അമരമ്പലത്ത് കരടിക്ക് പുറമെ കാട്ടാനയും
text_fieldsപൂക്കോട്ടുംപാടം: കരടിക്കു പുറമെ കാട്ടാനയും അമരമ്പലത്ത് ജനവാസ മേഖലയിൽ ഭീതി പരത്തുന്നു. അമരമ്പലത്തെ മലയോര മേഖലകളിൽ വന്യമൃഗശല്യം രൂക്ഷമാവുകയാണ്. തിങ്കളാഴ്ച രാവിലെ 11ഓടെ കവളമുക്കട്ടയിലെത്തിയ കാട്ടാന ഒരു മണിക്കൂറോളം ഭീതി പരത്തിയാണ് മടങ്ങിയത്. കവളമുക്കട്ട, ഗേറ്റ്, കൽച്ചിറ, മൂച്ചിമല തുടങ്ങിയ പ്രദേശങ്ങളിലാണ് കാട്ടാനയെത്തിയത്. അപ്രതീക്ഷിതമായി പകൽ കാട്ടാന എത്തിയതോടെ പലരും ആനക്ക് മുമ്പിലകപ്പെട്ടു.
മേലേ പറമ്പൻ ആഷിഖ്, ഉപ്പുതറ താമികുട്ടി എന്ന കുഞ്ഞുട്ടൻ, ആശ വർക്കറായ ഒഴുകൂരാൻ ഷൈലജ തുടങ്ങിയവർ തലനാരിഴക്കാണ് ആനയുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടത്. ആനയെ കണ്ട് ഓടുന്നതിനിടെ വീണ് മേലേപറമ്പൻ ആഷിഖിന് കാലിനും കൈക്കും പരിക്ക് പറ്റിയിട്ടുണ്ട്. ആഷിഖ് അമരമ്പലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.
രാത്രി കാട്ടാന എത്താറുെണ്ടങ്കിലും പകൽ ആനയെ കണ്ടതോടെ ആളുകൾ പരിഭ്രാന്തരാവുകയായി. ജനവാസ മേഖലയിൽ ശല്യക്കാരായെത്തുന്ന കാട്ടാനകളെ തുരത്താൻ വനം വകുപ്പ് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. നിരവധി ആളുകൾ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന കവളമുക്കട്ട അങ്ങാടി വരെ ആന എത്തിയതോടെ ആളുകൾ ഭീതിയിലാണ്. ഒരു മണിക്കൂറോളം ജനവാസ കേന്ദ്രങ്ങളിലൂടെ വിലസിയ ആന ഉച്ചക്ക് 12ഓടെയാണ് കാട് കയറിയത്. ഞായറാഴ്ചയാണ് ടി.കെ. കോളനിയിൽ മധ്യവയസ്കൻ കരടിയുടെ ആക്രമണത്തിന് വിധേയനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.