പാലക്കാട് ജില്ലതല പട്ടയമേളയിൽ 17,845 പട്ടയങ്ങൾ വിതരണം ചെയ്തു
text_fieldsപാലക്കാട്: മുഴുവൻ ഭൂരഹിതര്‍ക്കും പട്ടയം ലഭ്യമാക്കി ഭൂരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യം കൈവരിക്കാന്‍ പ്രതിജ്ഞാബദ്ധമായ പ്രവര്‍ത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജില്ലതല പട്ടയമേളയുടെ ഉദ്ഘാടനം കോട്ടമൈതാനത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പട്ടയങ്ങള്‍ വിതരണം ചെയ്തത് പാലക്കാട്ടാണ്.
17,845 പട്ടയങ്ങളാണ് വിതരണം ചെയ്തത്. പട്ടയവിതരണം കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ പ്രത്യേക ഡാഷ്ബോര്‍ഡ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ ഓരോ പ്രദേശത്തെയും പ്രശ്നങ്ങള്‍ പ്രത്യേകം പരിശോധിച്ച് വെബ്പോര്‍ട്ടലില്‍ രേഖപ്പെടുത്തി പരിഹാരം കാണും. റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനര്‍നിർമിച്ച നൂറാം സ്മാര്‍ട്ട് വില്ലേജ് ഓഫിസായ പുതുശ്ശേരി ഈസ്റ്റ് വില്ലേജ് ഓഫിസ് പൂര്‍ത്തീകരണ പ്രഖ്യാപനവും ശിലാഫലകം അനാച്ഛാദനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.
അഗളി മേലേ ഊരിലെ നഞ്ചി മണിവേലന്, നഞ്ചി മണികണ്ഠന്, പുത്തൂരിലെ കക്കി പെരിയകാളി, തരൂര്‍-1 ലെ പഴനിമല എന്നിവര്‍ക്ക് വനാവകാശ രേഖയും മൂകയും ബധിരയുമായ പുതുശ്ശേരി എടപ്പറമ്പിലെ രതി, ഒഴലപതി വില്ലേജിലെ ട്രാൻസ്ജെന്‍ഡര്‍ ചെമ്പകം, സതീഷ് എന്നിവര്‍ക്ക് പട്ടയവും മുഖ്യമന്ത്രി കൈമാറി. റവന്യൂ മന്ത്രി കെ. രാജന് അധ്യക്ഷത വഹിച്ചു.
വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി, തദ്ദേശ മന്ത്രി എം.ബി. രാജേഷ്, എം.എല്‍.എമാരായ എ. പ്രഭാകരന്, അഡ്വ. കെ. ശാന്തകുമാരി, കെ. ബാബു, മുഹമ്മദ് മുഹ്സിന്, പി. മമ്മിക്കുട്ടി, അഡ്വ. കെ. പ്രേംകുമാര്‍, കെ.ഡി. പ്രസേനന്‍, പി.പി. സുമോദ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ലാന്‍ഡ് റവന്യൂ ജോയന്റ് കമീഷണര്‍ അര്ജുന് പാണ്ഡ്യന്, ജില്ല കലക്ടര്‍ ഡോ. എസ്. ചിത്ര, സബ് കലക്ടര്‍ ഡി. ധർമലശ്രീ, അസി. കലക്ടര്‍ ഡി. രഞ്ജിത്ത്, ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.