കരുളായിയിലും അമരമ്പലത്തും കരളലിയിക്കും കാഴ്ചകൾ
text_fields70 ഹെക്ടറിൽ നെൽകൃഷി പരന്നു കിടക്കുന്ന മലയോര മേഖലയായ കരുളായി, അമരമ്പലം, പൂക്കോട്ടുംപാടം എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചാൽ കാട്ടാനയും കാട്ടുപന്നിയും നശിപ്പിച്ച കൃഷിയിടങ്ങളുെട കരളലയിക്കുന്ന കാഴ്ചകൾ കാണാം. പകുതിയിലധികം പാടങ്ങളും പന്നിശല്യത്തിെൻറ പിടിയിലാണ്.
ശല്യം പരിധിവിട്ടതോടെ നെൽകൃഷിയിൽനിന്ന് പിന്മാറേണ്ട അവസ്ഥയാണ്. രാത്രി കൂട്ടമായെത്തുന്ന കാട്ടാനകളും പന്നിക്കൂട്ടവും ഏക്കറുണക്കിന് റബർ മരങ്ങളും നെൽകൃഷിയും നശിപ്പിച്ചാണ് മടങ്ങുന്നത്. ശങ്കരംകോട്, ചെറുപുഴ, മൈലമ്പാറ പ്രദേശങ്ങളിലാണ് കാട്ടാനകൾ തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയ കാർഷിക വിളകൾ വ്യാപകമായി നശിപ്പിച്ചത്. കർഷക സഭയിൽ വന്യമൃഗ ശല്യത്തിൽനിന്ന് മോചനം നേടാൻ സോളാർ വേലി പോലുള്ള നടപടികൾ കർഷകർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഒന്നും നടന്നില്ല. സർക്കാർ അനുവദിക്കുന്ന സാഹചര്യത്തിൽ മാത്രമാണ് പ്രശ്ന പരിഹാരം കാണാനാവുകയുള്ളൂവെന്ന് കരുളായി കൃഷി ഓഫിസർ സുധീഷ്ണ പറഞ്ഞു.
പന്നിക്കൂട്ടങ്ങളുടെ വരവ് ഇപ്പോഴും തുടരുന്നു. ഇതിന് പുറമെ കുരങ്ങുകളും കാർഷിക വിളകൾക്ക് കടുത്ത വെല്ലുവിളിയാണ്. മൈലാടി ഉമ്മർ, മജീദ്, മുജീബ് എന്നിവരുടെ 40ഓളം വരുന്ന റബർ മരങ്ങൾ കഴിഞ്ഞ ദിവസം എത്തിയ ആനക്കൂട്ടം കുത്തിയും പുഴക്കിയും നശിപ്പിച്ചിരുന്നു. ഇങ്ങനെ എത്രയോ കാഴ്ചകൾ ഈ മേഖലയിലുണ്ട്.
പരിഹാരം തേടി അധികൃതർക്ക് മുന്നിൽ
അമരമ്പലം കവളമുക്കട്ടയിലെ കാട്ടാന ശല്യത്തിന് പരിഹാരം തേടി ഗ്രാമപഞ്ചായത്ത് അധികാരികളും എൻ.സി.പി നേതാക്കളും വനം വകുപ്പ് ഉദ്യോഗസ്ഥരെ കണ്ടിരുന്നു. കവളമുക്കട്ട, ഉണ്ണികുളം ഭാഗങ്ങളിലാണ് വ്യാപക നാശം വിതക്കുന്നത്. നേരം ഇരുട്ടുന്നതിനു മുമ്പേ കാടിറങ്ങുകയാണ് ആനകൾ.
ഇതിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ കഴിഞ്ഞദിവസം ഗ്രാമപഞ്ചായത്തിൽ പരാതിയുമായി എത്തിയിരുന്നു. ഇതിന് പിറകെയാണ് പഞ്ചായത്ത് പ്രസിഡൻറിെൻറ നേതൃത്വത്തിൽ ചക്കികുഴി ഫോറസ്റ്റ് സ്റ്റേഷൻ അധികൃതരെ സന്ദർശിച്ചത്. ഡി.എഫ്.ഓയുമായും അവർ സംസാരിച്ചു. ഔട്ട് പോസ്റ്റുകൾ സ്ഥാപിച്ച് താൽക്കാലിക ജീവനക്കാരെ നിയമിക്കാനും ആനയെത്തുന്നത് തടയാൻ ആവശ്യമായ സാമഗ്രികൾ എത്തിക്കാനും നടപടിയുണ്ടാകുമെന്ന് ഡി.എഫ്.ഒ ഉറപ്പുനൽകിയിട്ടുണ്ട്.
ഒന്നല്ല, പലവട്ടമാണ് വിളകൾ നശിപ്പിക്കപ്പെട്ടത്
നട്ടുനനച്ചുണ്ടാക്കുന്ന വിളകൾ കാട്ടാന പലവട്ടം നശിപ്പിച്ചത് നിസ്സഹായനായി കാണേണ്ടി വന്ന കർഷകനാണ് കരുളായി ശങ്കരംകോട്ടിലെ മുണ്ടോടൻ കബീർ. ഒന്നല്ല, പലവട്ടമാണ് കൃഷിയിടത്തിൽ കാട്ടാനകൾ കയറി മേഞ്ഞത്.
അധികൃതർക്ക് പരാതി നൽകാറുണ്ടെങ്കിലും കാര്യമായ നടപടികളൊന്നും ഉണ്ടാവാറില്ല. ഇത് എെൻറ മാത്രം പരാതിയല്ല. കർഷകരുടെ മൊത്തം പരാതിയാണ്. ബാങ്ക് വായ്പയെടുത്തും മറ്റും കൃഷി നടത്തുന്നതോടൊപ്പം സ്വന്തം ചെലവിൽ സോളാർ വേലി സ്ഥാപിക്കേണ്ട ഗതികേടിലാണ് കർഷകർ. വന്യമൃഗ ശല്യത്തിന് സർക്കാർ തലത്തിൽ സോളാർ വേലി സംവിധാനം ഒരുക്കണമെന്നും പന്നികളെ വെടിവെക്കാൻ നൽകിയ ഉത്തരവിൽ കുരങ്ങുകളെ കൂടി ഉൾപ്പെടുത്തണമെന്നുമാണ് കർഷകരുടെ ആവശ്യമെന്ന് മുണ്ടോടൻ കബീർ പറയുന്നു.
വനം വകുപ്പിന് പറയാനുള്ളത്
നെടുങ്കയം വനഭൂമി ഉൾപ്പെടുന്ന പ്രദേശങ്ങളിൽ സോളാർ വേലി നിലവിലുള്ള ഭാഗങ്ങളിൽ പരിപാലിച്ചുപോരുന്നതായും മുക്കം കടവു മുതൽ ചെറുപുഴയുള്ള ഭാഗങ്ങളിൽ നടപടി പുരോഗമിക്കുന്നതായുമാണ് വനം വകുപ്പ് അധികൃതർ പറയുന്നത്. മൂന്നു മാസം കൂടുമ്പോൾ ജനജാഗ്രത യോഗം ചേരുകയും കർഷകരുടെയും മറ്റും പ്രശ്നങ്ങളും പരാതികളും വിലയിരുത്തുകയും ചെയ്തു വരുന്നുണ്ട്. മാത്രമല്ല മൈലമ്പാറ ജനവാസ കേന്ദ്രങ്ങളിൽ കാട്ടാനയിറങ്ങുമ്പോൾ വനപാലകരുടെ സേവനം ലഭ്യമാക്കുന്നുണ്ടെന്നും കരുളായി റേഞ്ച് ഓഫിസർ അജ്മൽ അമീൻ പറഞ്ഞു.
വേങ്ങാപരതയിൽ നശിപ്പിച്ചത് 1500 നേന്ത്രവാഴകൾ
അമരമ്പലത്തെ പാട്ടക്കരിമ്പ്, വേങ്ങാപരത, കവളമുക്കട്ട പ്രദേശങ്ങളിൽ കാട്ടാനകൾ നിത്യ സന്ദർശകരാണ്. വേങ്ങാപരതയിൽ പാട്ടഭൂമിയിൽ നേന്ത്രവാഴ കൃഷി നടത്തുന്ന ഇടുക്കി സ്വദേശികളായ മൈലാങ്കൽ ഷിജു, ബിനീഷ്, അടയ്ക്കാക്കുണ്ട് സ്വദേശി ഐക്കരപറമ്പിൽ സുനീഷ് എന്നിവരുടെ 10,000 വാഴകളിൽ 1500ലധികം എണ്ണം പലതവണയായി എത്തിയ കാട്ടാനകൾ നിലംപരിശാക്കി.
രണ്ടു വർഷമായി ഈ ഭാഗത്തു വാഴ കൃഷി നടത്തുന്ന ഇവർ കഴിഞ്ഞ തവണ വന്ന നഷ്ടം നികത്താനാണ് ഇത്തവണയും കൃഷി നടത്തിയത്. എന്നാൽ, കാട്ടാനക്കൂട്ടം ഇത്തവണയും പ്രതീക്ഷകൾ നശിപ്പിച്ചു. ബാങ്ക് വായ്പയെടുത്തും സാമ്പാദ്യവും ചേർത്താണ് കൃഷി ആരംഭിച്ചതെന്ന് ഷിജു പറഞ്ഞു. മാത്രമല്ല സന്ധ്യ മയങ്ങുന്നതോടെ കൃഷിയിടത്തിലെത്തുന്ന കാട്ടാനകളെ ഓടിക്കാൻ രാത്രി മുഴുവൻ പടക്കവും മറ്റുമായി കാവലിരിക്കണം. മൂന്നു മാസമായി ഉറക്കമിളക്കുന്നതിനാൽ ശാരീരിക പ്രശ്നങ്ങൾ അലട്ടുന്നുണ്ട്. വാഴകൾ ഇൻഷുർ ചെയ്തിട്ടുണ്ടെങ്കിലും തുക ഇതുവരെയും കർഷകർക്ക് ലഭ്യമായിട്ടില്ലെന്ന പരാതിയും കർഷകർക്കുണ്ട്. നഷ്ടപരിഹാര തുക വർധിപ്പിച്ച് യഥാസമയം നൽകാൻ നടപടിയുണ്ടാകണമെന്ന് നേന്ത്രവാഴ കർഷകനായ മൈലാങ്കൽ ഷിജു പറഞ്ഞു.
(നാളെ: നഗര-ഗ്രാമ വ്യതാസമില്ലാതെ കാട്ടുമൃഗങ്ങൾ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.