തട്ടമിടാത്ത, പൊട്ടുകുത്തിയ അറബി ടീച്ചർ...
text_fieldsതാനൂർ: ആഗോള ഭാഷയെന്ന നിലയിൽ അറബി ഭാഷയുടെ പ്രാധാന്യവും സാധ്യതകളും തിരിച്ചറിഞ്ഞായിരുന്നു കൊല്ലം കടക്കൽ ലക്ഷ്മി വിലാസിലെ വേണുവിന്റെയും ഷീനയുടെയും മകളായ ലക്ഷ്മിക്ക് അറബി പഠിച്ചാലോ എന്ന ചിന്ത മുളക്കുന്നത്. റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനായ അച്ഛൻ വേണുവിന്റെ പിന്തുണ കൂടി അതിന് ലഭിച്ചു.
2017ൽ പ്ലസ് ടു സയൻസ് മുഴുവൻ വിഷയങ്ങളിലും എ പ്ലസോടെ വിജയിച്ച ഈ മിടുക്കി ബിരുദ പഠനത്തിനായി അറബി തിരഞ്ഞെടുക്കുകയായിരുന്നു. മുൻ അറബി സ്പെഷൽ ഓഫിസറായിരുന്ന എം.എസ്. മൗലവി നേതൃത്വം കൊടുക്കുന്ന എം.എസ്.എം കോളജിൽ ബി.എ അറബിക്കിന് ചേർന്ന ലക്ഷ്മിയുടെ മുന്നിലുണ്ടായിരുന്ന ആദ്യ കടമ്പ അക്ഷരങ്ങൾ പഠിക്കുക എന്നതായിരുന്നു. സ്ഥാപന മേധാവി എം.എസ്. മൗലവിയുടെ നേരിട്ടുള്ള ശിക്ഷണത്തിൽ തുടക്കക്കാർക്കുള്ള അറബി പ്രിപറേറ്ററി കോഴ്സ് വിജയകരമായി പൂർത്തീകരിച്ചതോടെ അറബി അക്ഷരങ്ങളും അത്യാവശ്യം പദസമ്പത്തും കൈപ്പിടിയിലാക്കിയ ലക്ഷ്മിക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. സ്കൂൾ തലത്തിലും മതപാഠശാലകളിൽ നിന്നുമെല്ലാമായി വർഷങ്ങളോളം അറബി പഠിച്ച വിദ്യാർഥികളെ പിന്നിലാക്കി 2020ൽ കേരള സർവകലാശാല ബി.എ അറബിക് പരീക്ഷയിൽ ലക്ഷ്മി നേടിയത് സ്വപ്നതുല്യമായ രണ്ടാം റാങ്കായിരുന്നു. ബിരുദത്തിന് ശേഷം ബി.എഡ് പൂർത്തീകരിച്ച ലക്ഷ്മി അറബിക് പി.ജി ചെയ്യുന്നതിനിടെയാണ് ഈ വർഷം ജൂണിൽ യു.പി.എസ്.എ ആയി പി.എസ്.സി വഴി കായംകുളം ടൗൺ യു.പി.എസിൽ നിയമനം ലഭിച്ചത്. പി.ജി പൂർത്തീകരിച്ച് ജോലിയിൽ പ്രവേശിച്ച് മാസങ്ങൾക്കകം തന്നെ പി.എസ്.സിയിലൂടെ എച്ച്.എസ്.എ ആയി ജോലി ലഭിക്കുകയായിരുന്നു.
നിയമനം ലഭിച്ചത് മലപ്പുറം ജില്ലയിലെ പ്രമുഖ സർക്കാർ വിദ്യാലയമായ താനൂർ ദേവധാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലും. അറബി ഭാഷയെ മതകീയ പരിവേഷത്തോടെ മാത്രം കണ്ട് ശീലിച്ച വിദ്യാർഥികൾക്ക് പൊട്ടുകുത്തി തട്ടമിടാതെ ക്ലാസെടുക്കാനെത്തിയ പുതിയ ടീച്ചറെ കണ്ടത് ആശ്ചര്യമുണർത്തിയെങ്കിലും ഭാഷയെന്ന നിലയിലുള്ള അറബിയുടെ പ്രാധാന്യം ബോധ്യപ്പെടുത്തി ക്ലാസ് ആരംഭിച്ചതോടെ ആശങ്കകളകന്നു.
ആഗോള തലത്തിൽ തന്നെ മികച്ച അവസരങ്ങൾ അറബിക് പഠനത്തിലൂടെ നേടാനാകുമെന്നും ജാതി, മത ഭേദമില്ലാതെ കൂടുതൽ വിദ്യാർഥികൾ അറബി ഭാഷ പഠിക്കുന്നതിനായി മുന്നോട്ടുവരണമെന്നുമാണ് ലക്ഷ്മിക്ക് പറയാനുള്ളത്.
ലക്ഷ്മിയോടൊപ്പം സ്കൂളിൽ അറബി അധ്യാപികയായി അമ്മു ടീച്ചറും എത്തിയതോടെ സ്കൂളിലെ അറബിക് ഡിപ്പാർട്ട്മെന്റിന്റെ നിലവാരം വർധിക്കുകയാണുണ്ടായതെന്നാണ് പ്രധാനാധ്യാപിക പി. ബിന്ദുവും ഡെപ്യൂട്ടി എച്ച്.എം വി.വി.എൻ. അഷ്റഫും പറയുന്നത്. സ്കൂളിലെ അറബി അധ്യാപകരായ കെ.എ. അബ്ദുറബ്ബ്, ബുഷ്റ, യു. അബ്ദുല്ലത്തീഫ് എന്നിവർക്കും പങ്ക് വെക്കാനുള്ളത് ലക്ഷ്മിയും അമ്മുവും മികച്ച അധ്യയന നിലവാരമാണ് കാഴ്ച വെക്കുന്നതെന്ന അഭിപ്രായം തന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.