മലബാർ സമര സ്മാരകവുമായി മുന്നോട്ടുപോകും -ജില്ല പഞ്ചായത്ത്
text_fieldsമലപ്പുറം: 1921ലെ മലബാർ സമര നായകൻ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, പൂക്കോട്ടൂർ യുദ്ധ രക്തസാക്ഷികൾ ഉൾപ്പെടെയുള്ളവർക്ക് സ്മാരകം നിർമിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് ജില്ല പഞ്ചായത്ത്. സ്മാരകത്തിന് ഫണ്ട് അനുവദിച്ച ജില്ല പഞ്ചായത്ത് നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി നൽകിയ അപേക്ഷ, ഭരണ -പ്രതിപക്ഷ അംഗങ്ങൾ ഐകകണ്ഠ്യേന തള്ളി. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട പൂർവ ചരിത്രമില്ലാത്തതിനാലാണ് ഫാഷിസ്റ്റുകൾ സ്മാരകങ്ങളെ ഭയക്കുന്നതെന്ന് ചർച്ചയിൽ അംഗം ടി.പി.എം ബഷീർ പറഞ്ഞു. കലക്ടറേറ്റിന് മുന്നിൽ വന്ന് പ്രസംഗിച്ച് ഭീഷണിപ്പെടുത്തി ഇത് തടയാമെന്ന് കരുതിയാൽ അതിന് കീഴടങ്ങാനാവില്ല.
സ്വാതന്ത്ര്യ സമരത്തിന്‍റെ ഭാഗമായി നടന്ന മലബാർ സമരത്തെ പുതുതലമുറക്ക് ആഴത്തിൽ മനസ്സിലാക്കാൻ ഹെറിറ്റേജ് മ്യൂസിയം, യുദ്ധസ്മാരകം തുടങ്ങിയവ നിർമിക്കുക എന്നത് ജില്ല പഞ്ചായത്ത് ഏറ്റെടുത്ത ദൗത്യമാണെന്നും അദ്ദേഹം പറഞ്ഞു.
മലബാർ സമരത്തെ ഒറ്റിക്കൊടുത്ത ഹിന്ദുക്കളെയും മുസ്ലിംകളെയുമാണ് സമരക്കാർ ആക്രമിച്ചതെന്ന് അംഗം ബഷീർ രണ്ടത്താണി പറഞ്ഞു. ബ്രിട്ടീഷുകാരുടെ പ്രാദേശിക അധികാര കേന്ദ്രങ്ങളായി പ്രവർത്തിച്ച മനകളും ആക്രമിക്കപ്പെട്ടു. സമരക്കാർക്കൊപ്പം നിലയുറപ്പിച്ച കോട്ടക്കൽ കോവിലകമുൾപ്പെടെയുള്ളവ ആക്രമിക്കപ്പെട്ടില്ല എന്നത് ഇതോട് ചേർത്തുവായിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മലബാർ കലാപമല്ല, സമരം-അഡ്വ. പി.പി. മോഹൻദാസ്
മലപ്പുറം: സ്വാതന്ത്ര്യ സമരത്തിന്‍റെ ഭാഗമായി നടന്ന മലബാർ സമരത്തെ കലാപമെന്ന് പറയരുതെന്ന് ജില്ല പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഡ്വ. പി.പി. മോഹൻദാസ്. ചെറുപ്പം മുതൽ സ്കൂളിൽ പഠിക്കുന്നത് മലബാർ കലാപമെന്നാണ്. ഇതുമൂലം അറിയാതെ നമ്മളെല്ലാം മലബാർ കലാപമെന്ന് പറഞ്ഞുപോകാറുണ്ട്. വളരെ ശ്രമകരമായി ഇത് മാറ്റിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് വർഗീയ ചേരിതിരിവുണ്ടാക്കാനുള്ള സംഘ്പരിവാർ ശ്രമത്തിന്‍റെ ഭാഗമാണ് ഇപ്പോഴത്തെ ബഹളം. മലബാർ സമര പോരാളികൾക്ക് സ്മാരകം നിർമിക്കാനുള്ള ജില്ല പഞ്ചാത്തിന്‍റെ തീരുമാനത്തിന് ഇടതുപക്ഷത്തിന്‍റെ സർവ പിന്തുണയും അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.