യൂത്ത് കോൺഗ്രസ് മാർച്ചിൽ കൈയാങ്കളി, റോഡുപരോധം, അറസ്റ്റ്
text_fieldsമലപ്പുറം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ കലക്ടറേറ്റ് മാർച്ച് പൊലീസുമായുള്ള കൈയാങ്കളിയിൽ കലാശിച്ചു. സിവിൽ സ്റ്റേഷൻ കവാടത്തിൽ കുത്തിയിരുന്നവരും റോഡുപരോധിച്ചവരുമായ 15 പ്രവർത്തകരെ അറസ്റ്റുചെയ്തുനീക്കി.
ചൊവ്വാഴ്ച ഉച്ചക്ക് 12.30നാണ് ഡി.സി.സി ഓഫിസ് പരിസരത്തുനിന്നും വനിതകളടക്കം അണിനിരന്ന മാർച്ച് ആരംഭിച്ചത്. സിവിൽ സ്റ്റേഷൻ കവാടത്തിൽ ബാരിക്കേഡിന് മുകളിൽ കയറിയ പ്രവർത്തകർ മുഖ്യമന്ത്രിക്കും പൊലീസിനുമെതിരെ അതിരൂക്ഷമായ മുദ്രവാക്യം മുഴക്കി.
മാർച്ചിന്റെ ഉദ്ഘാടനചടങ്ങ് കഴിഞ്ഞശേഷമാണ് പ്രവർത്തകർ പൊലീസുമായി കശപിശ തുടങ്ങിയത്. ബാരിക്കേഡ് പിടിച്ചുകുലുക്കിയ പ്രവർത്തകർ പൊലീസിനുനേരെ ആക്രോശിച്ചു. ഇതിനിടെ, രണ്ടു കല്ലുകൾ പൊലീസിനു നേർക്ക് വന്നെങ്കിലും നേതാക്കൾ ഇടപെട്ട് സംഘർഷമൊഴിവാക്കി. കശപിശക്കിടെ, കവാടത്തിൽ കുത്തിയിരുന്നു മുദ്രാവാക്യം മുഴക്കിയ പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കമാരംഭിച്ചു.
പ്രവർത്തകർ സംഘടിതമായി അറസ്റ്റ് ചെറുത്തത് ഉന്തിലും തള്ളിലും കലാശിച്ചു. ഏതാനും പ്രവർത്തകരെ പൊലീസ്, ബലം പ്രയോഗിച്ചു അറസ്റ്റ് ചെയ്തു ബസിലേക്ക് കയറ്റി. പിന്നീട്, പ്രവർത്തകർ സിവിൽ സ്റ്റേഷൻ കവാടംവിട്ട് റോഡിലേക്ക് നീങ്ങി. കൂടുതൽ അറസ്റ്റിന് പൊലീസ് ശ്രമിക്കുന്നതിനിടെ, യൂത്ത് കോൺഗ്രസുകാർ പ്രകടനമായി പാലക്കാട്-കോഴിക്കോട് ദേശീയപാതയിലേക്ക് നീങ്ങി.
കുന്നുമ്മൽ ജങ്ഷനിൽ കുത്തിയിരുന്ന് ഗതാഗതം തടസ്സപ്പെടുത്തിയ പ്രവർത്തകരെ പൊലീസ് നീക്കാൻ ശ്രമിച്ചത് കൈയാങ്കളിയിൽ കലാശിച്ചു. ഇതിനിടെ വനിത പ്രവർത്തകരെ അറസ്റ്റ് ചെയ്യാനുള്ള പുരുഷ പൊലീസുകാരുടെ നീക്കം പ്രവർത്തകർ ചോദ്യം ചെയ്തു. അറസ്റ്റിന് ശ്രമിച്ച പൊലീസുകാരനോട് സേവാദൾ പ്രവർത്തക കയർത്തു.
ബഹളത്തിനിടെ, റോഡിൽ കുത്തിയിരുന്ന ജില്ല പ്രസിഡന്റ് ഹാരിസ് മുതൂർ അടക്കം ജില്ല നേതാക്കളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം പ്രവർത്തകരും പൊലീസും തമ്മിൽ ചെറിയതോതിൽ സംഘർഷത്തിൽ കലാശിച്ചു. നേതാക്കൾ ഇടപെട്ടാണ് പ്രകോപനം ഒഴിവാക്കിയത്. ഡിവൈ.എസ്.പി സാജു ഏബ്രഹാമിന്റെ നേതൃത്വത്തിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റുചെയ്തുനീക്കിയത്.
സംഘർഷത്തിനിടെ, പൊലീസ് മാധ്യമ പ്രവർത്തകനെ തടയാൻ ശ്രമിച്ചത് ചെറിയതോതിൽ വാക്കേറ്റത്തിന് കാരണമായി. മാർച്ച് ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയ് ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് ഹാരിസ് മുതൂർ അധ്യക്ഷത വഹിച്ചു.
റിയാസ് മുക്കോളി, എ.എം. രോഹിത്, ഷാജി പച്ചേരി എന്നിവർ സംസാരിച്ചു.
പ്രവർത്തകർക്ക് സ്റ്റേഷൻ ജാമ്യം, ഒരാൾക്ക് പരിക്ക്
മലപ്പുറം: യൂത്ത് കോൺഗ്രസ് മാർച്ചുമായി ബന്ധപ്പെട്ട് അറസ്റ്റിലായത് സംസ്ഥാന നേതാക്കളക്കം 15 പേർ. ഇവർക്ക് സ്റ്റേഷൻ ജാമ്യം അനുവദിച്ചു. ജില്ല പ്രസിഡന്റ് ഹാരിസ് മുതൂർ, സംസ്ഥാന ജന. സെക്രട്ടറിമാരായ ഉമറലി കാരേക്കാട്, ആസാദ് തമ്പനങ്ങാടി, അനീഷ് കരുളായി, സംസ്ഥാന സെക്രട്ടറിമാരായ സഫീർഖാൻ പാണ്ടിക്കാട്, ഷനിൽ ലാൽ അരീക്കോട്, എ.കെ. ഷാനിദ്, നാസിൽ പൂവ്വിൽ, ശിബിൻ ലാൽ, ജില്ല ജന. സെക്രട്ടറിമാരായ ലെന ബർജ, ജില്ല വൈസ് പ്രസിഡന്റ് ഷിജിമോൾ തുടങ്ങിയവരാണ് അറസ്റ്റിലായത്. പൊലീസുമായുള്ള പിടിവലിക്കിടെ കൈക്കുഴക്ക് പരിക്കേറ്റ ഷാജഹാൻ മങ്കടയെ മലപ്പുറം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സിവിൽ സ്റ്റേഷൻ കവാടം കൊട്ടിയടച്ചു; ജനം അകത്തുകടന്നത് മതിൽ ചാടി
മലപ്പുറം: യൂത്ത് കോൺഗ്രസ് മാർച്ചിനെതുടർന്ന് സിവിൽ സ്റ്റേഷൻ കവാടം അടച്ചിട്ടത് ജനങ്ങളെ ദുരിതത്തിലാക്കി. ഓഫിസുകളിലേക്ക് വിവിധ ആവശ്യങ്ങൾക്ക് എത്തിയ സ്ത്രീകളടക്കം നിരവധിയാളുകളാണ് കഷ്ടത്തിലായത്.
സാധാരണ കവാടത്തിന് ഒരു വശത്തുകൂടി പൊതുജനങ്ങളെ കടത്തിവിടാറുണ്ട്.
സംഘർഷ സാധ്യതയുള്ളതിനാൽ സിവിൽ സ്റ്റേഷൻ കവാടം പൊലീസ് പൂർണമായി കെട്ടിയടക്കുകയായിരുന്നു. സിവിൽസ്റ്റേഷനിലേക്ക് വന്ന ജനം വഴിയില്ലാതെ നട്ടംതിരിഞ്ഞു. സ്ത്രീകളടക്കം പലരും മതിൽ ചാടികടന്നാണ് അകത്തുപ്രവേശിച്ചത്. പുറത്തുപോകാനും ബുദ്ധിമുട്ടി. പ്രധാന കവാടം അടച്ചുപൂട്ടിയാൽ സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിലേക്ക് പ്രവേശിക്കാൻ ഒരുകിലോമീറ്ററോളം ചുറ്റിസഞ്ചരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.