Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2022 12:01 AM GMT Updated On
date_range 9 Jun 2022 12:01 AM GMTപാലക്കാട് - തിരുച്ചെന്തൂർ പാസഞ്ചർ മേട്ടുപ്പാളയത്തേക്ക് മാറ്റാൻ തമിഴ്നാട്ടിൽ സമ്മർദം
text_fieldsbookmark_border
കൊല്ലങ്കോട്: പാലക്കാട് - തിരിച്ചെന്തൂർ പാസഞ്ചർ മേട്ടുപ്പാളയത്തുനിന്നും ആരംഭിക്കണമെന്ന് കേന്ദ്ര സർക്കാറിൽ സമ്മർദവുമായി തമിഴ്നാട് എം.പിമാർ. ഷൺമുഖസുന്ദരം, വേലുസ്വാമി, രാജ, ജ്ഞാനദ്രവ്യം, വെങ്കടേശൻ, മാണിക്കം എന്നീ ആറ് എം.പിമാരാണ് മേട്ടുപാളയത്തുനിന്നും തിരുച്ചെന്തൂരിലേക്ക് സർവിസ് മാറ്റണമെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രിയെ സന്ദർശിക്കുകയും റെയിൽവേ ബോർഡ് ഉൾപ്പെടെ കേന്ദ്രങ്ങളിൽ നിവേദനം നൽകുകയും ചെയ്തത്. പാലക്കാട് ജില്ലയിലെ എം.പിമാർ ഈ വിഷയത്തിൽ ജാഗ്രത പാലിക്കാത്തത് യാത്രക്കാരെ ആശങ്കയിലാക്കുന്നു. നിലവിൽ പാലക്കാട് - പൊള്ളാച്ചി റൂട്ടിൽ ഓടുന്ന ഏക പാസഞ്ചർ ട്രെയിനാണിത്. പാലക്കാട്ടുനിന്നും വിവിധ സംഘടനകളുടെയും ജനപ്രതിനിധികളുടെയും നിരന്തര സമ്മർദത്തിന് ശേഷമാണ് തിരിച്ചെന്തൂർ പാസഞ്ചർ പുനരാരംഭിച്ചത്. എന്നാൽ, സർവിസ് പാലക്കാടിന് നഷ്ടമാകുന്ന അവസ്ഥയാണുള്ളതെന്ന് യാത്രക്കാർ പറയുന്നു. ജില്ലയിലെ മൂന്ന് എം.പിമാർ സംയുക്തമായി തിരിച്ചെന്തൂർ പാസഞ്ചർ നിലനിർത്താൻ കേന്ദ്രത്തിൽ ഇടപെടൽ നടത്തണമെന്ന് പാലക്കാട് - പൊള്ളാച്ചി റെയിൽ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് മുരുകൻ ഏറാട്ടിൽ ആവശ്യപ്പെട്ടു. പാലക്കാട് - പൊള്ളാച്ചി ലൈനിൽ ചരക്ക് ഗതാഗതം മാത്രം പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് റെയിൽവേയുടേത്. പാലക്കാട് ഡിവിഷൻ മീറ്റർ ഗേജിലായിരുന്ന സമയത്ത് സർവിസ് നടത്തിയിരുന്ന ഒരു പാസഞ്ചർ ട്രെയിൻ പോലും പുനരാരംഭിച്ചിട്ടില്ല. റെയിൽവേ നീക്കത്തിനെതിരെ വരുംദിവസങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങുകയാണ് വിവിധ സംഘടനകൾ. നാല് പാസഞ്ചർ ഉൾപ്പെടെ സർവിസ് നടത്തിയിരുന്ന പാലക്കാട് - പൊള്ളാച്ചി റൂട്ടിൽ നിലവിൽ തിരുച്ചെന്തൂർ പാസഞ്ചറും അമൃത എക്സ്പ്രസും പാലക്കാട് - പൊള്ളാച്ചി സ്റ്റേഷനുകൾക്കിടയിൽ എവിടെയും സ്റ്റോപ്പില്ലാത്ത ചെന്നൈ എക്സ്പ്രസും മാത്രമാണുള്ളത്. പാലക്കാട് - പൊള്ളാച്ചി - കോയമ്പത്തൂർ മെമു സർവിസ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ റെയിൽവേ അധികൃതർക്കും മന്ത്രിക്കും കത്ത് അയച്ചെങ്കിലും നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ പറയുന്നു. ജനപ്രതിനിധിയുടെ ഭാഗത്തുനിന്നും കാര്യമായ സമ്മർദങ്ങൾ ഇല്ലാത്തതിനാൽ പാലക്കാട് ഡിവിഷനിലെ ഉദ്യോഗസ്ഥരും ലൈനിനെ അവഗണിക്കുന്നു. പഴനി, ഏർവാടി, വേളാങ്കണ്ണി, തിരിച്ചെന്തൂർ, മധുര, രാമേശ്വരം തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന റൂട്ടായ പാലക്കാട് - പൊള്ളാച്ചി ലൈനിൽ ഗുരുവായൂർ - മധുര, പാലക്കാട് - പഴനി, പാലക്കാട് - രാമേശ്വരം തുടങ്ങിയ റൂട്ടുകളിൽ ഫാസ്റ്റ് പാസഞ്ചർ സർവിസ് ആരംഭിക്കണമെന്നാണ് പൊതുആവശ്യം. Pew - Klgd കൊല്ലങ്കോട് റെയിൽവേ സ്റ്റേഷൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story