ലക്ഷങ്ങൾ െപാടിയുന്നത് മിച്ചം: പരിഹാരം ഇനിയും അകലെ
text_fieldsവനാതിർത്തിയിൽ ലക്ഷങ്ങളാണ് വിവിധ പദ്ധതികൾക്കായി സർക്കാർ പൊടിക്കുന്നത്. സോളാർ വേലി, കിടങ്ങ്, ആനമതിൽ, പട്രോളിങ് എന്നിവക്കെല്ലാം തുക മുടക്കുന്നുണ്ട്. എന്നാൽ ഇതൊന്നും കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരമാവുന്നില്ല. കാട്ടുമൃഗങ്ങൾ നിർബാധം കൃഷിയിടങ്ങളിലെത്തുന്നു. എല്ലാം നശിപ്പിച്ച് കാടുകയറുന്നു. സോളാർ വേലിയും കിടങ്ങുമൊന്നും നിലമ്പൂരിെൻറ ഭൂപ്രകൃതിക്ക് അനുയോജ്യമല്ലെന്ന് ഡി.എഫ്.ഒ തന്നെ സാക്ഷ്യപ്പെടുത്തുന്നു. നഷ്ടപരിഹാരത്തിനായുള്ള കടമ്പകളും കാത്തിരിപ്പുമാണ് മറ്റൊരു പ്രശ്നം. അത് വേഗത്തിലാക്കാനും അർഹമായ രീതിയിൽ നൽകാനും നടപടി സ്വീകരിക്കണമെന്ന മുറവിളിക്ക് വർഷങ്ങളുടെ പഴക്കമുണ്ട്.
നഷ്ടപരിഹാരം, അത് കിട്ടാറില്ല
നഷ്ടപരിഹാരം കിട്ടാൻ അധികൃതരുടെ കനിവിനായി ചെലവഴിക്കേണ്ട പണവും കഷ്ടപ്പാടും ആലോചിക്കുമ്പോള്‍ വനം വകുപ്പിെൻറ ഒൗദാര്യം വേണ്ടെന്നു വെക്കുകയാണ് മിക്ക കര്‍ഷകരും. വന്യമൃഗങ്ങളെ തടയാനും വിളനാശത്തിന് മതിയായ നഷ്ടപരിഹാരം നല്‍കാനും സത്വര നടപടി വേണമെന്ന ആവശ്യം ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. കാട്ടാനശല്യം ചെറുക്കാന്‍ വനംവകുപ്പ് കോടികള്‍ ചെലവഴിക്കുമ്പോഴും ഇവയൊന്നും ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്നില്ല. വര്‍ഷം തോറും വിവിധ ഫണ്ടുകള്‍ വിനിയോഗിക്കുന്നു എന്നാണ് വനംവകുപ്പ് അവകാശപ്പെടുന്നത്. എന്നാല്‍ മൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നതും നാശം വിതക്കുന്നതും തുടര്‍ക്കഥയാവുകയാണ്. വനാതിര്‍ത്തികളില്‍ സൗരോര്‍ജവേലി, കിടങ്ങ് എന്നിവ വര്‍ഷങ്ങള്‍ക്ക് മുമ്പ് നിർമിച്ചിരുന്നു. ഇവയെല്ലാം നശിച്ചു തുടങ്ങി. മിക്കയിടങ്ങളിലും കിടങ്ങുകള്‍ മണ്ണിടിഞ്ഞ് നികന്നും വേലികള്‍ക്ക് താഴെ അടിക്കാടുകള്‍ വളര്‍ന്നും പ്രവര്‍ത്തനരഹിതമാണ്. ചിലയിടങ്ങളില്‍ സൗരോര്‍ജവേലികള്‍ അവശേഷിക്കുന്നുപോലുമില്ല. പലവകയിൽ ഫണ്ടുകള്‍ വര്‍ഷംതോറും എത്തുന്നുണ്ടെങ്കിലും പൂര്‍ണമായും കാര്യക്ഷമമായും വിനിയോഗിക്കപ്പെടുന്നില്ലെന്നാണ് കർഷകർ പറയുന്നത്.
ആയുസില്ലാത്ത സോളാർ വേലികൾ
കാട്ടാനകളെ തടയാനായി വനംവകുപ്പ് ലക്ഷങ്ങൾ മുടക്കി സൗരോർജ വേലി പണിയാറുണ്ട്. അശാസ്ത്രീയമായി നിർമിക്കുന്ന ഇവ ആനകൾക്ക് തടസ്സമേയല്ല. നോക്കാൻ ആളില്ലാത്തതിനാൽ വേലിക്കു മുകളിൽ പെട്ടെന്ന് കാടുകയറുന്നു. ചെറു ബാറ്ററികളിൽ നിന്നുള്ള വൈദ്യുതി ആനകൾക്ക് ഏൽക്കില്ല. മരക്കമ്പുകൾ മറിച്ചിട്ട് വേലി തകർത്ത് ആനകൾ കാടിറങ്ങുന്നു. ഇതിനായി വഴിപാട് പോലെ മുടക്കുന്ന തുക വേലിനിർമിക്കാൻ സബ്സിഡിയായി നൽകണമെന്ന കർഷകരുടെ ആവശ്യം പക്ഷേ സർക്കാർ കേൾക്കുന്നുമില്ല.
ആനകളുടെ എണ്ണത്തിൽ വൻ വർധന
കാട്ടാനകളുടെ പെരുക്കവും കർഷകരെ ഭീതിയിലാക്കുന്നുണ്ട്. നിലമ്പൂർ വനത്തിൽ കാട്ടാനകളുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായതായി കണക്കെടുപ്പിൽ കണ്ടെത്തിയിരുന്നു. തമിഴ്നാടും കർണാടകയും അതിർത്തികൾ പങ്കിടുന്ന വനമേഖലയെന്ന പ്രത്യേകതയുള്ളതിനാൽ നിലമ്പൂർ കാട്ടിൽ ആനകളുടെ പോക്ക് വരവ് ഏറെയാണ്. കണക്കെടുപ്പിെൻറ വിവരങ്ങൾ പൂർണമായും വനംവകുപ്പ് പുറത്ത് വിട്ടിട്ടില്ലെങ്കിലും 15 ശതമാനത്തിലേറെ വർധനവുണ്ടായിട്ടുണ്ടെന്ന് ഉയർന്ന ഉദ്യോഗസ്ഥർ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
ആനത്താരകൾ തിരിച്ചു പിടിക്കാതെ രക്ഷയില്ല
വന്യജീവികൾ കൃഷിയിടത്തിലിറങ്ങാൻ കാരണങ്ങൾ പലതാണെന്നാണ് പഠനറിപ്പോർട്ടുകൾ പറയുന്നത്. 1999ൽ വഴിക്കടവ് ആലപ്പൊയിലിലെ വലിയത്തൊടിക ബിയാത്തുവിനെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തോടെയാണ് നിലമ്പൂർ കാട്ടിൽ കാട്ടാനകളുടെ ആക്രമണത്തെ കുറിച്ചുള്ള ഔദ്യോഗിക പഠനം തുടങ്ങിയത്.
കേരള വനം ഗവേഷണ കേന്ദ്രം ഡയറക്ടർ കൂടിയായിരുന്ന ഡോ. ഈസയുടെ നേതൃത്വത്തിലായിരുന്നു പഠനം. നിലമ്പൂർ കാട്ടിലെ ആനത്താരകൾ അടഞ്ഞതാണ് ഇവ ജനവാസ കേന്ദ്രത്തിലേക്കിറങ്ങാൻ മുഖ്യകാരണമെന്നായിരുന്നു പഠനറിപ്പോർട്ട്. വനത്തിനകത്തെ സ്വകാര്യ തോട്ടമുടമകൾ കൈയേറിയും വേലികെട്ടി തിരിച്ചും ആനസഞ്ചാരപാതകളിൽ 90 ശതമാനവും അടഞ്ഞുകിടക്കുകയാണെന്നായിരുന്നു കണ്ടെത്തൽ. സഞ്ചാരപാതകൾ അടഞ്ഞതോടെ കൂട്ടം തെറ്റി ഇവ കൃഷിയിടത്തിലേക്കും ജനവാസ കേന്ദ്രത്തിലേക്കുമിറങ്ങി തുടങ്ങി. ഇത് ആനകളുടെ സ്വഭാവത്തിലും മാറ്റം വരുത്തി. കടുത്ത വരൾച്ചയും തീറ്റ കുറഞ്ഞതും മറ്റു കാരണങ്ങളാണെന്നും റിപ്പോർട്ടിൽ പറയുന്നു.
പാലിക്കപ്പെടാത്ത നിർദേശങ്ങൾ
കാട്ടാനകൾ നാട്ടിൻപുറങ്ങളിലേക്കിറങ്ങുന്നത് ഒഴിവാക്കാൻ ഡോ. ഈസ നൽകിയ നിർദേശങ്ങൾ പാലിക്കപ്പെട്ടില്ല. അടഞ്ഞ ആനത്താരകൾ പുനഃസ്ഥാപിക്കുക, കാട്ടിൽ തന്നെ തീറ്റയും വെള്ളവും ലഭിക്കാനുള്ള നടപടികൾ സ്വീകരിക്കുക തുടങ്ങിയവയായിരുന്നു പ്രധാനപ്പെട്ടത്. കുടിവെള്ള ലഭ്യതക്കായി കാട്ടിൽ കുളങ്ങൾ നിർമിച്ചതൊഴികെ മറ്റു നടപടികളൊന്നും ഉണ്ടായില്ല. കാട്ടിൽ മുള കാടുകളും ഫലവൃക്ഷങ്ങളും വെച്ചുപിടിപ്പിക്കുകയെന്ന പ്രധാനപ്പെട്ട പരിഹാരമാർഗവും അവഗണിക്കപ്പെട്ടു.
തുരത്താൻ റാപ്പിഡ് ആക്ഷൻ ടീമും എലിഫെൻറ് സ്ക്വാഡും
ജനവാസ കേന്ദ്രത്തിലേക്കിറങ്ങുന്ന കാട്ടാനകളെ തുരത്താൻ നിലമ്പൂർ നോർത്ത് ഡിവിഷനിൽ രണ്ട് റാപ്പിഡ് ആക്ഷൻ ടീമും സൗത്ത് ഡിവിഷനിൽ നെടുങ്കയം കേന്ദ്രമാക്കി എലിഫെൻറ് സ്ക്വാഡും വാഹന സൗകര്യത്തോടെ പ്രവർത്തിക്കുന്നുണ്ട്. ആനയെ തുരത്താൻ ഇവരുടെ പക്കൽ സേർച്ച് ലൈറ്റും റബർ ബുള്ളറ്റ് ഉപയോഗിക്കാനുള്ള തോക്കും പിന്നെ പടക്കങ്ങളുമാണുള്ളത്. മുമ്പ് ലൈറ്റ് കണ്ടാലും പട്ടക്കം പൊട്ടിച്ചാലും കാട്ടിലേക്ക് കുതിച്ചിരുന്ന ആനകളുടെ സ്വഭാവത്തിലും മാറ്റം വന്നു. ഇപ്പോൾ ലൈറ്റ് കണ്ടാൽ ഓടി അടുക്കുകയാണ് ആനകൾ.
അപേക്ഷകൾ ഓൺലൈൻ വഴി
കൃഷിനാശത്തിന് വനം വകുപ്പിൽ നിന്നുള്ള നഷ്ടപരിഹാരം ലഭിക്കാൻ നിലവിൽ ഓൺലൈൻ വഴിയാണ് അപേക്ഷകൾ നൽക്കേണ്ടത്. അതാത് അക്ഷയ സെൻററുകൾ വഴിയും മറ്റും അപേക്ഷകൾ നൽകാം. അപേക്ഷകളുടെ മാതൃക ഇൻറർനെറ്റിലുണ്ട്. അപേക്ഷ നൽകുന്നതിന് മുമ്പ് കൃഷി നാശത്തെ കുറിച്ച് വനപാലകരെ അറിയിക്കണം. കൃഷിയിടം വനപാലകർ സന്ദർശിക്കേണ്ടതായുണ്ട്. കൃഷിയുടെ സ്വഭാവം, തരം, എണ്ണം അല്ലെങ്കിൽ വ്യാപ്തി, കൃഷി ഭൂമിയുടെ കൈവശരേഖ, അപേക്ഷകെൻറ തിരിച്ചറിയൽ കാർഡ്, അംഗീകൃത ബാങ്കുകളിലെ അക്കൗണ്ട് നമ്പർ എന്നിവ നിർബന്ധമായും അപേക്ഷയോടൊപ്പം വേണം. ഇൻറർനെറ്റ് വഴി അപേക്ഷിച്ച ശേഷം പകർപ്പ് നേരിട്ട് അതാതുമേഖലയിലെ വനം വകുപ്പിന് നൽകുകയും വേണം. അവസാനിച്ചു. തയാറാക്കിയത്: ഉമ്മർ നെയ്വാതുക്കൽ, പി.കെ. സുനിൽ ബാബു, കെ. അതീഫ്, ടി.കെ. സതീശൻ, വി.എസ്.എം. കബീർ, അജ്മൽ അബൂബക്കർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.