പഠിക്കാൻ കുന്നോളം: കുന്ന് കേറണം പഠിക്കാൻ
text_fieldsകാവനൂർ: സംസ്ഥാനത്ത് ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിട്ട് ഒരു വർഷം പിന്നിടുേമ്പാഴും കാവനൂർ ഗ്രാമപഞ്ചായത്തിലെ നിരവധി വിദ്യാർഥികൾ മൊബൈൽ നെറ്റ്‌വർക്ക് ഇല്ലാത്തതിനെ തുടർന്ന് ദുരിതത്തിൽ. 11, 13 വാർഡുകളിലെ പള്ളിയാളി, ചെങ്കുളം, വടക്കുംമല, ചെങ്ങര മേലെമുക്ക് തുടങ്ങിയ പ്രദേശങ്ങളിലാണ് ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയാതെ കാവനൂർ ഗവ. ഹൈസ്കൂളിലെ നൂറുകണക്കിന് വിദ്യാർഥികൾ പ്രയാസപ്പെടുന്നത്. കുന്നിൻചരിവുകളിലും റബർ തോട്ടങ്ങളിലും എത്തിയാണ് വിദ്യാർഥികൾ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നത്.
എല്ലാ വിഭാഗം വിദ്യാർഥികൾക്കും ഓൺലൈൻ ക്ലാസ് ആയതോടെ രാത്രി നടക്കുന്ന ക്ലാസുകളിൽ പങ്കെടുക്കാൻ ഈ പ്രദേശങ്ങളിലെ കുട്ടികൾ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. എങ്ങനെയാണ് രാത്രി കുന്നിൻചെരുവിലേക്കും റബർ തോട്ടങ്ങളിലേക്കും തങ്ങളുടെ പെൺകുട്ടികളെ അയക്കുക എന്നാണ് രക്ഷിതാക്കൾ ചോദിക്കുന്നത്.രാത്രി ഒമ്പത് കഴിഞ്ഞാൽ ഭയം മൂലം പല വിദ്യാർഥികളും ക്ലാസുകൾ പൂർണമാക്കാൻ നിൽക്കാതെ വീടുകളിൽ പോവാറാണ് പതിവെന്ന് അധ്യാപകരും പറയുന്നു. ഒരു കമ്പനിയുടെയും നെറ്റ്‌വർക്ക് ഇല്ലാത്തതാണ് നൂറുകണക്കിന് വിദ്യാർഥികളുടെ ഓൺലൈൻ പഠനം തടസ്സപ്പെടാൻ കരണം.
കനത്ത മഴ പെയ്യുന്ന സമയത്ത് ഒരു കൈയിൽ ഫോണും മറുകൈയിൽ കുടയും പിടിച്ചാണ് തങ്ങൾ ക്ലാസുകളിൽ പങ്കെടുക്കുന്നതെന്ന് വിദ്യാർഥികൾ സങ്കടത്തോടെ പറയുന്നു.സർക്കാർ അടിയന്തരമായി വിഷയത്തിൽ ഇടപെട്ട് പരിഹാരം ഉണ്ടാക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു.വിദ്യാർഥികളുടെ വീട് സന്ദർശനവേളയിൽ ഉറുദു അധ്യാപകൻ മുജീബ് വിഷയം സ്കൂളിെൻറ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ബി.ആർ.സിക്കും ഗ്രാമപഞ്ചായത്തിനും റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും പ്രധാനാധ്യാപിക അജിത 'മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.