ജലനിധിക്ക് സ്മാർട്ട് പേ ആപുമായി യുവാവ്; ഇനി ഓൺലൈനായി പണമടക്കാം
text_fieldsതിരൂരങ്ങാടി: ജലനിധി ഉപഭോക്താക്കൾക്ക് മൊബൈൽ ആപ്ലിക്കേഷനുമായി യുവാവ്. എം.എസ്.എഫ് ജില്ല വൈസ് പ്രസിഡൻറും സാമൂഹിക പ്രവർത്തകനുമായ ഫവാസ് പനയത്തിൽ തയാറാക്കിയ പേ ആപ്ലിക്കേഷൻ ജലനിധി പദ്ധതികൾക്ക് കൈമാറും. ആദ്യഘട്ടത്തിൽ പെരുമണ്ണ ക്ലാരി, തെന്നല, എടരിക്കോട്, ഊരകം ഗ്രാമ പഞ്ചായത്തുകളിൽ നടപ്പാക്കും. നന്നമ്പ്ര വെള്ളിയാമ്പുറം പനയത്തിൽ മജീദ്- ഫാത്തിമ ദമ്പതികളുടെ മകനായ ഫവാസ് വർക്ക്മേറ്റ് സോഷ്യൽ െഡവലപ്മെൻറ് സർവിസ് സൊസൈറ്റിയുടെ സഹായത്തോടെയാണിത് ചെയ്യുന്നത്. മുഴുവൻ ഗുണഭോക്താക്കൾക്കും ഓൺലൈൻ മുഖേന വെള്ളക്കരം അടക്കാനും പരാതി പരിഹാരത്തിനും കമ്മിറ്റി അംഗങ്ങളുമായി ആശയ വിനിമയത്തിനും സുപ്രധാന അറിയിപ്പുകൾ ലഭിക്കാനും ആപ്പിൽ സംവിധാനമുണ്ട്.
ഓഫിസ് മാനേജ്മെൻറിന് ആവശ്യമായ റീഡിങ്, ബില്ലിങ്, അക്കൗണ്ട്സ്, സ്പോട്ട് കലക്ഷൻ, സ്പോട്ട് റീഡിങ് സംവിധാനവും ഇതിലുണ്ട്. ആൻഡ്രോയിഡ് പ്ലാറ്റ്ഫോമിൽ പ്രവർത്തിക്കുന്നതിനാൽ ഉപഭോക്തൃ സൗഹൃദമാണ്. പരിപാലന െചലവും കുറവാണ്. അതിനാൽ മറ്റു സാമൂഹിക കുടിവെള്ള പദ്ധതികളിലേക്കും വ്യാപിപ്പിക്കുന്നത് പരിശോധിക്കുമെന്ന് ജലനിധി അധികൃതർ അറിയിച്ചു. കമ്മിറ്റി അംഗങ്ങൾക്ക് അവരുടെ മൊബൈൽ ഉപയോഗിച്ച് ജലനിധി ഓഫിസ് കാര്യങ്ങൾ ചെയ്യാൻ സാധിക്കും.
ജല വിഭവ മന്ത്രി റോഷി അഗസ്റ്റിൻ ആപ്ലിക്കേഷൻ ലോഞ്ച് ചെയ്തു. കെ പി.എ. മജീദ് എം.എൽ.എ, കേരള റൂറൽ വാട്ടർ സാനിറ്റേഷൻ ഏജൻസി എക്സിക്യൂട്ടിവ് ഡയറക്ടർ ഉമേഷ്, ഓപറേഷൻ ഡയറക്ടർ ഹാരിസ്, എച്ച്.ആർ.ഡി ഡയറക്ടർ പ്രേംലാൽ, ഫവാസ് പനയത്തിൽ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.