ഏഴഴകിൽ ചുവടുവെച്ച് ശലഭങ്ങൾ
text_fieldsമലപ്പുറം: പരിമിതികളെ തോൽപ്പിച്ച് വർണങ്ങളണിഞ്ഞ് അവർ നിറഞ്ഞാടി. കരഘോഷത്തോടെ സദസ്സ് സ്വീകരിച്ചപ്പോൾ ആവേശത്തോടെ കുരുന്നുകൾ ചുവടുവെച്ചു. കുടുംബശ്രീ ജില്ല മിഷൻ ആഭിമുഖ്യത്തിൽ ചൊവ്വ മുതൽ വ്യാഴം വരെ സംഘടിപ്പിക്കുന്ന ‘ശലഭങ്ങൾ-23’ ബഡ്സ്, ബി.ആർ.സി കലോത്സവത്തിന് മലപ്പുറത്ത് വർണാഭതുടക്കം. 11 പോയന്റുമായി തിരുനാവായ ബഡ്സ് സ്കൂളാണ് ആദ്യദിനം മുന്നിൽ.
പരിപാടി സംസ്ഥാന സർക്കാറിന്റെ 2020-21 വർഷത്തെ ഉജ്ജ്വലബാല്യം പുരസ്കാരം നേടിയ പി. ആൽവീന കീബോഡിൽ സംഗീതം അവതരിപ്പിച്ച് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ല മിഷൻ കോ ഓഡിനേറ്റർ ജാഫർ കെ. കക്കൂത്ത് അധ്യക്ഷത വഹിച്ചു. ജില്ല മിഷൻ പ്രോഗ്രാം മാനേജർ കെ.എസ്. ഹസ്കർ സ്വാഗതവും ജില്ല മിഷൻ എ.ഡി.എം സി. മുഹമ്മദ് കട്ടുപ്പാറ നന്ദിയും പറഞ്ഞു.
62 ടീമുകൾ; മൂന്ന് വേദികൾ, 1300 മത്സരാർഥികൾ
മലപ്പുറം: ജില്ലയിലെ വിവിധ പഞ്ചായത്ത്/ നഗരസഭകളിൽനിന്നുള്ള 62 ബഡ്സ്, ബി.ആർ.സി വിദ്യാർഥികളാണ് മേളയിൽ മാറ്റുരക്കുന്നത്. തുമ്പ, മുല്ല, മന്ദാരം എന്നിങ്ങനെ മൂന്ന് വേദികളിലാണ് മത്സരം പുരോഗമിക്കുന്നത്.
ആദ്യദിനം വേദി ഒന്ന് തുമ്പയിൽ രാവിലെ പത്ത് മുതൽ ഒപ്പന മത്സരം കാണാൻ സദസ്സ് നിറഞ്ഞിരുന്നു. സദസ്സിൽനിന്ന് രക്ഷിതാക്കളും അധ്യാപകരും താളം കാണിച്ച് പിഴവുകൾ തിരുത്തി മുന്നേറാൻ സഹായിച്ചുകൊണ്ടേയിരുന്നു. വേദി രണ്ട് മുല്ലയിൽ രാവിലെ 10 മുതൽ ജൂനിയർ ആൺകുട്ടികളുടെ നാടോടിനൃത്ത മത്സരവും ഉച്ചക്ക് 12 മുതൽ ജൂനിയർ പെൺകുട്ടികളുടെ നോടോടിനൃത്ത മത്സരവും അരങ്ങേറി. വേദി മൂന്ന് മന്ദാരത്തിൽ രാവിലെ പത്ത് മുതൽ ജൂനിയർ, സീനിയർ വിഭാഗം ലളിതഗാന മത്സരവും നാടൻപാട്ട് മത്സരവും അരങ്ങേറി.
ഓരോ മത്സരങ്ങൾക്കും നിരവധി എൻട്രികളാണ് വന്നത്. ലളിതഗാനം, മാപ്പിളപ്പാട്ട്, നാടൻപാട്ട്, നാടോടി നൃത്തം, മിമിക്രി, പ്രച്ഛന്നവേഷം, കോൽക്കളി, ഗ്രൂപ്പ് ഡാൻസ്, ഒപ്പന, സംഘഗാനം എന്നിവയാണ് സ്റ്റേജിനങ്ങളായി അരങ്ങേറുന്നത്. പെൻസിൽ ഡ്രോയിങ്, പെയിന്റിങ് ക്രയോൺസ്, എംബോസ് പെയിന്റിങ് എന്നീ സ്റ്റേജിതര മത്സരങ്ങളും പ്രവൃത്തി പരിചയ ഇനങ്ങളുടെ പ്രദർശനവും കുട്ടികളുടെ ഉൽപന്ന വിപണനവും നടക്കുന്നുണ്ട്. ആദ്യ മൂന്ന് സ്ഥാനക്കാരെ നിർണയിക്കുന്നുണ്ടെങ്കിലും പങ്കെടുക്കുന്ന മുഴുവൻ പേർക്കും സർട്ടിഫിക്കറ്റുകളും പ്രോത്സാഹന സമ്മാനങ്ങളും നൽകാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.