തൃക്കൊടിത്താനത്ത് പകല്‍വീട് പ്രവര്‍ത്തനം ആരംഭിച്ചു
text_fieldsകോട്ടയം: തൃക്കൊടിത്താനം ഗ്രാമപഞ്ചായത്തില്‍ നാല്ക്കവലയിലെ ചക്രാത്തികുന്നില് നിർമിച്ച പകല്‍വീട് വയോജനങ്ങള്‍ക്ക് തുറന്നുനല്‍കി.
തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍. സുവര്‍ണകുമാരി ഉദ്ഘാടനം ചെയ്തു. 60ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് പകല്‍ ചെലവഴിക്കാൻ നിര്‍മിച്ച പകല്‍വീട്ടില്‍ ആദ്യദിനം 10 പേര് രജിസ്റ്റര്‍ ചെയ്തു.
രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് പ്രവര്‍ത്തനം. പത്രങ്ങള്‍, ടെലിവിഷന്‍, കാരംസ്, ചെസ് എന്നിവ പകല്‍വീട്ടില്‍ ഒരുക്കിയിട്ടുണ്ട്. ഇവിടെ എത്തുന്ന നിത്യസന്ദര്‍ശകര്‍ക്ക് ഉച്ചഭക്ഷണവും രാവിലെയും വൈകീട്ടും ലഘുഭക്ഷണവും നല്‍കുന്നതിനുള്ള ക്രമീകരണം ഒരുക്കും.
ഉച്ചഭക്ഷണം കുടുംബശ്രീ പ്രവര്‍ത്തകര്‍ നടത്തുന്ന ജനകീയ ഹോട്ടലില്‍നിന്ന് എത്തിച്ചു നല്‍കും. വയോജനങ്ങള്‍ക്കായി ഒരു ജീവനക്കാരിയുടെ സഹായവും ലഭ്യമാക്കും. ആവശ്യക്കാര്‍ക്ക് തൊഴില്‍-കലാപരിശീലനവും സംഘടിപ്പിക്കാന്‍ പദ്ധതിയുണ്ട്. പകല്‍വീടിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ചരലക്ഷം രൂപ ഗ്രാമപഞ്ചായത്ത് മാറ്റിവെച്ചിട്ടുണ്ട്.
ഹാളും വിശ്രമമുറികളും അടക്കമുള്ള സൗകര്യങ്ങളോടെ കെട്ടിടം 2020ല്‍ പണി പൂര്‍ത്തീകരിച്ച് ഉദ്ഘാടനം നടത്തിയിരുന്നെങ്കിലും കോവിഡ് പ്രതിസന്ധി മൂലം പ്രവര്‍ത്തനം ആരംഭിച്ചിരുന്നില്ല. 22 ലക്ഷം രൂപ ചെലവിലാണ് കെട്ടിടംപണി പൂര്‍ത്തീകരിച്ചത്.
ജില്ല പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ മഞ്ജു സുജിത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. രാജു, ബ്ലോക്ക് വൈസ് പ്രസിഡന്റ് സുനിത സുരേഷ്, ബ്ലോക്ക് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ടി. രഞ്ജിത്ത്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് ജോസഫ്, സ്ഥിരം സമിതി അധ്യക്ഷരായ മേഴ്സി റോയി, അനിത ഓമനക്കുട്ടന്, ജാന്‍സി മാര്ട്ടിന്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, സാമൂഹിക രാഷ്ട്രീയ സാംസ്കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.