പാലാങ്കര ജനവാസ കേന്ദ്രത്തില്‍ കാട്ടാനക്കൂട്ടം
text_fieldsഎടക്കര/കരുളായി: തീറ്റ തേടിയെത്തിയ കാട്ടാനക്കൂട്ടം മൂത്തേടം പാലാങ്കര ജനവാസ കേന്ദ്രത്തില്‍ ഭീതിപരത്തി. തിങ്കളാഴ്ച രാത്രിയാണ് കുട്ടി ഉള്‍പ്പെടെ 11 ആന ജനവാസ കേന്ദ്രത്തിലെത്തിയത്. കല്ലേന്തോട് മുക്കില്‍നിന്ന് പുഴയിലൂടെ താഴേ പാലാങ്കരയിലെ കൃഷിയിടത്തില്‍ പ്രവേശിച്ച ആനകൾ നേരം പുലർന്ന് ജനസഞ്ചാരം തുടങ്ങിയപ്പോൾ കാട്ടിലേക്കു പോകാനാകാതെ ഒയലക്കല് ചെറിയ പാലത്തിനുതാഴെയുള്ള തുരുത്തില് കുടുങ്ങി. പാലാങ്കരയിലെ പണ്ടകശാല വര്‍ഗീസ്, പണ്ടകശാല ഫെബിന്, അറ്റാശേരി രാജു, ഓവനാലില്‍ ലഞ്ചു, കീച്ചേരില്‍ മാത്യുകുട്ടി എന്നിവരുടെ തോട്ടത്തിലെ നിരവധി തെങ്ങ്, കമുക്, വാഴ, തീറ്റപ്പുല്‍ എന്നിവ നശിപ്പിച്ചു.
ബഹളം വെച്ചും മറ്റും ആട്ടിയകറ്റാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. വിവരമറിഞ്ഞ് രാവിലെ ഏഴോടെ നിലമ്പൂരില്‍നിന്ന് വനം റാപ്പിഡ് റെസ്പോണ്‍സ് ടീം അംഗങ്ങള്‍ സ്ഥലത്തെത്തി. ക്ഷുഭിതരായ നാട്ടുകാര്‍ ആദ്യം ആനകളെ കാടുകയറ്റാൻ വിസമ്മതിക്കുകയും വനപാലകരുമായി വാക്തര്‍ക്കമുണ്ടാകുകയും ചെയ്തു. ഒടുവിൽ വനപാലകര്‍ ആന തമ്പടിച്ച കാടിനു സമീപം പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കായും എട്ടുമണിയോടെ കല്ലേന്തോടുമുക്കിലൂടെ വനത്തിലേക്ക് തിരിച്ചയച്ചു. പ്രളയത്തെ തുടർന്ന് കരിമ്പുഴയിലെ കുഴികൾ തൂർന്നതോടെ പുഴ വറ്റികിടക്കയാണ്.
രാത്രിയായാൽ പുഴ കടന്നെത്തുന്ന കാട്ടാനകളുടെ സ്വൈരവിഹാര കേന്ദ്രമായി മാറുകയാണ് ഈ പ്രദേശം. വേനൽ കടുത്തതോടെ വെള്ളവും തീറ്റയും തേടി കാട്ടാനകൾ കൂട്ടത്തോടെ എത്താനിടയുള്ളതിനാൽ ഇതുവഴിയുള്ള യാത്രക്കാരും നാട്ടുകാരും ശ്രദ്ധിക്കണമെന്ന നിർദേശവും വനം വകുപ്പ് അധികൃതർ മുന്നോട്ടു വെക്കുന്നുണ്ട്.
വന്യമൃഗങ്ങള്‍ കാടിറങ്ങുന്നത് തടയാന്‍ ഫലപ്രദമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിലമ്പൂര്‍ ഡി.എഫ്.ഒ, മൂത്തേടം ഗ്രാമപഞ്ചായത്ത് അധികൃതര്‍ എന്നിവര്‍ക്ക് കര്‍ഷകര്‍ പരാതി നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.