മലപ്പുറത്ത് നഗരസഭയുടെ 'വൈ ഫൈ സ്മാരകങ്ങൾ'
text_fieldsമലപ്പുറം: നഗരസഭയുടെ സ്വപ്ന പദ്ധതിയായി 2015ൽ നടപ്പാക്കിയ സൗജന്യ വൈ ഫൈ നിലച്ചിട്ട് നാല് വർഷം. പദ്ധതിക്ക് വേണ്ടി സ്ഥാപിച്ച ടവറുകൾ കാടുമൂടി കിടക്കുകയാണിപ്പോൾ.
പൗരന്മാർക്ക് സൗജന്യമായി ഇൻറർനെറ്റ് സേവനം ലഭ്യമാക്കുന്ന രാജ്യത്തെ ആദ്യ നഗരസഭയെന്ന ഖ്യാതിയോടെയാണ് തുടങ്ങിയതെങ്കിലും ദീർഘവീക്ഷണമില്ലായ്മ തിരിച്ചടിയായി. യൂസർ ഫീയായി കൊടുക്കാനുള്ള വൻ തുക കണ്ടെത്താൻ കഴിയാതിരുന്നതോടെ തുടർന്നുവന്ന ഭരണസമിതി വലിയ താൽപര്യം കാണിച്ചതുമില്ല. പദ്ധതി നടപ്പാക്കിയ റെയിൽ ടെല്ലിന് യൂസർ ഫീ കുടിശ്ശികയായതോടെയാണ് വൈ ഫൈ നിലച്ചത്.
ഐ.ടി മിഷനുമായി സഹകരിച്ച് നടപ്പാക്കിയ പദ്ധതിയിൽ ഒരു കോടി 73 ലക്ഷം രൂപക്കായിരുന്നു റെയിൽ ടെല്ലുമായി കരാർ. ആദ്യഘട്ടത്തിൽ തനത് ഫണ്ടിൽ നിന്നെടുത്ത് 50 ലക്ഷം രൂപ നൽകി. ഐ.ടി മിഷൻ 50 ലക്ഷം അനുവദിക്കുന്നത് വൈകിയതോടെയാണ് നഗരസഭ സമ്മർദത്തിലായത്.
ബാക്കി ഒന്നേകാൽ കോടിയോളം രൂപ എവിടെനിന്ന് കണ്ടെത്തുമെന്ന ആശങ്കയിലായി ഭരണസമിതി. ഇത്രയും ഭീമമായ സംഖ്യ തനത് ഫണ്ടിൽ നിന്നെടുക്കുന്നത് മറ്റു പദ്ധതികളെ ബാധിക്കുമെന്നതും മൊബൈൽ ഫോൺ സേവന ദാതാക്കൾ വലിയ തോതിൽ വൈ ഫൈ നൽകാൻ തുടങ്ങിയതും കണക്കിലെടുത്ത് തുടരേണ്ടതില്ലെന്ന നിലപാടെടുക്കുകയായിരുന്നു നഗരസഭ.
50 ലക്ഷം പിന്നീട് ഐ.ടി മിഷൻ നൽകിയെങ്കിലും റെയിൽ ടെല്ലിന് കൈമാറിയില്ല. പദ്ധതിക്കായി കോട്ടപ്പടി, കുന്നുമ്മൽ, നഗരസഭ ഓഫിസ് എന്നിവിടങ്ങളിൽ വൈ ഫൈ ടവറുകൾ സ്ഥാപിച്ചിരുന്നു. ഒന്നര ചതുരശ്ര കിലോ മീറ്റർ ചുറ്റളവിലാണ് സിഗ്നൽ ലഭിച്ചിരുന്നത്. മേൽമുറി, പാണക്കാട് തുടങ്ങിയ പ്രധാന ഭാഗങ്ങളിൽ സിഗ്നൽ കിട്ടിയിരുന്നില്ല.
ഇത് വ്യാപിപ്പിക്കണമെന്ന് ജനങ്ങളിൽ നിന്ന് ആവശ്യം ഉയരുന്നതിനിടെയാണ് പാടെ നിർത്തലാക്കേണ്ട തരത്തിലെ പ്രതിസന്ധിയിലെത്തിയത്.
ബാക്കി തുക ലഭിക്കുന്നതിന് നിരവധി തവണ നഗരസഭ അധികൃതർക്ക് റെയിൽടെൽ കത്ത് നൽകിയിരുന്നു. കമ്പനി നിയമനടപടികളിലേക്ക് നീങ്ങിയാൽ സ്ഥിതിഗതികൾ സങ്കീർണമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.