സിലിണ്ടറുകളിൽ വെള്ളം: ക്രൈംബ്രാഞ്ച് അന്വേഷണത്തിന് പരാതിക്കാരൻ ഹൈകോടതിയിലേക്ക്
text_fieldsതേഞ്ഞിപ്പലം: പാചകവാതക സിലിണ്ടറുകളിൽ വെള്ളം നിറച്ച് തട്ടിപ്പ് നടത്തുന്നതായുള്ള പരാതിയിൽ പൊലീസിൽനിന്ന് തുടർനടപടി വൈകുന്നതിനാൽ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കാൻ നീക്കം. ഒരാഴ്ചക്കുള്ളിൽ തുടർനടപടിയില്ലെങ്കിൽ ഹൈകോടതിയെ സമീപിക്കുമെന്ന് ടാങ്ക് ലോറി വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) പ്ലാന്റ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. കെ.ടി. വിനോദ് കുമാർ വ്യക്തമാക്കി. സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ തൃശൂർ റേഞ്ച് ഐ.ജിയെ ചുമതലപ്പെടുത്തി ആഴ്ചകൾ കഴിഞ്ഞിട്ടും തുടർനടപടിയുണ്ടാകാത്ത സാഹചര്യത്തിലാണിത്. ഐ.ഒ.സി അധികൃതർക്ക് വിനോദ് കുമാർ നൽകിയ പരാതിയെ തുടർന്ന് കേരള ഡി.ജി.എം ഓപറേഷൻ മേധാവി എൽ.പി. ഫുൽസലെ, സെയിൽസ് ഡി.ജി.എം അലക്സ് മാത്യു എന്നിവർ ചേളാരിയിൽ തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിന് ശേഷവും പരാതിക്കാരന് കമ്പനി അധികൃതരിൽനിന്നുള്ള ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല.
പ്ലാന്റിൽനിന്ന് കയറ്റി അയച്ച 400 ലധികം സിലിണ്ടറുകൾ വിവിധ ഏജൻസികളിൽ നിന്നായി വെള്ളം നിറച്ചതായിരുന്നെന്നാണ് പരാതി. ഇതിന് പിന്നിൽ മാഫിയ ഉണ്ടെന്നായിരുന്നു പരാതി. കോഴിക്കോട് ജില്ലയിലെ ഗ്യാസ് ഏജൻസി ഉടമ തട്ടിപ്പിനിരയായതിനെ തുടർന്ന് നൽകിയ പരാതി ഐ.ഒ.സി മാനേജ്മെന്റ് ജില്ല കലക്ടർ വി.ആർ. വിനോദിന് കൈമാറിയിരുന്നു. തൃശൂർ റേഞ്ച് ഐ.ജിക്കാണ് അന്വേഷണ ചുമതല. ഐ.ജി മലപ്പുറം എസ്.പിയോട് റിപ്പോർട്ട് തേടി. എസ്.പി തേഞ്ഞിപ്പലം പൊലീസിനോട് വിശദ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ തേഞ്ഞിപ്പലം പൊലീസിൽനിന്ന് നടപടി വൈകുന്നതായാണ് ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.