രാസലഹരിയിൽ മയങ്ങി യുവത്വം
text_fieldsമലപ്പുറം: മാരക മയക്കുമരുന്നായ രാസലഹരിക്ക് അടിമപ്പെടുന്ന യുവാക്കളുടെ എണ്ണം ജില്ലയിൽ പതിന്മടങ്ങ് വർധിച്ചതായി എക്സൈസ് വകുപ്പിന്റെ കണക്കുകൾ. യുവാക്കളും വിദ്യാർഥികളുമാണ് പ്രധാന ഇരകൾ. ഈ വർഷം ഇതുവരെ 1,161 രാസലഹരി കേസുകളാണ് രജിസ്റ്റർ ചെയ്തത്. 2020ൽ ഇത് 155 ആയിരുന്നു. 2021ൽ 279ഉം 2022ൽ 441 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. മൂന്ന് വർഷത്തിനിടെ ഏഴ് ഇരട്ടിയായാണ് കേസുകൾ വർധിച്ചത്. കഞ്ചാവ് കേസുകളേക്കാൾ കൂടുതലാണ് ജില്ലയിലെ രാസലഹരി കണക്കുകൾ. ജില്ലയിൽ ഈ വർഷം ഇതുവരെ 120 കിലോ കഞ്ചാവാണ് എക്സൈസിന്റെ നേതൃത്വത്തിൽ പിടികൂടിയത്. മുൻവർഷങ്ങളെ അപേക്ഷിച്ച് കുറവാണ്. 2020 -1,302 കിലോ, 2021 -927, 2022 -446 എന്നിങ്ങനെയാണ് കണക്ക്.
16നും 22നും ഇടയിൽ പ്രായമുള്ളവരാണ് രാസലഹരിക്ക് അടിമപ്പെടുന്നവരിൽ ഏറെയും. കഞ്ചാവ് ഉപയോഗിച്ചാൽ പെട്ടെന്ന് തിരിച്ചറിയാനാവും. കൈവശം വെക്കാനും ബുദ്ധിമുട്ടുകളുണ്ട്. സിന്തറ്റിക് ലഹരിയെ അപേക്ഷിച്ച് വീര്യവും കുറവ്. ഉപയോഗിച്ച് 50 സെക്കൻഡ് ആവുമ്പോഴേക്കും പ്രവർത്തിച്ച് തുടങ്ങുന്ന രാസലഹരിയുടെ വീര്യം 48 മുതൽ 72 മണിക്കൂർ വരെ നിലനിൽക്കും.
മയക്കുമരുന്നിൽ നിന്ന് രക്ഷ നേടാൻ സർക്കാരും എക്സൈസ് വകുപ്പും സംഘടിപ്പിക്കുന്ന ‘വിമുക്തി’ പദ്ധതിക്ക് കീഴിൽ ജില്ലയിൽ ആരോഗ്യവകുപ്പിന് കീഴിലുള്ള ആശുപത്രികളിൽ കൗൺസലിങ് സെന്ററുകളുണ്ട്. നിരവധി പേരെയാണ് പദ്ധതിയിലൂടെ നേരായ ദിശയിലേക്ക് കൊണ്ടുവരാനായതെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.