സംസ്കാര ശൂന്യതയുടെ അടയാളമാണ് വെറുപ്പ് -അബ്ദുസമദ് സമദാനി എം.പി
text_fieldsമലപ്പുറം: സംസ്കാര ശൂന്യതയുടെ അടയാളമാണ് വെറുപ്പെന്ന് എം.പി അബ്ദുസമദ് സമദാനി എം.പി അഭിപ്രായപ്പെട്ടു. "വെറുപ്പിനെതിരെ സൗഹൃദ കേരളം' എന്ന പ്രമേയത്തിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന ദ്വൈമാസ കാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
''നിറവും, ഭാഷയും, പ്രദേശവും എല്ലാം വൈവിധ്യമാണ്. ഈ വൈവിധ്യം പ്രകൃതിയുടെ യാഥാർഥ്യമാണെന്ന് ഉൾക്കൊണ്ടാൽ ലോകത്ത് കൂടുതൽ ഐക്യവും, സാഹോദര്യവും വീണ്ടെടുക്കാനാകും. വൈവിധ്യം പ്രകൃതിയുടെ യാഥാർഥ്യമാണ്. മനുഷ്യനിന്ദയും, ദൈവനിന്ദയും തമ്മിൽ വലിയ അകലമില്ല. പരസ്പര ബഹുമാനം സൗഹൃദത്തിന്റെ അടിസ്ഥാനമാണ്.സാമാന്യ മര്യാദ നഷ്ടപ്പെടുന്നിടത്ത് വെറുപ്പ് കടന്നു വരും. ''
''മതത്തെ ഹൈജാക്ക് ചെയ്യുന്നവരാണ് വെറുപ്പിന്‍റെ പ്രചാരകർ, ഇതിനെതിരെ നാം ജാഗ്രത പുലർത്തണം. ഇന്ത്യാ വിഭജനത്തിന്റെ കാരണം മതമല്ല, മറിച്ച് രാഷ്ട്രീയ സ്വാർഥ താൽപര്യങ്ങളാണ്. വൈവിധ്യങ്ങളെ വെറുക്കുന്നവൻ ഇന്ത്യൻ ഭരണഘടനയെയും, ചരിത്രത്തെയും നിരാകരിക്കുന്നവനാണ്. പ്രളയകാലത്ത് കണ്ട ഐക്യത്തിന്‍റെ തുടർച്ചയാണ് നമുക്കാവശ്യം'' -സമദാനി പറഞ്ഞു.
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്‍റ് പി.എൻ അബ്ദുൽ ലത്തീഫ് മദനി അധ്യക്ഷത വഹിച്ചു. വൈസ്പ്രസിഡന്റ് കുഞ്ഞുമുഹമ്മദ് മദനി പറപ്പൂർ, നാസിർ ബാലുശ്ശേരി, അബൂബക്കർ സലഫി, ഫൈസൽ മൗലവി പുതുപ്പറമ്പ്, പ്രൊഫ. ഹാരിസ് സലീം, ഹുസൈൻ കാവനൂർ, കെ. സജ്ജാദ്, വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് കെ. ഹാരിസ് കായക്കൊടി, ജന:സെക്രട്ടറി താജുദ്ദീൻ സ്വലാഹി, വിസ്ഡം ഇസ്ലാമിക് സ്റ്റുഡൻസ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് അർഷദ് അൽഹികമി, ജനഃസെക്രട്ടറി ശമീൽ.ടി അരീക്കോട് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.