ചാലിയാറിൽ കാട്ടാനയുടെ പരാക്രമം തുടരുന്നു
text_fieldsനിലമ്പൂർ: ചാലിയാർ പഞ്ചായത്തിൽ പരിഹാരമില്ലാതെ കാട്ടാനശല്യം തുടരുന്നു. ഇരുട്ടുവീണ് തുടങ്ങുന്നതോടെ പന്തീരായിരം, മൂവായിരം വനമേഖലകളിൽനിന്ന് ജനവാസമേഖലയിലിറങ്ങുന്ന കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിക്കൽ തുടരുകയാണ്. മനുഷ്യജീവന് ഭീഷണി ഉയർത്തുന്ന സാഹചര്യമാണുള്ളത്. ഓക്കാട്, കല്ലുണ്ട, നമ്പൂരിപ്പൊട്ടി ഭാഗങ്ങളിൽനിന്ന് കാട്ടാനകൾ ഒഴിഞ്ഞുപോകുന്നില്ല.
കാട്ടാനപ്പേടി മൂലം നേരം ഇരുട്ടിയാൽ ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയുന്നില്ല. റോഡിലൂടെ നടക്കുന്ന ഒറ്റയാനെ പേടിച്ച് ഇരുട്ടുന്നതോടെ നിരത്തുകളും വിജനമാകുന്നു. ഞായറാഴ്ച പുലർച്ച കല്ലുണ്ട, നമ്പൂരിപ്പൊട്ടി ഭാഗത്തിറങ്ങിയ കാട്ടാന അമ്മിക്കോടൻ ഖാദർ, ഊർച്ചമണ്ണിൽ സുലൈമാൻ, വള്ളിക്കാടൻ അബ്ദുറഹ്മാൻ, അമ്മിക്കോടൻ ശിഹാബ്, വള്ളിക്കാടൻ ശരീഫ്, വള്ളിക്കാടൻ അബ്ദുല്ല, വലിയതൊടിക ബാവ തുടങ്ങിയവരുടെ വാഴ, തെങ്ങ്, കവുങ്, കപ്പ കൃഷികൾ വ്യാപകമായി നശിപ്പിച്ചു. പലരും ബാങ്ക് വായ്പയെടുത്തും മറ്റും കൃഷിയിറക്കിയവരാണ്.
വനാതിർത്തിയിൽ അടിയന്തരമായി ഹാങ്കിങ് സൗരോർജവേലി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെയും കർഷകരുടെയും ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.