യൂത്ത് ലീഗ് മലപ്പുറം ജില്ല യൂത്ത് മാർച്ചിന് ഡിസംബർ ഒന്നിന് തുടക്കം
text_fieldsമലപ്പുറം: ‘വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ’ പ്രമേയത്തിൽ യൂത്ത് ലീഗ് ജില്ല കമ്മിറ്റി നടത്തുന്ന യൂത്ത് മാർച്ചിന് ഡിസംബർ ഒന്നിന് തുടക്കം. 20ന് പൊന്നാനിൽ സമാപിക്കും. ഡിസംബർ ഒന്നിന് വൈകീട്ട് നാലിന് വഴിക്കടവിൽ തയാറാക്കിയ ഗസ്സ സ്ക്വയറിൽ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും.
ഒരു ദിവസം ഒരു നിയോജകമണ്ഡലത്തിൽ എന്ന രീതിയിലാണ് മാർച്ച് നടക്കുക. എല്ലാ ദിവസവും രാവിലെ എട്ടിന് ഉദ്ഘാടന ചടങ്ങ് നടക്കും. രാവിലെ ഒമ്പതിന് യൂത്ത് മാർച്ച് പര്യടനം തുടങ്ങും.
ഒരു ദിവസം ശരാശരി 20 കിലോമീറ്റർ ദൂരമാണ് പര്യടനം നടത്തുക. വൈകീട്ട് ഏഴിന് മഹാസമ്മേളനത്തോടെയാണ് ഓരോ ദിവസത്തെയും പര്യടനം അവസാനിക്കുക. 20ന് പൊന്നാനിയിൽ സമാപന റാലിയോടനുബന്ധിച്ച് വൈറ്റ് ഗാർഡ് പരേഡും നടക്കും. വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ പി. അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ, വർക്കിങ് ചെയർമാൻ ശരീഫ് കുറ്റൂർ, ജനറൽ കൺവീനർ മുസ്തഫ അബ്ദുൽ ലത്തീഫ്, ജില്ല യൂത്ത് ലീഗ് ട്രഷറർ ബാവ വിസപ്പടി, സീനിയർ വൈസ് പ്രസിഡന്റ് ഗുലാം ഹസൻ ആലംഗീർ എന്നിവർ സംബന്ധിച്ചു.
പ്രവർത്തകരെ കരുതൽ തടങ്കലിലാക്കിയ നടപടി പ്രതിഷേധാർഹം -യൂത്ത് ലീഗ്
മലപ്പുറം: നിർബന്ധപൂർവവും പ്രലോഭിപ്പിച്ചുമാണ് ആളുകളെ നവകേരള സദസ്സിലേക്ക് കൊണ്ടുവരുന്നതെന്ന് യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് ഷെരീഫ് കുറ്റൂരും ജന. സെക്രട്ടറി മുസ്തഫ അബ്ദുൽ ലത്തീഫും പറഞ്ഞു. മലപ്പുറത്ത് വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. അത്ര വലിയ പ്രതിഷേധങ്ങൾ ഇല്ലാഞ്ഞിട്ട് പോലും മലപ്പുറത്ത് നിരപരാധികളായ യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിലാക്കി വെച്ചിരിക്കുകയാണ്.
മുഖ്യമന്ത്രിക്ക് മലപ്പുറത്ത് സഞ്ചരിക്കാൻ യാതൊരുവിധ തടസ്സവുമില്ല. എന്നിട്ടും ഒരു പ്രകോപനവുമില്ലാതെ യൂത്ത് ലീഗിന്റെ ഉത്തരവാദപ്പെട്ട ഭാരവാഹികളെ കരുതൽ തടങ്കലിലാക്കിയത് പ്രതിഷേധാർഹമാണ്. അതിനെതിരെ തിരിച്ച് പ്രതികരിച്ചാൽ എന്താകും ഇവിടത്തെ സാമൂഹിക അന്തരീക്ഷമെന്ന് അവർ തിരിച്ചൊന്ന് ചിന്തിച്ചാൽ മതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.