വഖഫ് ബോർഡിൽ പി.എസ്.സി എന്തിന്?
text_fieldsവഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള തീരുമാനത്തിനെതിരെ വിവിധ തലങ്ങളിൽ പ്രതിഷേധമുയരുകയാണ്. മുസ്ലിം സംഘടനകൾക്കിടയിലും വിഷയം ചൂടുപിടിച്ച ചർച്ചയാണ്. എസ്.വൈ.എസ് കഴിഞ്ഞ ദിവസം കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി പ്രത്യക്ഷ സമരത്തിന് തുടക്കംകുറിച്ചു. മുസ്ലിം ലീഗിെൻറ നേതൃത്വത്തിൽ നവംബർ 22ന് മുസ്ലിം സംഘടനകളുടെ യോഗം നടക്കാനിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളിലും ആരോപണ പ്രത്യാരോപണങ്ങൾ അരങ്ങു തകർക്കുന്നു. സർക്കാർ തീരുമാനത്തെ പ്രതിരോധിക്കാൻ സി.പി.എം സഹയാത്രികർ പതിവുേപാലെ രംഗത്തുണ്ട്. ഈ സാഹചര്യത്തിൽ മുസ്ലിം സംഘടന നേതാക്കൾ അവരുടെ നിലപാട് വ്യക്തമാക്കുന്നു.
വർഗീയവും രാഷ്ട്രീയവുമാക്കി ചിത്രീകരിക്കുന്നത് സമുദായം തിരിച്ചറിയും-അബ്ദുസ്സമദ് പൂക്കോട്ടൂർ, വർക്കിങ് സെക്രട്ടറി സുന്നി മഹല്ല് ഫെഡറേഷൻ
മുസ്ലിംകൾക്കിടയിൽ ഭിന്നതയുണ്ടാക്കി ഇത്തരം അവകാശ ധ്വംസനം നടത്തുന്നതിന് സമുദായത്തിെൻറ തമ്മിലടിയാണ് കാരണം. മുസ്ലിമേതര സമുദായത്തിലെ ഒരു സംഘടനയും വഖഫ് നിയമനം പി.എസ്.സിക്ക് വിടണമെന്നു പറഞ്ഞിട്ടില്ല. പി.എസ്.സിക്ക് വിട്ടാൽ മതബോധമുള്ള മുസ്ലിംകളെ മാത്രം നിയമിക്കാൻ കഴിയാതെ വരും. സമുദായ സംവരണത്തെ ബാധിക്കും. 80:20 വിഷയത്തിൽ സംഭവിച്ച പോലെ കോടതിയെ ആരെങ്കിലും സമീപിച്ചാൽ മുസ്ലിംകളെ മാത്രം നിയമിക്കുമെന്ന ഉറപ്പ് പാലിക്കാൻ കഴിയില്ല. മൂന്ന് വഖഫ് ട്രൈബ്യൂണലുകൾ ഒന്നാക്കി ചുരുക്കുകയും സർക്കാർ കടമെടുത്ത 54 ലക്ഷം തിരിച്ചുകൊടുക്കാതിരിക്കുകയും ക്ഷേമ പ്രവർത്തന ഗ്രാൻറ് തടഞ്ഞുവെക്കുകയും ചെയ്ത് ബോർഡിനെ നന്നാക്കാൻ എന്ന പേരിൽ സമുദായ അവകാശം ഹനിക്കുന്നത് ദുരുദ്ദേശ്യപരമാണ്.
രാഷ്ട്രീയവും വർഗീയവുമായി ഇതിനെ ചിത്രീകരിച്ച് ശ്രദ്ധ തിരിച്ചുവിടുന്നത് സമുദായം തിരിച്ചറിയും. നിരവധി ബോർഡുകളും യൂനിവേഴ്സിറ്റികളും നിയമനം നേരിട്ടു നടത്തുന്നുണ്ട്. ഒരു സംസ്ഥാനത്തും ഇല്ലാത്ത വിധം വഖഫ് നിയമനം പി.എസ്.സിക്ക് വിടുന്നത് കാര്യക്ഷമതക്കാണെന്ന വാദം അംഗീകരിക്കാനാവില്ല.
അപകടകരമായ നീക്കത്തിൽനിന്ന് പിന്മാറണം-ടി.പി. അബ്ദുല്ല കോയ മദനി (കെ.എൻ.എം സംസ്ഥാന പ്രസിഡൻറ്)
വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട സർക്കാർ നീക്കം മുസ്ലിം ന്യൂനപക്ഷത്തെ പരിഹസിക്കാനും അവമതിക്കാനുമുള്ള ഗൂഢാലോചനയുടെ പ്രകടമായ രൂപമാണെന്ന് കെ.എൻ.എം സംസ്ഥാന പ്രസിഡൻറ് ടി.പി. അബ്ദുല്ല കോയ മദനി പറഞ്ഞു.
കേരള സർക്കാർ നിരന്തരം നടത്തുന്ന വിവേചനത്തിെൻറ ഭാഗമായിട്ടു മാത്രമേ ഇതു കാണാനാവൂ. പവിത്രമായ വഖഫ് സ്വത്തും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും കൈകാര്യം ചെയ്യേണ്ടത് വിശ്വാസികളാണ്. കുറ്റമറ്റ രൂപത്തിൽ നിലനിൽക്കുന്ന വഖഫ് സംവിധാനം തകർത്ത് രാഷ്ട്രീയം കളിക്കാനുള്ള സർക്കാർ നീക്കം വിശ്വാസികൾ അംഗീകരിക്കില്ല.
മുസ്ലിം സംഘടനകളുമായി ചേർന്നും മഹല്ലുകളിലും ഈ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കും. അപകടകരമായ നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറുന്നതാണ് നല്ലത്.
പതിനായിരക്കണക്കിന് ഉദ്യോഗാർഥികളെ നിയമിക്കാൻ പറ്റുന്ന മേഖലകൾ ഒന്നും പി.എസ്.സിക്ക് വിടാതെ വഖഫിൽ കൈവെച്ചു വലിയ വായിൽ ന്യായം പറയുന്ന രീതി അപഹാസ്യമാണ്.
സർക്കാറിെൻറ ഇരട്ടത്താപ്പ് പുറത്തായി-സലീം മമ്പാട് ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് 125 ജീവനക്കാർ മാത്രമുള്ള വഖഫ് ബോർഡിലെ നിയമനം പി.എസ്.സിക്ക് വിട്ട തീരുമാനം ദുരുദ്ദേശ്യപരമാണ്. നിയമനം പി.എസ്.സി ക്ക് വിടാനുള്ള സർക്കാർ നീക്കം വിവിധ മതവിഭാഗങ്ങൾക്കിടയിൽ വിവേചനം സൃഷ്ടിക്കുന്നതുമാണ്. ആയിരക്കണക്കിന് ജീവനക്കാരുള്ള ദേവസ്വം ബോർഡ് അടക്കമുള്ള പൊതുമേഖല സ്ഥാപനങ്ങളിലെ നിയമനം പ്രത്യേക ബോർഡ് വഴിയാണ് നടത്തുന്നത്.
മുസ്ലിം സമുദായത്തോട് കാണിക്കുന്ന കടുത്ത വിവേചനമാണ് ഈ തീരുമാനം വഴി വെളിച്ചത്ത് വന്നിരിക്കുന്നത്. സർക്കാർ തീരുമാനം റദ്ദാക്കണം. മുസ്ലിം സമുദായം ഒറ്റക്കെട്ടായി ഇതിനെതിരെ സമരം സംഘടിപ്പിക്കുന്നതിന് ശ്രമിക്കുന്നതാണ്.
അവകാശങ്ങൾ ഇല്ലാതാക്കുന്ന സാഹചര്യം ഉണ്ടാവരുത്-പി.എം. മുസ്തഫ കോഡൂർ ജില്ല ജനറൽ സെക്രട്ടറി, കേരള മുസ്ലിം ജമഅത്ത്, മലപ്പുറം
സമുദായത്തിന് നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന അവകാശങ്ങൾ ഇല്ലാതാക്കുന്ന സാഹചര്യം ഇതുമൂലം ഉണ്ടാകരുത്. ഇക്കാര്യം സർക്കാർ ഗൗരവത്തിലെടുക്കണം. അതേസമയം, വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. നീതിയോട് കൂറ് പുലർത്തുന്ന ഉദ്യോഗസ്ഥർ ഉണ്ടാവുമെന്നും ബോർഡ് പ്രവർത്തനങ്ങൾ ക്രിയാത്മകവും നീതിപൂർവകവും ആവുമെന്നും പ്രതീക്ഷിക്കുന്നു.
കാലങ്ങളായി വഖഫ് ബോർഡ് മുസ്ലിം ലീഗ് സ്വന്തം താൽപര്യങ്ങൾക്ക് ഉപയോഗിക്കുകയാണ്. ഭൂരിഭാഗം ഉദ്യോഗസ്ഥരും നിരുത്തരവാദപരമായിട്ടാണ് പെരുമാറുന്നത്. ബോർഡിൽ രജിസ്ട്രേഷൻ പോലും ഒരു കടമ്പയാണ്. സുന്നി വഖഫുകൾ അന്യാധീനപ്പെട്ട് പോവുന്ന സാഹചര്യമാണ്. ഒരു രാഷ്ട്രീയ പാർട്ടിയുടെ വാലായി ബോർഡ് പ്രവർത്തിക്കുന്ന സാഹചര്യം ഒരിക്കലും ഉണ്ടാവാൻ പാടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.