മഴ പെയ്താൽ ഈ വില്ലേജ് ഓഫിസ് കുളമാകും
text_fieldsവെട്ടത്തൂർ: ചെറിയൊരു മഴ പെയ്താൽ മതി ഈ വില്ലേജ് ഓഫിസ് കെട്ടിടം ചോർന്നൊലിച്ച് തറയിലാകെ വെള്ളം കെട്ടിനിൽക്കും. പെരിന്തൽമണ്ണ താലൂക്കിലെ കാര്യാവട്ടം വില്ലേജ് ഓഫിസിനാണ് ദുർവിധി. വരാന്തയടക്കം നാല് മുറികളാണ് കെട്ടിടത്തിലുള്ളത്. ഇതിൽ വലതു ഭാഗത്തുള്ള മുറിയിലാണ് ചോർച്ച കൂടുതൽ. ചോർച്ചയെ പ്രതിരോധിക്കാൻ നാല് ബക്കറ്റുകളാണ് മുറിയിലെ തറയിൽ സ്ഥാപിച്ചിരിക്കുന്നത്. വലിയ ബക്കറ്റ് വെച്ചാലും നിറഞ്ഞുകവിഞ്ഞ് പുറത്തേക്കൊഴുകുന്ന അവസ്ഥയാണ്.
അലമാരകൾക്ക് മുകളിൽ ഷീറ്റ് വിരിച്ചാണ് ചോർച്ചയെ പ്രതിരോധിക്കുന്നത്. നനയുന്നതിനാൽ തറയിൽ പല ഭാഗങ്ങളിലും പേപ്പർ വിരിച്ചിരിക്കുകയാണ്. രേഖകൾ സൂക്ഷിച്ച മുറിയിലും വില്ലേജ് ഓഫിസർ ഇരിക്കുന്ന മുറിയിലും ചുമരുകൾ നനഞ്ഞൊലിക്കുന്നുണ്ട്. ഇതിനാൽ വർഷങ്ങളായി മഴക്കാലമായാൽ ജീവനക്കാർ ഭീതിയിലാണ് ജോലി ചെയ്യുന്നത്.
മൂന്നര പതിറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടം പൊളിച്ചുമാറ്റി പുതിയത് നിർമിക്കണമെന്നാണ് ആവശ്യമുയരുന്നത്. കെട്ടിടത്തിെൻറ ശോച്യാവസ്ഥ കാണിച്ച് മുമ്പ് തഹസിൽദാർക്ക് റിപ്പോർട്ട് നൽകിയിരുന്നു. കെട്ടിടത്തിെൻറ പഴക്കവും മുകളിൽ വെള്ളം കെട്ടിനിൽക്കുന്നതുമാണ് ചോർച്ചക്ക് കാരണമാകുന്നത്. വെട്ടത്തൂർ പഞ്ചായത്തിലെ എട്ട് വാർഡുകളിലുള്ളവർ ആശ്രയിക്കുന്ന വില്ലേജ് ഒാഫിസ് സ്മാർട്ട് വില്ലേജ് ഓഫിസാക്കി ഉയർത്തണമെന്നും ആവശ്യമുയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.