യാഥാർഥ്യമാകുന്നത്.
ഡിസംബർ 30നകം എല്ലാ നടപടികളും പൂർത്തിയാക്കാനാണ് തീരുമാനം. ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കടമ്പോട്ട് മൂസ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ശാദിയ പർവി, വാർഡ് അംഗം കങ്കാളത്ത് ഫൈസൽ, എസ്.ഐ എസ്.കെ. പ്രിയൻ, പൊതുമരാമത്ത് എ.ഇ സി. വിമൽ രാജ്, എ.എം.വി.ഐമാരായ കെ.ആർ. ഹരിലാൽ അബിൻ ചക്കോ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടികൾ.
മലപ്പുറം, പെരിന്തൽമണ്ണ, കോട്ടക്കൽ പാതയിലെ പ്രധാന ജങ്ഷനായ പുത്തൂരിൽ ചെറുതും വലുതുമായ അപകടങ്ങൾ നാടിനെ ഭീതിയിലാഴ്ത്തിയിരുന്നു. റോഡിന്റെ അശാസ്ത്രീയതക്ക് പുറമെ ചെങ്കുത്തായ ഇറക്കമാണ് ഏറ്റവും വലിയ ശാപം. കുത്തനെയുള്ള റോഡിന്റെ ഒരു ഭാഗം താഴ്ചയുള്ള പ്രദേശമാണ്. വളവും തിരിവും ഇറക്കവുമുള്ള റോഡിൽ വലിയ വാഹനങ്ങളാണ് കൂടുതൽ അപകടത്തിൽപെടുന്നത്. അധികവും ഇതര സംസ്ഥാനങ്ങളിൽനിന്ന് വരുന്നവയായിരുന്നു. റോഡിന്റെ ഘടന ഡ്രൈവർമാർക്ക് അറിയാത്തതാണ് കൂടുതലും അപകടങ്ങൾക്ക് വഴിവെച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.