സങ്കടക്കാഴ്ചകളുടെ മലയടിവാരം...
text_fieldsകേരള, കണ്ണത്ത്, കൽക്കുണ്ട്, കുണ്ടോട, പറയൻമാട് മലനിരകളും സൈലൻറ്വാലി കരുതൽ മേഖലയുമാണ് കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിെൻറ പശ്ചിമഘട്ട മലനിരകൾ. ഇവയോട് അതിരിട്ട് ആയിരക്കണക്കിന് ഹെക്ടർ കൃഷിഭൂമിയുണ്ട്. വനമേഖലയിൽനിന്ന് ഭക്ഷണം തേടിയെത്തുന്ന ആന, പന്നി, കുരങ്ങ്, മയിലുകൾ എന്നിവ മലയോര കർഷകരുടെ പേടിസ്വപ്നമായിരിക്കുന്നു. രാത്രി കൂട്ടമായെത്തുന്ന ആനകൾ പുലരും വരെ വിഹരിച്ച് വാഴ, കമുക്, കൊക്കോ, റബർ എന്നിവയാണ് നശിപ്പിക്കുന്നത്. പന്നികൾ രാപ്പകൽ വ്യത്യാസമില്ലാതെ വരുന്നു. ചേന, കപ്പ, വാഴ തുടങ്ങിയവ വേരോടെ പിഴുതെടുത്താണ് മടക്കം. മയിലും കുരങ്ങും തെങ്ങിലെ മച്ചിങ്ങ വരെ നശിപ്പിക്കുന്നു. കൃഷിവകുപ്പിെൻറ നഷ്ടപരിഹാരം നാമമാത്രം. വനംവകുപ്പാകട്ടെ തിരിഞ്ഞു നോക്കുകയുമില്ല. സ്ഥലം പാട്ടത്തിനെടുത്ത് കൃഷിയിറക്കുന്നവർ കടക്കെണിയിലാണ്. പലരും മലയിറങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചു തുടങ്ങിയിരിക്കുന്നു.
നിരവധി അവാർഡുകൾ നേടിയ മാതൃക കർഷകനാണ് പയ്യാക്കോട്ടിലെ ആര്യാടൻ അശ്റഫ്. വട്ടമലയിലെ മൂന്നേക്കർ ഭൂമിയിൽ വാഴ, കപ്പ, വിവിധയിനം ചേമ്പുകൾ തുടങ്ങി പത്തിലേറെ വിളകൾ ഇതിൽ കൃഷി ചെയ്യുന്നു. എന്നാൽ, പന്നിയെ പ്രതിരോധിക്കാൻ മാത്രം വൻ തുക ചെലവഴിച്ചതോടെ കൃഷി നഷ്ടക്കച്ചവടമായിരിക്കുകയാണെന്ന് അദ്ദേഹം പറയുന്നു.
കുത്തുപാളയെടുപ്പിച്ച് പന്നികൾ
ഏറ്റവും കൂടുതൽ കൃഷിനാശമുണ്ടാക്കുന്നത് കാട്ടുപന്നികളാണ്. മലവാരത്ത് മാത്രമല്ല അങ്ങാടികളിലും സംസ്ഥാന പാതയിലും ജനവാസ കേന്ദ്രങ്ങളിലുമെല്ലാം ഇവയുടെ വിളയാട്ടം രൂക്ഷമാണ്. കൂട്ടത്തോടെ എത്തുന്ന ഇവ ചെറുകിട കർഷകരെയാണ് കുത്തുപാളയെടുപ്പിക്കുന്നത്. പന്നികളെ തുരത്താൻ വനംവകുപ്പ് നടപ്പാക്കുന്ന പദ്ധതികളെല്ലാം പരാജയമാണ്. ചില കർഷകർ സ്വന്തം നിലയിൽ പലതും ചെയ്യുന്നുണ്ട്.
കാട്ടുപന്നികളെ കൊല്ലാൻ അനുമതി തേടി കർഷകർ ഹൈകോടതിയെ സമീപിച്ചപ്പോൾ കേസിൽ കക്ഷി ചേർന്നവർക്ക് മാത്രം കോടതി ഉപാധികളോടെ അനുമതി നൽകി. കരുവാരകുണ്ടിൽ ആറുപേർക്കാണ് അനുമതി ലഭിച്ചത്. ഇതുപ്രകാരം പത്തിലേറെ പന്നികളെ ഇതിനകം കൊന്നു. കോടതി നിർദേശം കേന്ദ്ര സർക്കാർ അംഗീകരിക്കുകയും കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുകയും വേണമെന്നാണ് കർഷകരുടെ ആവശ്യം.
ജോർജ് കൃഷിയുപേക്ഷിച്ചു; കാടുമൂടി രണ്ടേക്കർ
കൽകുണ്ട്, കുണ്ടോട മേഖലയിൽ കാട്ടുമൃഗശല്യം മൂലം നിരവധി കർഷകരാണ് കൃഷിയുപേക്ഷിച്ചത്. 50 വർഷമായി കർഷകനായി ജീവിതം നയിച്ചിരുന്ന കൽകുണ്ടിലെ പന്തക്കൽ ജോർജ് രണ്ടേക്കർ ഭൂമി വർഷങ്ങളായി ഉപേക്ഷിച്ചിരിക്കുകയാണ്. ഇൗ ഭൂമി കാടുകയറിയ നിലയിലാണിപ്പോൾ. ഇത്തരം ഭൂമിയിലാണ് കടുവയും പുലിയും ആനകളും വരെ പകൽസമയത്ത് തമ്പടിക്കുന്നത്. ഇതു കാരണം വനപാലകരും നാട്ടുകാരും ഭൂവുടമയെ പഴിക്കുന്നു.
എന്നാൽ, കരമടക്കുന്നുവെന്നല്ലാതെ പത്തു പൈസയുടെ വരുമാനമില്ലാത്ത ഭൂമിയിലെ കാട് വർഷാവർഷം എങ്ങനെ വെട്ടിത്തെളിക്കുമെന്നാണ് ഇദ്ദേഹം ചോദിക്കുന്നത്. 50 വർഷമായി മണ്ണിൽ പണിയെടുത്താണ് ജീവിതം. സർക്കാറിെൻറ ഒരാനുകൂല്യവും വേണ്ട. കരമടക്കുന്ന ഭൂമിയിൽ കൃഷിചെയ്ത് ജീവിക്കാനുള്ള അവകാശം മാത്രം മതി. കൃഷി നശിപ്പിക്കുന്ന ജീവികളെ തടയാനുള്ള സ്വാതന്ത്ര്യം പോലും കർഷകനില്ല. ദൈവവിശ്വാസിയായതുകൊണ്ട് ആത്മഹത്യയും ചെയ്യാനാവില്ല -േജാർജ് പറയുന്നു.
പരിഹാരത്തിനായി ഇനിയും കാത്തിരിക്കണോ?
വർഷങ്ങളായി തുടരുന്ന വന്യമൃഗശല്യത്തിന് പരിഹാരം കാണാൻ ഒരു നടപടിയും സർക്കാർ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. വനംവകുപ്പിന് നഷ്ടപരിഹാരം തേടി അപേക്ഷ നൽകിയാൽ തിരിഞ്ഞുനോക്കുകയുമില്ല. കാട്ടാനകളിറങ്ങി എന്നറിഞ്ഞാൽ വാഹനത്തിൽ വന്ന് വഴിപാടുപോലെ സന്ദർശിച്ചു മടങ്ങുന്ന ജോലി മാത്രമാണ് അവർക്കുള്ളത്. കർഷകരുടെ നഷ്ടവും കണ്ണീരും ആരും ഗൗനിക്കുന്നില്ല. പന്തക്കൽ ജോർജ്, കൽക്കുണ്ട് (കർഷകൻ)
എപ്പോഴെങ്കിലുമെത്തുന്ന കാട്ടാനകളും എപ്പോഴുമെത്തുന്ന പന്നി, കുരങ്ങ് കൂട്ടങ്ങളും കർഷകരുടെ മാസങ്ങളായുള്ള അധ്വാനവും വരുമാനവുമാണ് കൊണ്ടുപോകുന്നത്. നഷ്ടപരിഹാരമാകട്ടെ നാമമാത്രവും. 3500 തേങ്ങവരെ കിട്ടിയിരുന്ന സ്ഥാനത്ത് ഇപ്പോൾ ആയിരം പോലുമില്ല. ഒരു തെങ്ങിന് കിട്ടുന്ന നഷ്ടപരിഹാരം 350 രൂപയാണ്. അതിനുതന്നെ ദിവസങ്ങളോളം കാത്തിരിക്കണം. ആര്യാടൻ ഖാലിദ്, പയ്യാക്കോട് (കർഷകൻ)
കൃഷിനാശമുണ്ടാക്കുന്ന കാട്ടുപന്നികൾ, കാട്ടാനകൾ എന്നിവക്കെതിരെ കർഷകർ അധികൃതർക്ക് പരാതി നൽകുന്നില്ല. നഷ്ടപരിഹാരം വളരെ കുറവാണെന്നതാണ് ഇതിന് കാരണം. എന്നാൽ, പ്രശ്നം സർക്കാറിെൻറ ശ്രദ്ധയിൽ കൊണ്ടുവരാൻ പരാതികൾ നൽകണം. കാട്ടുപന്നി ശല്യത്തിനെതിരെ കഴിഞ്ഞ 10 വർഷത്തിനിടെ മലപ്പുറം ജില്ലയിൽ 400 പരാതികൾ മാത്രമേ ലഭിച്ചിട്ടുള്ളൂ. സർക്കാറിെൻറ നിസ്സംഗതക്ക് കർഷകരും ഉത്തരവാദികളാണ്. ഇത് മാറ്റിയെടുക്കാനുള്ള യത്നത്തിലാണ് കിഫ. വട്ടപ്പറമ്പിൽ ലുഖ്മാൻ, കക്കറ (കർഷകൻ)
പരിമിതികൾ ഏറെയുണ്ട്. ആവശ്യത്തിന് ജീവനക്കാരോ വാഹനങ്ങളോ ഇല്ല. പരിധി പൊന്നാനി വരെ വ്യാപിച്ചുകിടക്കുന്നു. എന്നാലും കർഷകരുടെ പരാതികൾ പരിഹരിക്കാൻതന്നെ ആദ്യ പരിഗണന നൽകാറുണ്ട്. അപേക്ഷ നൽകുന്നവർക്ക് നഷ്ടപരിഹാരം ലഭ്യമാക്കാറുമുണ്ട്. രേഖകൾ പരിശോധിച്ചാൽ ഇത് ആർക്കും വ്യക്തമാവും. മാത്യു സെബാസ്റ്റ്യൻ കുരിശുമ്മൂട്ടിൽ
(കിഫ ജില്ല പ്രസിഡൻറ്)
പ്രശ്നങ്ങളേറെയാണ് വനാതിർത്തികളിൽ. ശാശ്വത പരിഹാരമാണ് വേണ്ടത്. അത് നടപ്പാക്കാൻ സർക്കാർ ഇനിയും വൈകിയാൽ നിരവധി കർഷകരുടെ ജീവിതത്തിൽ മണ്ണു പുരളും. സോളാർ വേലി, കിടങ്ങ് തുടങ്ങിയവകൊണ്ടൊന്നും പ്രശ്നം പരിഹരിക്കാനാവില്ല. വേണ്ടത് നിലമ്പൂർ വനമേഖലയുടെ പ്രത്യേകതകൾ അറിഞ്ഞുള്ള നടപടികളാണ്. അല്ലാതെ ലക്ഷങ്ങൾ പൊടിച്ചതുകൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നാണ് വർഷങ്ങളുടെ അനുഭവം. ടി. രാമദാസ് (ഡെപ്യൂട്ടി റേഞ്ചർ, കരുവാരകുണ്ട് ഫോറസ്റ്റ് സ്റ്റേഷൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.