ജലവിതരണം മുടങ്ങിയിട്ട് ആഴ്ചകൾ: വാർഡ് അംഗങ്ങൾ പരാതിയുമായി വാട്ടർ അതോറിറ്റി ഓഫിസിൽ
text_fieldsപൂക്കോട്ടുംപാടം: അമരമ്പലം ഗ്രാമപഞ്ചായത്തിൽ കുടിവെള്ള വിതരണം ഡിസംബർ ആദ്യവാരം മുതൽ നിർത്തിവെച്ചതിനെ തുടർന്ന് പരാതിയുമായി വാർഡ് അംഗങ്ങൾ വാട്ടർ അതോറിറ്റി ഓഫിസിലെത്തി. മൂലേപ്പാടം-പൂക്കോട്ടുംപാടം മലയോരപാത നിർമാണ ഭാഗമായി വാട്ടർ അതോറിറ്റിയുടെ (നിലമ്പൂർ ഡിപ്പോ ഭാഗത്ത്) പമ്പിങ് മെയിൻ ലൈൻ മാറ്റിയിടുന്ന പ്രവൃത്തി കാരണം പഞ്ചായത്തിൽ കുടിവെള്ള വിതരണം ഡിസംബർ ആദ്യവാരം മുതൽ നിർത്തിവെച്ചതോടെ ഉപഭോക്താക്കൾ വലിയ പ്രയാസത്തിലാണ്. ജലവിതരണം നിർത്തിവെച്ച അറിയിപ്പ് രണ്ടു പ്രാവശ്യമായി വാട്ടർ അതോറിറ്റിയിൽനിന്ന് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ മുഖേന വാർഡുകളിൽ അറിയിച്ചെങ്കിലും തുടർന്നും ജലവിതരണം പുനഃസ്ഥാപിച്ചില്ല. ഇതോടെയാണ് പഞ്ചായത്തിലെ യു.ഡി.എഫ് അംഗങ്ങൾ നിലമ്പൂർ വാട്ടർ അതോറിറ്റി ഓഫിസിലെത്തി അസി. എൻജിനീയർക്ക് പരാതി നൽകുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തത്.
നിഷാദ് പൂക്കോട്ടുംപാടം, എം.എ. റസാഖ്, വി.പി. അഫീഫ, വിഷ്ണു നറുക്കിൽ, സുനിത നോട്ടത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നൽകിയത്. മലയോരപാത പ്രവൃത്തിയും പമ്പിങ് ലൈൻ പ്രവൃത്തിയും ഒരുമിച്ച് നടക്കുന്നതിലുള്ള പ്രയാസം പരിഗണിച്ച് എത്രയും പെട്ടെന്ന് കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാമെന്ന് അധികൃതർ ഉറപ്പുനൽകിയതായി അംഗങ്ങൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.