സാമ്പത്തിക വർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രം , ട്രഷറിയിൽ തീർപ്പാക്കാതെ 3,071 ബില്ലുകൾ
text_fieldsമലപ്പുറം: സാമ്പത്തിക വർഷം അവസാനിക്കാൻ 22 ദിവസം മാത്രം ബാക്കി നിൽക്കേ ജില്ലയിലെ ട്രഷറികളിൽ തീരുമാനമാകാതെ കിടക്കുന്നത് തദ്ദേശ സ്ഥാപനങ്ങളുടെ 3,071 ബില്ലുകൾ. സംസ്ഥാനത്ത് ജില്ല നാലാം സ്ഥാനത്തുണ്ട്. തൃശൂർ, തിരുവന്തപുരം, എറണാകുളം ജില്ലകളാണ് പട്ടികയിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. സാമ്പത്തിക വർഷം പദ്ധതി വിഹിതം 100 ശതമാനം ചെലവഴിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ ഊർജിത ശ്രമങ്ങൾ തുടരുമ്പോഴാണ് ഇത്രയും ബില്ലുകൾ ട്രഷറികളിൽ പരിഗണിക്കാതെ കിടക്കുന്നത്. ജില്ലയിലെ 122 തദ്ദേശ സ്ഥാപനങ്ങളിൽ ജില്ല പഞ്ചായത്തിന്റെ ബില്ലുകളാണ് ട്രഷറികളിൽ കൂടുതൽ കെട്ടി കിടക്കുന്നത്.
227 ബില്ലുകൾ ട്രഷറിയിൽ പാസാകാൻ കിടക്കുകയാണ്. മമ്പാട് ഗ്രാമപഞ്ചായത്ത് (74), കരുളായി ഗ്രാമപഞ്ചായത്ത് (52), മഞ്ചേരി നഗരസഭ (46), കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് (46), വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് (46) എന്നിവ പട്ടികയിൽ പിറകിലുണ്ട്. വെളിയങ്കോട് ഗ്രാമപഞ്ചായത്ത് (ഒമ്പത്), പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് (ഒമ്പത്), പെരിന്തൽമണ്ണ നഗരസഭ (ഏഴ്), ഗ്രാമപഞ്ചായത്തുകളായ കാളികാവ് (ഏഴ്), പുൽപ്പറ്റ (അഞ്ച്), തവനൂർ (നാല്) എന്നീ തദ്ദേശ സ്ഥാപനങ്ങളുടെ ബില്ലുകളാണ് പാസാകാൻ കുറവുള്ളത്. ട്രഷറികളിലെ സാമ്പത്തിക ക്രമീകരണം വഴി കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ തദ്ദേശ ബില്ലുകൾ തീരുമാനമാകാൻ കാലതാമസം നേരിടുന്നുണ്ട്. എങ്കിലും ജില്ലയിൽ ഇത്തവണ 51.36 ശതമാനം തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതം ചെലവഹിച്ചിട്ടുണ്ട്.
വിഹിതം ചെലവഹിക്കുന്നതിൽ സംസ്ഥാനത്ത് നാലാമതാണ് മലപ്പുറം. തൃശൂർ, ആലപ്പുഴ, കോട്ടയം ജില്ലകളാണ് ആകെ ശതമാനത്തിൽ മുന്നിലുള്ളത്. ജില്ലയിലെ പട്ടികയിൽ മഞ്ചേരി നഗരസഭ (68.52), ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് (65.65), കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് (64.43) എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. ഗ്രാമപഞ്ചായത്തുകളായ തൃക്കലങ്ങോട് (39.05), ചാലിയാർ (38.46), നഗരസഭകളായ കൊണ്ടോട്ടി (37.39), മലപ്പുറം (37.11) എന്നിവയാണ് പിറകിലുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.