അതിർത്തികളിലെ പരിശോധന പ്രഹസനം; അതിർത്തി ഗ്രാമങ്ങളിൽ കോവിഡ് പിടിമുറുക്കുന്നു
text_fieldsചിറ്റൂർ: പൊലീസിെൻറ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ റോഡിൽ മാത്രം. പരിശോധനകളോ നിയന്ത്രണങ്ങളോ ഇല്ലാതെ അതിർത്തി കടന്നെത്തുന്നത് നിരവധി പേർ. കോവിഡ് രോഗവ്യാപനത്തോത് ഉയർന്നതോടെ അതിർത്തിയിലെ പഞ്ചായത്തുകൾ പൂർണ്ണമായും അടച്ചിട്ടിട്ടും അന്യസംസ്ഥാനത്തു നിന്നെത്തുന്നവരെ പരിശോധിക്കാനോ വേണ്ട നിർദേശങ്ങൾ നൽകാനോ വിരലിലെണ്ണാവുന്ന ആരോഗ്യ പ്രവർത്തകരും പോലീസും മാത്രമാണ് അതിർത്തികൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നത്.
പൊലീസിെൻറയും ആരോഗ്യ വകുപ്പിെൻറയും പരിശോധനകൾ നടക്കുന്നത് പകൽ മാത്രമാണെന്നും ആക്ഷേപമുണ്ട്. രാത്രി 8 മണി കഴിഞ്ഞാൽ രാവിലെ 8 മണി വരെ അതിർത്തികളിൽ യാതൊരു വിധ പരിശോധനയുമില്ല. ഇതറിയാവുന്ന പ്രദേശവാസികളുൾപ്പെടെ തമിഴ്നാട്ടിലേയ്ക്ക് ജോലി സംബന്ധിച്ച കാര്യങ്ങൾക്കുൾപ്പെടെ വന്നു പോവുന്നുണ്ട്.
അതിർത്തികളിൽ പരിശോധന നടത്താതെ ടൗൺ കേന്ദ്രീകരിച്ച് മാത്രമാണ് കാര്യമായ പരിശോധനകൾ നടക്കുന്നത്. അവശ്യസാധനങ്ങൾ വാങ്ങുന്നതിന് പുറത്തിറങ്ങുന്നവരെ നിയന്ത്രിക്കുകയും ലോക്ക് ഡൗൺ ലംഘനങ്ങളുടെ പേരിൽ കേസെടുക്കുകയുമാണ് പൊലീസ് ചെയ്യുന്നത്. അതിർത്തികളിലെ ഊടുവഴികളിലൂടെയും മറ്റും നിരവധി പേർ തമിഴ്നാട്ടിൽ നിന്നും ദിനംപ്രതി വന്നു പോവുമ്പോഴും കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ.
ചിറ്റൂർ നിയോജക മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളും കണ്ടൈൻമെൻറ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. ദിനം പ്രതി നിരവധി കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും അതിർത്തികൾ കേന്ദ്രീകരിച്ചുള്ള കർശന പരിശോധനകൾ നടത്താത്തത് വ്യാപനതോത് വർധിപ്പിക്കുന്നുണ്ട്.
ദിവസങ്ങൾക്കു മുൻപ് തന്നെ വടകരപ്പതി എരുത്തേമ്പതി പഞ്ചായത്തുകളിൽ രോഗ വ്യാപനം രൂക്ഷമായതിനെത്തുടർന്ന് പൂർണ്ണമായും അടച്ചിട്ടിരുന്നു. കഴിഞ്ഞ ദിവസം മുതൽ നല്ലേപ്പിള്ളി, കൊഴിഞ്ഞാമ്പാറ, പെരുമാട്ടി പഞ്ചായത്തുകളും ചിറ്റൂർ തത്തമംഗലം നഗരസഭയും പൂർണ്ണമായും അടച്ചിടുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.