അടച്ചിടാനാണെങ്കിൽ എന്തിനാണ് സാറേ ഈ ശുചിമുറികൾ?
text_fieldsമലപ്പുറം: ജില്ല ഭരണകൂടത്തിെൻറ ആസ്ഥാനമായ മലപ്പുറം സിവിൽ സ്റ്റേഷനിൽ വിവിധ ഇടങ്ങളിലായി നിരവധി ശുചിമുറികൾ കാണാം. ഇവയെല്ലാം സിവിൽ സ്റ്റേഷനിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന പൊതുജനങ്ങളുടെ ഉപയോഗത്തിനായി നിർമിച്ചവയാണ്. എന്നാൽ, കഴിഞ്ഞ കുറെ ആഴ്ചകളായി ഇവയെല്ലാം അടഞ്ഞുകിടക്കുകയാണ്. ഇതോടെ പ്രയാസത്തിലായിരിക്കുന്നത് വിവിധ ഓഫിസുകളിൽ അത്യാവശ്യ കാര്യങ്ങൾക്ക് എത്തുന്നവരാണ്.
ശുചിമുറികൾ അടഞ്ഞുകിടക്കുന്നത് പൊതുജനങ്ങൾക്കൊപ്പം ഇവിടെത്തെ ജീവനക്കാർക്കും പ്രയാസമുണ്ടാക്കുന്നു. മറ്റ് വഴികളില്ലാത്തതിനാൽ അത്യാവശ്യ സാഹചര്യങ്ങളിൽ ഓഫിസുകളിലെ ശുചിമുറികൾ ഉപയോഗിക്കുന്നതിന് അനുമതി തേടി ഇവരെ സമീപിക്കുകയാണ്.
ഏറ്റവും കൂടുതൽ പേർ എത്തുന്ന ഇടമാണ് കോടതി കോംപ്ലക്സ്. ഇവിടെ തന്നെയാണ് ജില്ല പി.എസ്.സി ഓഫിസ്, ഉപഭോക്ത്യ കമീഷൻ, എക്സൈസ് ഉൾപ്പെടെ അനേകം മറ്റ് ഓഫിസുകളും. ഈ കെട്ടിടത്തിന് മുൻവശത്തുള്ള ശുചിമുറി രണ്ട് മാസത്തോളമായി അടഞ്ഞുകിടക്കുകയാണ്. സമീപത്ത് ഭിന്നശേഷിക്കാർക്കായി നിർമിച്ച ബാരിയർ ഫ്രീ ടോയ്ലറ്റിെൻറ അവസ്ഥയും സമാനം. തൊട്ടപ്പുറത്ത് ജില്ല വിദ്യാഭ്യാസ ഓഫിസിന് മുൻവശത്തായി മണ്ണ് പരിശോധന കേന്ദ്രത്തോട് ചേർന്ന് മറ്റൊരു ബാരിയർ ഫ്രീ ടോയ്ലറ്റുണ്ട്. ഇതും അടഞ്ഞുകിടക്കുന്നു.
കലക്ടറുടെ ഓഫിസിനോട് ചേർന്ന് പരാതി പരിഹാര സെല്ലിന് സമീപത്തും ശുചിമുറിയുണ്ട്. തകരാറിലായതിനാൽ അടച്ചിരിക്കുന്നുവെന്നാണ് മുൻവശത്ത് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. ഇതിന് പിറകിൽ രണ്ട് ഷീ ടോയ്ലറ്റുകളുണ്ട്. ലോട്ടറി വകുപ്പിെൻറ സഹായത്തോടെ നിർമിച്ച ഇ ടോയ്ലറ്റുകളാണ് ഇവ. ഇവയൊന്നും കഴിഞ്ഞ കുറേ നാളുകളായി പ്രവർത്തിക്കുന്നില്ല.
കലക്ടറേറ്റ് കോൺഫറൻസ് ഹാളിന് പിറകിലുള്ള ഒരു ശുചിമുറി മാത്രമാണ് പ്രവർത്തിക്കുന്നത്. ഇതാണെങ്കിൽ ശോച്യാവസ്ഥയിലും. ശുചിമുറികളുടെ മേൽനോട്ടവും വെള്ളത്തിെൻറ പ്രശ്നവുമാണ് അടഞ്ഞുകിടക്കുന്നതിന് കാരണമായി പറയുന്നത്. ജില്ല ഭരണകൂടത്തിെൻറ ആസ്ഥാനത്തെ ഈ പ്രശ്നങ്ങൾക്കെല്ലാം കലക്ടർ മനസ്സുവെച്ചാൽ പരിഹാരം കാണാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.