11 കെ.വി വൈദ്യുതി തൂൺ കടക്കുള്ളിൽ; നടപടിയെടുക്കാതെ കെ.എസ്.ഇ.ബി
text_fieldsകൊടുവായൂർ: ടൗണിൽ 11 കെ.വി. വൈദ്യുതി തൂൺ വ്യാപാര കേന്ദ്രത്തിനകത്ത്. പഞ്ചായത്ത് കത്ത് നൽകിയും നടപടിയെടുക്കാതെ കെ.എസ്.ഇ.ബി. ബസ് സ്റ്റാൻഡിന് സമീപത്തെ സ്വകാര്യ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഫാൻസി ഷോപ്പിനകത്താണ് നിലവിൽ 11 കെ.വി. വൈദ്യുത ലൈനിന്റെ ഇരുമ്പ് നിൽക്കുന്നത്. ഷോപ്പിന്റെ നവീകരണം നടത്തുന്ന സമയത്ത് തൂൺ ഷോപ്പിനകത്ത് ആക്കി റീ വർക്ക് ചെയ്യുകയാണുണ്ടായത്. ഒരു വർഷത്തിലധികമായി ഇതേ സ്ഥിതി തുടരുന്നതായി നാട്ടുകാർ പറഞ്ഞു.
പിടുപീടിക സബ്സ്റ്റേഷനിൽനിന്ന് നവക്കോട്, ആനപ്പുറം, കൊടുവായൂർ ടൗണിലെ ഒരുഭാഗം തുടങ്ങിയ പ്രദേശങ്ങളിലേക്ക് വൈദ്യുതിയെത്തിക്കുന്ന 11 കെ.വി. ഇരുമ്പ് വൈദ്യുത തൂണാണ് അപകടകരമായ നിലയിലുള്ളത്.
മഴപെയ്യുമ്പോൾ ഇരുമ്പ് തൂണിലൂടെ ഇറങ്ങുന്ന വെള്ളത്തിലൂടെ വൈദ്യുതി പ്രസരണത്തിനുള്ള സാധ്യതയുമുണ്ട്.
കൊടുവായൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് പരിസരത്തുനിന്ന് റോഡ് മുറിച്ച് ബസ് സ്റ്റാഡിനടുത്ത് കടക്കുന്ന വൈദ്യുതി ലൈനിന്റെ ആദ്യത്തെ വൈദ്യുത തൂണാണ് ഫാൻസി കടയുടെ അകത്തുള്ളത്. ഇതിന് ചുറ്റും പ്ലൈവുഡ് കൊണ്ട് പൊതിഞ്ഞ് അതിൽ അലങ്കാര സാധനങ്ങൾ തൂക്കി ഇട്ട അവസ്ഥയിലാണ്.
വിഷയത്തിൽ വൈദ്യുതി വകുപ്പ് നടപടി എടുക്കാത്തത് അധികൃതരുടെ കടുത്ത അനാസ്ഥയാണ് നാട്ടുകാർ ആരോപിച്ചു.
കഴിഞ്ഞ ദിവസം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി നിയമം മറികടന്ന് നിർമിച്ച കെട്ടിടത്തിന്റെ മുൻഭാഗങ്ങൾ പൊളിച്ചു മാറ്റണമെന്ന് നിർദ്ദേശിച്ച കെട്ടിടത്തിലെ തൊട്ടടുത്താണ് കട സ്ഥിതി ചെയ്യുന്നത്.
കടക്കെതിരെ പഞ്ചായത്ത് നോട്ടീസ് നൽകിയതായും ഇതുമായി ബന്ധപ്പെട്ട് കൊടുവായൂർ കെ.എസ്.ഇ.ബിക്ക് കത്ത് നൽകിയതായും കൊടുവായൂർ പഞ്ചായത്ത് ഉദ്യോഗസ്ഥർ പറഞ്ഞു.
എന്നാൽ സ്ഥലം പരിശോധിച്ച് കടയുടമക്ക് ഉടൻ നോട്ടീസ് നൽകുമെന്നും കൊടുവായൂർ അസി. എക്സിക്യൂട്ടീവ് എൻജിനീയർ വി. പ്രവീൺകുമാർ പറഞ്ഞു. വ്യാപാര സ്ഥാപനങ്ങൾ നവീകരിക്കുമ്പോൾ വൈദ്യുത തൂൺ കടക്കകത്ത് ഉൾപ്പെടുന്നത് നിയമലംഘനമാണെന്നും നടപടികൾ ഉണ്ടാകുമെന്നും കൊടുവായൂർ കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.