വന്യജീവി ആക്രമണം; നഷ്ടപരിഹാരത്തിന് അനന്തരാവകാശ സര്‍ട്ടിഫിക്കറ്റുകള്‍ വേഗത്തിൽ നൽകണം -കലക്ടർ
text_fieldsമലപ്പുറം: ജില്ലയിലെ മനുഷ്യ-വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട് പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാനും ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യാനുമായി ജില്ല കലക്ടര്‍ വി.ആര്. വിനോദിന്റെ അധ്യക്ഷതയില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു.
ജില്ലയിലെ മനുഷ്യ-വന്യജീവി തടയാൻ വനംവകുപ്പ് ജനങ്ങളോട് യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് എ.പി. അനില്‍കുമാര്‍ എം.എല്‍.എ ആവശ്യപ്പെട്ടു. അക്രമത്തിനിരയായവരെ വനം വകുപ്പ് തിരിഞ്ഞുനോക്കാത്ത അവസ്ഥയുമുണ്ട്. ഇത് ഒഴിവാക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. വന്യമൃഗ ശല്യം മൂലുമുണ്ടായ നഷ്ടത്തിന് പരിഹാരം നല്‍കാനായി നിലമ്പൂർ സൗത്ത് വനം ഡിവിഷനിൽ 42 ലക്ഷം രൂപയും നോർത്ത് ഡിവിഷനിൽ 54.5 ലക്ഷം രൂപയും അനുവദിച്ചതായി നിലമ്പൂര്‍ സൗത്ത്, നോര്‍ത്ത് ഡി.എഫ്.ഒമാര്‍ എ.പി. അനില്‍കുമാര്‍ എം.എല്‍.എയുടെ ചോദ്യത്തിനുത്തരമായി അറിയിച്ചു. തുകയുടെ വിതരണം തുടങ്ങിയിട്ടുണ്ട്. അനന്തരാവകാശ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാനുള്ള കാലതാമസം പലപ്പോഴും നഷ്ടപരിഹാരം ലഭിക്കാൻ തടസ്സമാവുന്നതായും ഇതൊഴിവാക്കാന്‍ അനന്തരാവകാശ സര്‍ട്ടിഫിക്കറ്റുകള്‍ പെട്ടെന്ന് കൊടുത്തുതീര്‍ക്കണമെന്നും കലക്ടര്‍ തഹസില്‍ദാര്‍മാര്‍ക്ക് നിർദേശം നല്കി.
വന്യമൃഗങ്ങളുടെ ആക്രമണ ഭീഷണിയുള്ള സ്ഥലങ്ങളിൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പും ഉപദേശവും നൽകാൻ സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ രൂപവത്കരിക്കാന്‍ കലക്ടര്‍ നിർദേശം നല്കി. വനമേഖലയോട് ചേർന്ന തോട്ടങ്ങളിലെ കുറ്റിക്കാടുകളും അടിക്കാടുകളും കാട്ടുചെടികളും നീക്കാൻ ഉടമകള്‍ക്ക് നിർദേശം നല്‍കും.
പ്ലാനിങ് കോൺഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ.പി. അനില്‍കുമാര്‍ എം.എല്‍.എ, പെരിന്തല്‍മണ്ണ സബ് കലക്ടര്‍ അപൂര്‍വ തൃപാദി, ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍മാരായ പി. കാര്‍ത്തിക് (നിലമ്പൂര്‍ നോര്‍ത്ത്), ജി. ധനിക് ലാല്‍ (നിലമ്പൂര്‍ സൗത്ത്), മലയോര മേഖലയിലെ തദ്ദേശവകുപ്പ് അധ്യക്ഷര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.