ഗ്രീൻഫീൽഡ് ഹൈവേ സ്ഥലമെടുപ്പിന് ജില്ല ഭരണകൂടം ചെലവിട്ടത് 1677.85 കോടി
text_fieldsപാലക്കാട്: പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേ സ്ഥലമെടുപ്പിനായി ജില്ല ഭരണകൂടം ചെലവിട്ടത് 1677.85 കോടി രൂപ. നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ആദ്യ ഘട്ട വിജ്ഞാപന പ്രകാരം ഭൂമി ഏറ്റെടുപ്പിന് അനുവദിച്ചത് 1743.7 കോടി രൂപയാണ്. അനുവദിച്ചതിന്റെ 96 ശതമാനം തുകയും വിതരണം ചെയ്തതായി കലക്ടർ അറിയിച്ചു. ഭൂമി സംബന്ധമായ വിവിധ രേഖകൾ ഇനിയും ഹാജരാക്കാനുള്ളവരുടെയും യാതൊരു വിധ ക്ലെയിമും ലഭിക്കാത്തതുമായ ഭൂമികളുടെയും തുകയാണ് ഇനി വിതരണം ചെയ്യുവാനുള്ളത്. ആദ്യ ഘട്ട വിജ്ഞാപനം പ്രകാരം തന്നെ ഈ പദ്ധതിക്ക് വേണ്ടുന്ന ആകെ ഭൂമിയേറ്റെടുക്കൽ പ്രക്രിയയുടെ 80 ശതമാനവും പൂർത്തിയാക്കുകയാണെന്ന് കലക്ടർ അറിയിച്ചു.
61.4 കി.മീ ദൂരത്തിലായി ആകെ 276 ഹെക്ടർ ഭൂമിയാണ് ഗ്രീൻ ഫീൽഡ് ഹൈവേക്കായി ജില്ലയിൽ ഏറ്റെടുക്കുന്നത്. ആയതിൽ ഏകദേശം 10 ഹെക്ടറോളം വനഭൂമിയും ഉൾപ്പെടുന്നു. ഏറ്റെടുക്കുന്ന സ്വകാര്യ ഭൂമിക്ക് മൂന്ന് ഘട്ടങ്ങളിലായി അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചു കഴിഞ്ഞു. ഹൈവേ കടന്നുപോകുന്ന ഭൂരിഭാഗം വില്ലേജുകളും റീ സർവേ പൂർത്തിയാകാത്തവയായതിനാലും ആദ്യ ഘട്ടത്തിൽ മുഴുവൻ സർവേ നമ്പറുകളും ഉൾപ്പെട്ട് വരാത്തതിനാലുമാണ് ഒന്നിലധികം വിജ്ഞാപനങ്ങൾ വേണ്ടി വന്നത്.
രണ്ടാം ഘട്ട വിജ്ഞാപന പ്രകാരം ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം നൽകാൻ വിലനിർണയ പത്രിക നാഷനൽ ഹൈവേ അതോറിറ്റിക്ക് സമർപ്പിച്ചിട്ടുണ്ട്. ആയതിൽ മണ്ണാർക്കാട് വില്ലേജിന്റെ നഷ്ടപരിഹാര വിതരണത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. ഈ വില്ലേജിൽ ഏറ്റെടുക്കലിന് മുന്നോടിയായ മൂന്ന് ഇ-നോട്ടീസ് വിതരണം ഈ ആഴ്ച തന്നെ പൂർത്തിയാക്കുകയും തുടർന്ന് ഫണ്ട് വിതരണം ആരംഭിക്കുകയും ചെയ്യും.
മറ്റ് വില്ലേജുകളുടെ രണ്ടാം ഘട്ട ഫണ്ട് വിതരണാനുമതി ഉടൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അറിയിച്ചു. മൂന്നാം ഘട്ട ഭൂമി ഏറ്റെടുക്കലിന് 2024 ആഗസ്റ്റ് 22ന് അന്തിമ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. ഇതനുസരിച്ച് വില നിർണയ പത്രിക തയാറാക്കി എത്രയും വേഗം നാഷനൽ ഹൈവേ അതോറിറ്റിക്ക് സമർപ്പിക്കും.
ഇതിന് പുറമെ, നിർദ്ദിഷ്ട ഗ്രീൻ ഫീൽഡ് ഹൈവേയിലേക്കുള്ള ആഗമന നിർഗമന പോയന്റുകളിൽ അധിക ഭൂമി ഏറ്റെടുക്കാൻ പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ഭാഗങ്ങളിൽ നാഷനൽ ഹൈവേ അതോറിറ്റി ഉടൻ കല്ലുകൾ സ്ഥാപിക്കുന്നതാണെന്നും കലക്ടർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.