തീരദേശത്തെ തൊഴിലും ജീവിതവും സംരക്ഷിക്കണം -റസാഖ് പാലേരി
text_fieldsപെരുമ്പടപ്പ്: കേരളത്തിലെ സുപ്രധാന സാമ്പത്തിക മേഖലയായ തീരദേശത്തെ തൊഴിലും ജീവിതവും സംരക്ഷിക്കണമെന്ന് റസാഖ് പാലേരി ആവശ്യപ്പെട്ടു. വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരിയുടെ ‘ഒന്നിപ്പ്’ കേരള പര്യടനത്തിന്റെ ഭാഗമായി പാലപ്പെട്ടിയിൽ സംഘടിപ്പിച്ച തീരദേശ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തീരമേഖലയിലെ ജനങ്ങളുമായി സംവദിക്കാനും പ്രശ്നങ്ങൾ മനസ്സിലാക്കാനും പരിഹാര നടപടികൾ സ്വീകരിക്കാനും സർക്കാറിന്റെ ഭാഗത്തുനിന്ന് വർഷങ്ങളായി ശ്രമങ്ങളില്ല.
മത്സ്യത്തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ തെരുവിൽ പന്തലുകെട്ടി ആർഭാടപൂർവം സർക്കാറിന്റെ പി.ആർ പ്രോഗ്രാമായി കൊണ്ടാടുന്നത് തികഞ്ഞ ധൂർത്തും അഴിമതിയുമാണ്. കോർപറേറ്റ് ചെങ്ങാത്തം മൂലം അന്ധമായിത്തീർന്ന ഇടതുപക്ഷ ഭരണകൂടത്തിന് മത്സ്യത്തൊഴിലാളികളേക്കാൾ ഇഷ്ടം അദാനിയടക്കമുള്ള കോർപറേറ്റുകളോടാണെന്ന് കഴിഞ്ഞ ഏഴുവർഷംകൊണ്ട് തെളിയിച്ചതാണ്. തീരദേശത്തെയും മത്സ്യത്തൊഴിലാളികളുടെയും പ്രശ്നങ്ങൾ കൂട്ടായ ശ്രമങ്ങങ്ങളിലൂടെ പരിഹരിക്കാൻ സാധിക്കുമെന്നാണ് പാർട്ടി പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തീരദേശ സംഗമത്തിൽ ജില്ല പ്രസിഡന്റ് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ മുഖ്യപ്രഭാഷണം നിർവഹിച്ചു. സംസ്ഥാന നേതാക്കളായ ഇ.സി. ആയിശ, മുഹമ്മദ് പൊന്നാനി, ഖാസിം ഐരൂർ എന്നിവർ സംസാരിച്ചു.
അൻസാർ അബൂബക്കർ, സഫീർഷ, മുനീബ് കാരക്കുന്ന്, നസീറ ബാനു, അഷ്റഫലി കട്ടുപ്പാറ, ആരിഫ് ചുണ്ടയിൽ, നൗഷാദ് യാഹൂ, മജീദ് പലപ്പെട്ടി, ഖലീൽ പൊന്നാനി എന്നിവർ അനുഗമിച്ചു. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ സംസ്ഥാന പ്രസിഡന്റിന് നിവേദനമായി സമർപ്പിച്ചു. സെപ്റ്റംബർ 11വരെ ‘ഒന്നിപ്പ്’ പര്യടനം ജില്ലയിലുണ്ടാവും. രാവിലെ സ്വാതന്ത്ര സമര പോരാളികളായ ഉമർ ഖാദിയുടെയും സൈനുദ്ദീൻ മഖ്ദൂം എന്നിവരുടെ കുടുംബങ്ങൾ സന്ദർശിച്ചാണ് ജില്ലയിൽ തുടക്കം കുറിച്ചത്. ജില്ലയിലെ സാമൂഹിക-സാംസ്കാരിക-കലാ-സാഹിത്യ മേഖലകളിലെ പ്രധാനവ്യക്തികൾ, വിവിധ മത-സമുദായ നേതാക്കൾ, ചിന്തകർ, വാണിജ്യ മേഖലകളിലെ വ്യക്തികൾ, മാധ്യമ പ്രവർത്തകർ, ആക്ടിവിസ്റ്റുകൾ, സിനിമ പ്രവർത്തകർ തുടങ്ങിയവരെ സന്ദർശിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.