ഇവരെയും കേൾക്കണം, ജീവിതങ്ങളാണ് സാർ
text_fieldsവീട് തകർന്നു, കുറുമ്പയും കുടുംബവും പെരുവഴിയിൽ
പറളി: സ്വന്തമായി ഉണ്ടായിരുന്ന ഒരു സെൻറ് സ്ഥലത്തുള്ള പഴക്കമുള്ള ഓടിട്ട കൊച്ചുവീട് കനത്ത മഴയിൽ നിലംപൊത്തിയതോടെ കുറുമ്പയുടെയും കുടുംബവും പെരുവഴിയിലായി. പറളി പഞ്ചായത്തിലെ 12ാം വാർഡിൽ എടത്തറ പൂളക്കൽ പറമ്പ് കോളനിയിലെ 90കാരിയായ കുറുമ്പയും മകൾ ശാന്തയും ശാന്തയുടെ മകൻ ഹനീഷ്, ഹനീഷിെൻറ ഭാര്യ മഞ്ജു, ഇവരുടെ മകൻ അഭിജിത് എന്നിവർ താമസിക്കുന്ന വീടാണ് മഴയിൽ തകർന്നു വീണത്.
മൺ തറയിലും മൺചുമരിലും നിർമിച്ച വീട് അടിഭാഗം നനഞ്ഞ് കുതിർന്നാണ് തകർന്നു വീണത്. ഒരു ഭാഗമാണ് വീണതെങ്കിലും മറ്റു ഭാഗങ്ങളും വിണ്ടുകീറി ഏതു സമയത്തും തകർന്നു വീഴാവുന്ന നിലയിലാണ്. വീട് തകർന്നതോടെ ഈ കുടുംബം അക്ഷരാർഥത്തിൽ പ്രതിസന്ധിയിലായി.
നിരവധി തവണ വീടിനായി പഞ്ചായത്തിൽ അപേക്ഷിച്ചെങ്കിലും ഒന്നും ലഭിച്ചില്ലെന്നും കൊല്ല സമുദായക്കാരായതിനാൽ ഒ.ഇ.സി വിഭാഗത്തിലാണ് ഉൾപ്പെടുത്തിയതെന്നും പുതിയ വീട് നിർമിക്കുകയല്ലാതെ നിർവാഹമില്ലെന്നും കുടുംബം പറയുന്നു.
13 വർഷം, വീട് പൂർത്തീകരിക്കാനാവാതെ കല്യാണി
മുതലമട: ഭവന പദ്ധതിയിൽ വീട് അനുവദിച്ചിട്ടും പൂർത്തീകരിക്കാനാവാതെ വിധവയായ സ്ത്രീ ദുരിതത്തിൽ. പള്ളം, നാഗർപാടം നാല് സെൻറ് കോളനിയിലെ കല്യാണിക്കാണ് 2008ൽ കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിൽനിന്ന് സൗജന്യ ഭൂമിക്കും ഭവന നിർമാണത്തിനുമായുള്ള പദ്ധതിൽ വീട് അനുവദിച്ചത്.
മൂന്നു സെൻറ് ഭൂമി വാങ്ങിയ കല്യാണി വീട് നിർമിക്കാൻ ലഭിച്ച 75,000 രൂപ ഉപയോഗിച്ച് വീടിെൻറ തറയും ഭിത്തിയും നിർമിച്ചതോടെ തുക കഴിയുകയായിരുന്നു. മേൽക്കൂരയുടെ പ്രധാന കോൺക്രീറ്റിന് തുകയില്ലാതായതോടെ നിർമാണം നിലച്ചു. പണി പൂർത്തീകരിക്കാൻ സാധിക്കാത്തതിനാൽ പഴയ ഓലക്കുടിലിലാണ് കല്യാണിയും കുടുംബവും ഇപ്പോഴും വസിക്കുന്നത്.
കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിലെ പട്ടികജാതി വികസന ഓഫിസർക്ക് കഴിഞ്ഞ 12 വർഷമായി വീട് നിർമാണം പൂർത്തീകരിക്കാൻ അപേക്ഷ നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് കല്യാണി പറയുന്നു. ജില്ല കലക്ടർക്കും മുഖ്യമന്ത്രിക്കും പരാതി നൽകാനുള്ള തയാറെടുപ്പിലാണ് കല്യാണി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.