മലപ്പുറം ജില്ലയിൽ കെ-സ്റ്റോർ വരുമോ?, പദ്ധതി കടലാസിൽ
text_fieldsമലപ്പുറം: റേഷൻ കടകൾ വൈവിധ്യവത്കരിക്കാനുള്ള ഭക്ഷ്യ -പൊതുവിതരണ വകുപ്പിന്റെ കെ-സ്റ്റോർ പദ്ധതി കടലാസിൽ ഒതുങ്ങുന്നു. ജില്ലയിൽ അഞ്ച് താലൂക്കുകളിൽ ആദ്യഘട്ടത്തിൽനിന്ന് തെരഞ്ഞെടുത്ത അഞ്ച് റേഷൻ കടകളിലാണ് പദ്ധതി നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്നത്. പെരിന്തൽമണ്ണ, നിലമ്പൂർ, കൊണ്ടോട്ടി, തിരൂർ, ഏറനാട് എന്നീ താലൂക്കുകളിലെ അഞ്ച് റേഷൻ കടകളും അധികൃതർ തീരുമാനിച്ചിരുന്നു. ഇതു സംബന്ധിച്ച റിപ്പോർട്ട് സംസ്ഥാന പൊതുവിതരണ വകുപ്പിന് ജില്ല സപ്ലൈ ഓഫിസർ കൈമാറിയിരുന്നു. എന്നാൽ, തുടർനടപടികളുണ്ടായിട്ടില്ല. പൊതുവിതരണത്തെ ശക്തിപ്പെടുത്തുന്നതിനും ജനോപകാരപ്രദമായ സേവനങ്ങൾ നൽകുന്നതിനുമാണ് കെ.സ്റ്റോർ പദ്ധതി വഴി റേഷൻ കടകൾ വൈവിധ്യവത്കരിക്കാൻ വകുപ്പ് പദ്ധതി ആവിഷ്കരിച്ചത്.
കൂടുതൽ സേവനങ്ങളും ഉൽപന്നങ്ങളും നൽകുന്നതുവഴി കടയുടമക്ക് അധിക വരുമാനം നൽകാൻ പദ്ധതി വഴി സാധിക്കും. പദ്ധതിയിൽ അംഗമാകാൻ തയാറുള്ള റേഷൻ ഉടമകളെയാണ് പദ്ധതിയുടെ ഭാഗമാക്കുന്നത്. പദ്ധതിയിൽ ഉൾപ്പെടണമെങ്കിൽ കുറഞ്ഞത് 300 ചതുരശ്ര അടി കടക്ക് വിസ്തീർണം വേണം. ഇത്തരത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന റേഷൻ കടകൾക്ക് രണ്ട് കിലോമീറ്റർ ചുറ്റളവിൽ സപ്ലൈകോ ഔട്ട്ലെറ്റുകൾ, ബാങ്കുകൾ, അക്ഷയ കേന്ദ്രങ്ങൾ എന്നിവയുടെ സേവനം ലഭ്യമാണെന്നും ഉറപ്പുവരുത്തും. കെ-സ്റ്റോറിൽ പൊതുജന സേവന കേന്ദ്രം, സപ്ലൈകോ ശബരി ഉൽപന്നങ്ങളുടെ വിൽപന, 5,000 രൂപ വരെയുള്ള പണമിടപാടുകൾ നടത്തുന്നതിനുള്ള ബാങ്കിങ് സംവിധാനം, സംഭരണ കാലാവധി കൂടുതലുള്ള മിൽമ ഉൽപന്നങ്ങൾ, മിനി എൽ.പി.ജി സിലിണ്ടറുകൾ എന്നിവ വിപണനം നടത്തുന്നതിനുള്ള സംവിധാനവും ഇതിലുണ്ട്.
സംവിധാനം നടപ്പായാൽ റേഷൻ കടകളുടെ ഭാവിതന്നെ ഉയർത്തുന്ന പദ്ധതിയാണിത്. മേഖലയുടെ വളർച്ചക്ക് ഒപ്പം കൂടുതൽ വ്യാപാരികളെ ആകർഷിക്കുന്നതിനും പദ്ധതിക്ക് സാധ്യതയുണ്ട്. സംവിധാനം ഗ്രാമീണ മേഖലയിലെ ഉപഭോക്താക്കൾക്കും പ്രയോജനകരമാണ്. വകുപ്പിൽനിന്ന് പദ്ധതിക്ക് അനുമതി ലഭിച്ചാൽ വേഗത്തിൽ നടപ്പാക്കാനുള്ള നടപടികളുണ്ടാകുമെന്ന് ജില്ല സപ്ലൈ ഓഫിസർ എൽ. മിനി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.